മെമു; പുനരാലോചന വേണം

ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ മെമുതീവണ്ടി ഓടിക്കാനുള്ള നടപടികളുമായി റെയില്‍വെ മുമ്പോട്ട് പോവുകയാണ്. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞു. മാര്‍ച്ച് 16 മുതല്‍ വണ്ടി ഓടിത്തുടങ്ങും. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണ് വണ്ടി. ഞായറാഴ്ച ഓടില്ല. വീതിയേറിയ വാതിലുകളുള്ള മെമുവില്‍ എളുപ്പത്തില്‍ കയറിയിറങ്ങാം. റിസര്‍വ്വേഷനുകളില്ല. ഏത് സ്റ്റേഷനില്‍ നിന്നും ടിക്കറ്റെടുക്കാം. 50 കിലോമീറ്റര്‍ വരെ 30 രൂപയാണ് നിരക്ക്. എക്‌സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂര്‍വരെ ഓടുന്ന മെമു കാസര്‍കോട് വരെയോ മംഗളൂരു വരെയോ നീട്ടണമെന്ന […]

ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ മെമുതീവണ്ടി ഓടിക്കാനുള്ള നടപടികളുമായി റെയില്‍വെ മുമ്പോട്ട് പോവുകയാണ്. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങളും പുറപ്പെടുവിച്ചു കഴിഞ്ഞു. മാര്‍ച്ച് 16 മുതല്‍ വണ്ടി ഓടിത്തുടങ്ങും. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിലാണ് വണ്ടി. ഞായറാഴ്ച ഓടില്ല. വീതിയേറിയ വാതിലുകളുള്ള മെമുവില്‍ എളുപ്പത്തില്‍ കയറിയിറങ്ങാം. റിസര്‍വ്വേഷനുകളില്ല. ഏത് സ്റ്റേഷനില്‍ നിന്നും ടിക്കറ്റെടുക്കാം. 50 കിലോമീറ്റര്‍ വരെ 30 രൂപയാണ് നിരക്ക്. എക്‌സ്പ്രസ് വണ്ടിയുടെ നിരക്കാണ് ഈടാക്കുന്നത്. കണ്ണൂര്‍വരെ ഓടുന്ന മെമു കാസര്‍കോട് വരെയോ മംഗളൂരു വരെയോ നീട്ടണമെന്ന ആവശ്യം റെയില്‍വെ അധികൃതര്‍ ചെവികൊണ്ട മട്ടില്ല. രാവിലെ 9.10ന് കണ്ണൂരില്‍ എത്തുന്ന മെമു അവിടെ 9 മണിക്കൂര്‍ വെയിലത്ത് നിര്‍ത്തിയിടുകയാണ്. വൈകിട്ട് 5.20 നാണ് ഷൊര്‍ണൂരിലേക്ക് തിരിക്കുന്നത്. ഇവിടെ വെറുതെയിടുന്ന വണ്ടി കാസര്‍കോട് വരെ നീട്ടുന്നതിന് ഒരു പ്രശ്‌നവും നിലവിലില്ല. ഇപ്പോഴത്തെ പ്ലാറ്റ്‌ഫോമില്‍ എവിടെയും മാറ്റം വരുത്തേണ്ട ഒരാവശ്യവും വരുന്നില്ല. മംഗളൂരുവരെ വൈദ്യുതീകരിച്ച പാതയും നിലവിലുണ്ട്. ഈ ഭാഗത്ത് നിലവിലുണ്ടായിരുന്ന പാസഞ്ചര്‍ വണ്ടികള്‍ പോലും പിന്‍വലിച്ച സാഹചര്യത്തില്‍ മെമു മംഗളൂരുവരെ നീട്ടേണ്ട കാര്യത്തില്‍ ആര്‍ക്കാണ് എതിരഭിപ്രായം. വര്‍ഷങ്ങളായി കണ്ണൂര്‍- മംഗളൂരു മേഖലയില്‍യാത്ര ചെയ്യുന്നവര്‍ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. കോവിഡ് വന്നതോടെ തീവണ്ടികളൊക്കെ ഓട്ടം നിര്‍ത്തിയപ്പോള്‍ പാസഞ്ചറുകളും ഓടാതായി. എന്നാല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ പുനരാരംഭിച്ചപ്പോള്‍ പാസഞ്ചറുകള്‍ക്ക് മാത്രം പച്ചക്കൊടികാട്ടിയില്ല. കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് 132 കിലോമീറ്റര്‍ ദൂരമുണ്ട്. ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടില്‍ 307 കിലോമീറ്ററും. ഈ പാത മുഴുവന്‍ വൈദ്യുതീകരിച്ചതായതിനാല്‍ വണ്ടി ഓടിക്കുന്നതിന് പ്രശ്‌നമില്ല. മെമു ഓടിച്ചാല്‍ ഹ്രസ്വദൂര യാത്രക്കാരെ റെയില്‍വെക്ക് തിരിച്ചുപിടിക്കാനാവുമെന്ന് റെയില്‍വെയുടെ കമേര്‍സ്യല്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോക്ക്ഡൗണിന് ശേഷം മലബാര്‍ എക്‌സ്പ്രസ്, മാവേലി തുടങ്ങിയ ഏതാനും എക്‌സ്പ്രസ് വണ്ടികള്‍ മാത്രമേ ഓടിത്തുടങ്ങിയിട്ടൂള്ളൂ. ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരുവരെയുള്ള പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും കണ്ണൂരിനിപ്പുറത്തേക്കുള്ള യാത്രക്കാരോടുള്ള അവഗണന അവസാനിപ്പിച്ചിട്ടില്ല. ഹ്രസ്വ ദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് മെമു വണ്ടികള്‍ ഓടിക്കുന്നത്. എറണാകുളം പോലുള്ള നഗരങ്ങളില്‍ മെട്രോ സര്‍വ്വീസ് ഉള്ളതിനാല്‍ മെമുവിന്റെ ആവശ്യമില്ല. എന്നാല്‍ ഇവിടെ മെട്രോ പോയിട്ട് പാസഞ്ചര്‍ സര്‍വ്വീസുകള്‍ പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ബസ് ചാര്‍ജ്ജ് കുത്തനെ കൂടിയതോടെ അധികം യാത്രക്കാരും തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. അത്തരം യാ്രക്കാര്‍ക്ക് മെമു വലിയ ഗുണം ചെയ്യും. കണ്ണൂരിലും കോഴിക്കോട്ടുമായി കുറേ വണ്ടികള്‍ പകല്‍ നേരത്ത് നിര്‍ത്തിയിടുന്നുണ്ട്. അതിലേക്ക് ഒരു തീവണ്ടി കൂടി എത്തുകയാണ്. മണിക്കൂറുകളോളം അവിടെ നിര്‍ത്തിയിടുന്ന തീവണ്ടി മംഗളൂരുവരെ നീട്ടുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമുണ്ടാവണം. എം.പിയും എം.എല്‍.എ.മാരുമാണ് ഇതിന് മുന്‍ കൈ എടുക്കേണ്ടത്.

Related Articles
Next Story
Share it