കര്‍ഷകരുടെ സഹായത്തിനെത്തണം

കടുത്ത വേനല്‍വന്നതോടെ പല സ്ഥലങ്ങളിലും വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. അടക്കക്കും തേങ്ങക്കുമൊക്കെ ഒരു വിധം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിള കുറഞ്ഞതിനാല്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അടക്കക്ക് കഴിഞ്ഞ ഏതാനും വര്‍ഷത്തെ വില വെച്ചുനോക്കുമ്പോള്‍ നല്ല വിലയാണ് ഇപ്പോഴുള്ളത്. ക്വിന്റലിന് 44,000 രൂപ വരെയുണ്ട്. എന്നാല്‍ കാലവര്‍ഷക്കാലത്ത് മഹാളി രോഗം വ്യാപകമായി ബാധിച്ചതിനെ തുടര്‍ന്ന് അടക്ക മുഴുവനും കൊഴിഞ്ഞുപോവുകയായിരുന്നു. നിര്‍ത്താതെ മഴ പെയ്തതിനാല്‍ മരുന്ന് തളിച്ചതും ഫലപ്രദമായിരുന്നില്ല. ഒരു കവുങ്ങിന്‍ തോട്ടത്തില്‍ ഈ […]

കടുത്ത വേനല്‍വന്നതോടെ പല സ്ഥലങ്ങളിലും വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. അടക്കക്കും തേങ്ങക്കുമൊക്കെ ഒരു വിധം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും വിള കുറഞ്ഞതിനാല്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അടക്കക്ക് കഴിഞ്ഞ ഏതാനും വര്‍ഷത്തെ വില വെച്ചുനോക്കുമ്പോള്‍ നല്ല വിലയാണ് ഇപ്പോഴുള്ളത്. ക്വിന്റലിന് 44,000 രൂപ വരെയുണ്ട്. എന്നാല്‍ കാലവര്‍ഷക്കാലത്ത് മഹാളി രോഗം വ്യാപകമായി ബാധിച്ചതിനെ തുടര്‍ന്ന് അടക്ക മുഴുവനും കൊഴിഞ്ഞുപോവുകയായിരുന്നു. നിര്‍ത്താതെ മഴ പെയ്തതിനാല്‍ മരുന്ന് തളിച്ചതും ഫലപ്രദമായിരുന്നില്ല. ഒരു കവുങ്ങിന്‍ തോട്ടത്തില്‍ ഈ കുമിള്‍ രോഗം ബാധിച്ചാല്‍ ആ തോട്ടത്തിലെ മുഴുവന്‍ കവുങ്ങുകളെയും ഇത് ബാധിക്കുകയും മുഴുവന്‍ കവുങ്ങുകളിലെയും അടക്ക പൊഴിഞ്ഞുപോവുകയും ചെയ്യും. വേനല്‍ചൂട് വര്‍ധിച്ചതോടെ കവുങ്ങിന് ഇപ്പോള്‍ മഞ്ഞളിപ്പ് രോഗമാണ് ബാധിച്ചിരിക്കുന്നത്. കവുങ്ങിന് മാത്രമല്ല തെങ്ങുകളിലേക്കും ഈ രോഗം പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. തൈത്തെങ്ങുകളിലടക്കം ഓല മഞ്ഞനിറത്തിലാവുന്നതാണ് അസുഖം. ചിലേടങ്ങളില്‍ തെങ്ങുകളില്‍ മഴക്കാലത്തും ഈ രോഗം കണ്ടിരുന്നു. ഇക്കുറി വേനല്‍ കഠിനമായപ്പോഴാണ് രോഗം കണ്ടുതുടങ്ങിയിരിക്കുന്നത്. കിലോയ്ക്ക് 400ന് മുകളില്‍ വില ലഭിക്കുമ്പോഴും കര്‍ഷകന് വില്‍ക്കാന്‍ അടക്കയില്ലാത്ത അവസ്ഥയാണ്. തേങ്ങയ്ക്ക് കിലോയ്ക്ക് 43 രൂപ വരെ വിലയുണ്ട്. പക്ഷെ തെങ്ങിലൊന്നും വേണ്ടത്ര തേങ്ങയില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് വിലവര്‍ധനയുടെ ഗുണം ലഭിക്കുന്നില്ല. കോവിഡ് പ്രതിസന്ധി പതുക്കെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് രോഗം ഇരുട്ടടിയാവുന്നത്. തെങ്ങുകളില്‍ പ്രാണി ശല്യം മൂലം ചില തോട്ടങ്ങളില്‍ 100 ഉം 200 ഉം തെങ്ങുകളാണ് നശിച്ചുപോകുന്നത്. ചില തെങ്ങുകളുടെയും കവുങ്ങുകളുടെയും തല ഉണങ്ങിപ്പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ കവുങ്ങുകള്‍ പൂര്‍ണ്ണമായും നശിച്ചുപോകും. ചൂട് കൂടുന്നതും വെള്ളം കെട്ടിക്കിടക്കുന്നതുമായ സമ്മിശ്രമായ സ്ഥിതിയാണ് മഞ്ഞളിപ്പ് രോഗം പടരാന്‍ കാരണമെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു. ശാസ്ത്രീയ രീതിയില്‍ വള പ്രയോഗം ഇല്ലാത്തതും മഗ്നീഷ്യം ആവശ്യത്തിന് കിട്ടാത്തതുമാണത്രെ മഞ്ഞളിപ്പ് വരാന്‍ കാരണം. കാര്‍ഷിക ഗവേഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രോഗത്തിനുള്ള കാരണം എന്തെന്ന് കൃത്യമായി കണ്ടെത്തി പ്രതിവിധി ഉണ്ടാക്കണം. മലയോര മേഖലയിലെ കര്‍ഷകര്‍ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്താണ് കൃഷിക്ക് വേണ്ട ചെലവ് കണ്ടെത്തുന്നത്. പതിനായിരങ്ങള്‍ വായ്പയെടുത്ത കര്‍ഷകര്‍ക്ക് വിള മോശമായതോടെ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കൊറോണമൂലം കിട്ടിയ ഉല്‍പ്പന്നങ്ങള്‍ തന്നെ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയും ഇതുവരെ ഉണ്ടായിരുന്നു. ഈയടുത്ത ആഴ്ചകളിലാണ് അത് പഴയതുപോലെയായത്. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ നഷ്ടം നികത്താനും നിരവധി പദ്ധതികളുണ്ട്. മഞ്ഞളിപ്പ് രോഗം മൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ കൃഷിവകുപ്പിന് നിര്‍ദ്ദേശം നല്‍കുകയും നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം.

Related Articles
Next Story
Share it