റോഡിലെ കുഴികള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ 'തീയേറ്റുറുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ…' എന്ന പരസ്യവാചകത്തെച്ചൊല്ലിയുള്ള സൈബര്‍ കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതൊരു പരസ്യവാചകം മാത്രമാണെന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം അല്ലെന്നും വിശദീകരണം നല്‍കാന്‍ ഈ സിനിമയില്‍ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ വരെ നിര്‍ബന്ധിതനായി എന്നറിയുമ്പോള്‍ ഈ വിവാദം സൃഷ്ടിച്ച പുകിലുകള്‍ എത്രമാത്രം വലുതാണെന്ന് വ്യക്തമാകും. സിനിമയിലെ പരസ്യവാചകത്തെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം. എന്നാല്‍ […]

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ 'തീയേറ്റുറുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ…' എന്ന പരസ്യവാചകത്തെച്ചൊല്ലിയുള്ള സൈബര്‍ കോലാഹലങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതൊരു പരസ്യവാചകം മാത്രമാണെന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം അല്ലെന്നും വിശദീകരണം നല്‍കാന്‍ ഈ സിനിമയില്‍ നായകനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ വരെ നിര്‍ബന്ധിതനായി എന്നറിയുമ്പോള്‍ ഈ വിവാദം സൃഷ്ടിച്ച പുകിലുകള്‍ എത്രമാത്രം വലുതാണെന്ന് വ്യക്തമാകും. സിനിമയിലെ പരസ്യവാചകത്തെ ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും വിവാദത്തിന്റെ ആവശ്യമില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം. എന്നാല്‍ സിനിമയിലെ പരസ്യവാചകം മാത്രമായി റോഡിലെ കുഴിയെ തള്ളിക്കളയാന്‍ സാധിക്കുമോയെന്ന ചോദ്യം പലകോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. അതിനപ്പുറം വളരെ ഗുരുതരമായ സാമൂഹ്യപ്രശ്‌നം തന്നെയാണ് റോഡിലെ കുഴി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും റോഡിലെ കുഴികള്‍ കാരണമുള്ള അപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ചുവരികയാണ്. കുഴികളില്‍ വീണ് നട്ടെല്ലൊടിഞ്ഞും ഗുരുതരമായ മറ്റ് ക്ഷതങ്ങള്‍ സംഭവിച്ചും ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും ഏറെയുണ്ട്. റോഡിലെ കുഴികള്‍ അടക്കാത്തതുമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മെച്ചപ്പെട്ട റോഡും സുരക്ഷിതമായ യാത്രയും പൗരാവകാശങ്ങളില്‍ ഉള്‍പ്പെട്ടതാണ്. അധികൃതരുടെ അനാസ്ഥ മൂലം കുഴികള്‍ പൗരന്റെ ജീവനെടുക്കാന്‍ കാരണമായാല്‍ സ്വാഭാവികമായും അധികാരികള്‍ തന്നെയായിരിക്കും പ്രതിക്കൂട്ടിലാവുക. കുഴികള്‍ നിറഞ്ഞ റോഡുകള്‍ അറ്റക്കുറ്റ പണി നടത്തി നന്നാക്കാത്തതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജി സ്വീകരിച്ച ഹൈക്കോടതി ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എത്രയും വേഗം റോഡുകളിലെ കുഴികള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്ന് കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും പലയിടങ്ങളിലും ഇത് പേരിന് മാത്രമാണ്. ഇനിയൊരു അപകടം സംഭവിക്കാത്ത തരത്തില്‍ ഫലപ്രദവും കാര്യക്ഷമവുമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പകരം ആരെയോ ബോധ്യപ്പെടുത്താനെന്ന വണ്ണം ചില കാട്ടിക്കൂട്ടലുകള്‍ മാത്രമാണ് ഉണ്ടാകുന്നത്. നികത്തിയ കുഴി ഒരു മഴ വന്നപ്പോള്‍ തന്നെ വീണ്ടും പഴയപടിയാകുന്നുവെന്ന പരാതിയും വ്യാപകമാണ്. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് കുഴികള്‍ കാരണമുള്ള അപകടങ്ങള്‍ക്ക് കൂടുതലും ഇരകളാക്കപ്പെടുന്നത്. വാഹനങ്ങള്‍ കുഴികളില്‍ പതിക്കുമ്പോള്‍ മാത്രമല്ല കുഴികള്‍ വെട്ടിക്കുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടും അപകടങ്ങളുണ്ടാകുന്നു. റോഡിലെ കുഴി പുതിയ പ്രതിഭാസമൊന്നുമല്ല. റോഡ് പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് അഴിമതിയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് കൈക്കലാക്കുന്നതെന്ന ആക്ഷേപം വ്യാപകമായുണ്ട്. പേരിന് മാത്രം റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നുവെന്നും ഇതിന് വേണ്ടിയുള്ള ഫണ്ടില്‍ കയ്യിട്ടുവാരി പോക്കറ്റ് വീര്‍പ്പിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ആത്മാര്‍ത്ഥതയും പലര്‍ക്കും ഉണ്ടാകുന്നില്ലെന്നും പരാതികള്‍ ഉണ്ട്. ഇതിന്റെയൊക്കെ ഫലമായി വാഹനയാത്രക്കാര്‍ക്ക് തങ്ങളുടെ ജീവന്‍ തന്നെ ബലിനല്‍കേണ്ടി വരുന്ന സ്ഥിതി തുടരുമ്പോഴും അധികാര കേന്ദ്രങ്ങള്‍ക്ക് യാതൊരു കുലുക്കവുമില്ല.
ഈ സ്ഥിതി ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടരുത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാര്‍ ആരായാലും അത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. കടുത്ത ശിക്ഷ നല്‍കുന്ന വിധത്തില്‍ നിയമം കര്‍ശനമാക്കണം.

Related Articles
Next Story
Share it