പ്ലാസ്റ്റിക് നിരോധനം; ഉത്തരവ് മാത്രം പോര, നടപ്പാക്കണം

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണിത്. ജനുവരി ഒന്ന്, ജുലായ് ഒന്ന് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നിരോധനം വരിക. 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ ഇക്കൊല്ലം സെപ്തംബര്‍ മുതല്‍ തന്നെ വിലക്കാനാണ് ആലോചിക്കുന്നത്. പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇല്ലാത്തതുകൊണ്ടല്ല, അവ നടപ്പിലാക്കാന്‍ പറ്റാത്തതാണ് കാതലായ പ്രശ്‌നം. ഒറ്റത്തവണ മാത്രമുപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാന്‍ 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരോധനം വെറും […]

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് രണ്ട് ഘട്ടങ്ങളിലായി നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വാഗതാര്‍ഹമായ ഒരു തീരുമാനമാണിത്. ജനുവരി ഒന്ന്, ജുലായ് ഒന്ന് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നിരോധനം വരിക. 120 മൈക്രോണില്‍ കുറഞ്ഞ കനമുള്ള പോളിത്തീന്‍ ബാഗുകള്‍ ഇക്കൊല്ലം സെപ്തംബര്‍ മുതല്‍ തന്നെ വിലക്കാനാണ് ആലോചിക്കുന്നത്. പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇല്ലാത്തതുകൊണ്ടല്ല, അവ നടപ്പിലാക്കാന്‍ പറ്റാത്തതാണ് കാതലായ പ്രശ്‌നം. ഒറ്റത്തവണ മാത്രമുപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാന്‍ 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിരോധനം വെറും ഉത്തരവ് മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു. കൊറോണ പടര്‍ന്നു പിടിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ കുറേ ഭാഗങ്ങളില്‍ രംഗത്തിറങ്ങുകയും വിതരണക്കാരെയും വ്യാപാര സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണയുടെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞതോടെ പ്ലാസ്റ്റിക്ക് വീണ്ടും പഴയപോലെത്തന്നെ തിരിച്ചെത്തുകയായിരുന്നു. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 79 ശതമാനവും മാലിന്യമായി ഭൂമിയിലേക്ക് തന്നെ തിരികെ എത്തുന്നുവെന്നാണ് കണക്ക്. പുനരുപയോഗിക്കപ്പെടുന്നത് വെറും ഒമ്പത് ശതമാനം മാത്രം. ഇന്ത്യയില്‍ ഓരോ വര്‍ഷവും 33 ലക്ഷം മെട്രിക് ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറന്തളളപ്പെടുന്നുവെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഓരോരുത്തര്‍ക്കും പ്രതിദിനംഎട്ട് ഗ്രാമെന്ന നിരക്കില്‍ പ്ലാസ്റ്റിക് മാലിന്യം പുറംതള്ളുന്നു. ഭൂമിയില്‍ ഉപേക്ഷിച്ചാലും കത്തിച്ചുകളഞ്ഞാലും ഒരു പോലെ ദോഷം ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും മണ്ണോട് ചേരാന്‍ അഞ്ഞൂറ് മുതല്‍ 1000 വര്‍ഷം വരെ എടുക്കുമത്രെ. കടലിലേതാണെങ്കില്‍ അതിലുമേറെ സമയമെടുക്കും. ലോകത്ത് ഓരോ വര്‍ഷവും 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് കടലിലെത്തുന്നുവത്രെ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ 2030 ഓടെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല രാജ്യങ്ങളും ഇത് നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ആ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ നടപടികള്‍ ഇപ്പഴേ തുടങ്ങിയേ മതിയാവൂ. 2022 മുതല്‍ പ്ലാസ്റ്റിക്കുകള്‍ കര്‍ശനമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടും. വീടുകളില്‍ നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക്കുകള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് പുനരുല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവ വീടുകളിലെത്തി ശേഖരിച്ച് കൊണ്ടുപോവുകയാണ്. അവര്‍ക്ക് പ്രതിമാസം ചെറിയൊരു തുക വീട്ടുടമകള്‍ നല്‍കണം. ഇത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കൃത്യമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ഒരു പരിധിവരെ ഒഴിവാക്കാനാവും. ഫ്രാന്‍സ്, സ്വീഡന്‍, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി വിജയിച്ചവയാണ്. ഇവ വിതരണം ചെയ്യുന്നവരെയും ഉല്‍പ്പാദകരെയുമാണ് ആദ്യം ഇതിന്റെ ദോഷ വശങ്ങള്‍ പറഞ്ഞുമനസിലാക്കി പിന്തിരിപ്പിക്കേണ്ടത്. മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പൂര്‍ണ്ണ നിരോധനം കൊണ്ടുവരാനാവണം.

Related Articles
Next Story
Share it