സ്ഥാനാര്‍ത്ഥികളായി; ഇനി നേരിട്ടുള്ള പോരാട്ടം

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള അനിശ്ചിതത്വം നീങ്ങി ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇനി നേരിട്ടുള്ള പോരോട്ടമാണ്. നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനും നിലവിലുള്ളവ നിലനിര്‍ത്താനുമുള്ള ഓട്ടം തുടരുകയാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞ ദിവസം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വടംവലിയുമൊക്കെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കെട്ടടങ്ങിയിരിക്കുകയാണ്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ നിന്ന് മാത്രം നേരിയ അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി പ്രചരണം തുടങ്ങുന്നതോടെ അതും അവസാനിക്കും. അതിലും നില്‍ക്കുന്നില്ലെങ്കിലാണ് സ്വതന്ത്രരുടെ വേഷത്തില്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങുന്നത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ […]

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള അനിശ്ചിതത്വം നീങ്ങി ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇനി നേരിട്ടുള്ള പോരോട്ടമാണ്. നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കാനും നിലവിലുള്ളവ നിലനിര്‍ത്താനുമുള്ള ഓട്ടം തുടരുകയാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞ ദിവസം തുടങ്ങിക്കഴിഞ്ഞു.
സ്ഥാനാര്‍ത്ഥികളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വടംവലിയുമൊക്കെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കെട്ടടങ്ങിയിരിക്കുകയാണ്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ നിന്ന് മാത്രം നേരിയ അസ്വാരസ്യങ്ങള്‍ ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി പ്രചരണം തുടങ്ങുന്നതോടെ അതും അവസാനിക്കും. അതിലും നില്‍ക്കുന്നില്ലെങ്കിലാണ് സ്വതന്ത്രരുടെ വേഷത്തില്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങുന്നത്. അത്തരക്കാരെ പിന്തിരിപ്പിക്കാന്‍ നേതൃത്വത്തിന് കഴിയണം. അവരെ ഒരേ മേശയ്ക്ക് ചുറ്റും വിളിച്ചിരുത്തി രമ്യമായ പരിഹാരം ഉണ്ടാക്കാനാവണം. എല്ലാ മുന്നണികളിലും സ്ഥാനാര്‍ത്ഥികളെപ്പറ്റി അസ്വാരസ്യം ഉണ്ടായിരുന്നു. രണ്ടും മൂന്നും തവണ മത്സരരംഗത്തുള്ളവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന എല്ലാ പാര്‍ട്ടികളും മുമ്പോട്ട് വെച്ചിരുന്നു. എന്നാല്‍ ചിലരുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് ചിലര്‍ക്ക് അംഗീകാരം നല്‍കി. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലി അസ്വാരസ്യം ഉയരുന്നുണ്ട്. നേതൃത്വം ഇടപെട്ട് രമ്യമായി പരിഹരിക്കാനാവുന്നതേയുള്ളൂ ഇത്തരം പ്രശ്‌നങ്ങള്‍. നോമിനേഷന്‍ നല്‍കുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണ രംഗത്തേക്ക് ഇറങ്ങുകയാണ്.
കോവിഡിന് ഇതുവരെ ശമനമുണ്ടായിട്ടില്ല. ഓരോ ദിവസവും സംസ്ഥാനത്ത് അയ്യായിരത്തോളം രോഗികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍. വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ചുരുക്കം പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിലായാലും പൊതുയോഗത്തിന്റെ കാര്യത്തിലായാലും ഇതൊക്കെ പാലിക്കപ്പെടണം. പൊതു യോഗങ്ങളില്‍ ആയിരവും അതിലധികവും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നത് ഒരു തരത്തിലും അനുവദിക്കരുത്. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണ്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ തന്നെ തീരുമാനിച്ചു കഴിഞ്ഞിരിക്കും. പ്രചരണത്തിന്റെ കൊഴുപ്പോ പൊതുയോഗത്തിലെ ആള്‍ക്കൂട്ടമോ ഒന്നും കണക്കിലെടുത്തല്ല വോട്ട് ചെയ്യാന്‍ തീരുമാനിക്കുന്നത്. രാവിലെ 6മണിക്ക് തുടങ്ങുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ വൈകിട്ട് ആറ് മണിക്ക് തന്നെ അവസാനിപ്പിക്കണം. രാത്രി കാലത്തും മറ്റും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രചരണം അനുവദിക്കരുത്. പണക്കൊഴുപ്പാണ് മറ്റൊന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച തുകയില്‍ ഒതുങ്ങി നിന്ന് വേണം പണം ചെലവഴിക്കാന്‍.
ലക്ഷങ്ങള്‍ ചെലവിട്ട് ആഴ്ചകളോളം നീളുന്ന പ്രചരണം കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടഭ്യര്‍ത്ഥിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടിയിരിക്കുന്നത്. കൊറോണക്കാലത്ത്‌തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങളെ പിരിവിന്റെ കാര്യത്തിലും സമീപിക്കുന്നത് ഉചിതമല്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അധികമാരും ബുദ്ധിമുട്ടിച്ചിരുന്നില്ല. ഈ തിരഞ്ഞെടുപ്പിലും അതേ പാത പിന്തുടരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ഏതാനും സ്ഥാനാര്‍ത്ഥികള്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു. അവരോട് കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുമുണ്ട്. ഇത്തവണയും അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. വീറും വാശിയുമേറിയ പോരാട്ടമാണ് വേണ്ടത്. പണക്കൊഴുപ്പ് കൊണ്ടുള്ള കളിവേണ്ട.

Related Articles
Next Story
Share it