ദേശീയപാതാ വികസനം ഇഴഞ്ഞുതന്നെ

ദേശീയപാതാ വികസനം ഇഴഞ്ഞു നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റോഡിന്റെ നിര്‍മ്മാണ പുരോഗതി എങ്ങനെയായിരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. സ്ഥലമെടുപ്പ് ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും സ്ഥലമുടകള്‍ക്ക് നല്‍കാനുള്ള പണം ഇനിയും കൊടുത്തു തീര്‍ക്കേണ്ടതിനാല്‍ ആ രിതിയിലുള്ള തടസങ്ങളും അവശേഷിക്കുന്നുണ്ട്. എല്ലാവരുടെയും ശ്രദ്ധ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് മാറുമെന്നതിനാല്‍ ഏപ്രില്‍ കഴിഞ്ഞേ ഇനി നടപടികള്‍ ഉണ്ടാവൂ. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളില്‍ മുഴുകേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ് ഹൈവേയുടെ ജോലിയിലും വ്യാപൃതരാവുന്നവര്‍. തലപ്പാടി മുതല്‍ മുഴുപ്പിലങ്ങാട് വരെയുള്ള ദേശീയ […]

ദേശീയപാതാ വികസനം ഇഴഞ്ഞു നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റോഡിന്റെ നിര്‍മ്മാണ പുരോഗതി എങ്ങനെയായിരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. സ്ഥലമെടുപ്പ് ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും സ്ഥലമുടകള്‍ക്ക് നല്‍കാനുള്ള പണം ഇനിയും കൊടുത്തു തീര്‍ക്കേണ്ടതിനാല്‍ ആ രിതിയിലുള്ള തടസങ്ങളും അവശേഷിക്കുന്നുണ്ട്. എല്ലാവരുടെയും ശ്രദ്ധ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് മാറുമെന്നതിനാല്‍ ഏപ്രില്‍ കഴിഞ്ഞേ ഇനി നടപടികള്‍ ഉണ്ടാവൂ. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച ജോലികളില്‍ മുഴുകേണ്ടതുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയാണ് ഹൈവേയുടെ ജോലിയിലും വ്യാപൃതരാവുന്നവര്‍. തലപ്പാടി മുതല്‍ മുഴുപ്പിലങ്ങാട് വരെയുള്ള ദേശീയ പാതാവികസനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നാല് മാസം മുമ്പ് കഴിഞ്ഞിരുന്നു. പനവേലില്‍ നിന്നാരംഭിച്ച് മഹാരാഷ്ട്രയിലൂടെ 482 കിലോമീറ്ററും ഗോവയിലൂടെ 139 കിലോമീറ്ററും കര്‍ണാടകത്തിലൂടെ 280 കിലോമീറ്ററും പിന്നിട്ടാണ് ദേശീയ പാത കേരളത്തിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ ദൂരം പാത കടന്നുപോകുന്നത്. ആകെ 669 കിലോമീറ്റര്‍ കേരളത്തില്‍ നിന്ന് കടന്ന് തമിഴ്‌നാട്ടിലൂടെ 56 കിലോമീറ്റര്‍ താണ്ടി കന്യാകുമാരിയിലെത്തുന്നതാണ് ദൈര്‍ഘ്യമേറിയ ദേശീയപാത. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമൊക്കെ വികസനം പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിലേതാണ് ഇഴഞ്ഞുനീങ്ങുന്നത്. സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായി. എന്നിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഏറ്റെടുത്ത സ്ഥലത്തിന് തന്നെ നഷ്ട പരിഹാരത്തുക പൂര്‍ണമായും ഇതുവരെ നല്‍കാനുമായിട്ടില്ല. ഭൂമിയും കെട്ടിടങ്ങളും ദേശീയപാതാ അതോറിറ്റിക്ക് വിട്ടുനല്‍കിയിട്ട് വര്‍ഷം ഒന്നാവാറായിട്ടും സ്ഥലമുടമകള്‍ നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. കാസര്‍കോട്, കാഞ്ഞങ്ങാട്, അടുക്കത്ത്ബയല്‍ വില്ലേജുകളിലെ 69 ഓളം സ്ഥലമുടമകള്‍ക്കാണ് ദുരിതം പേറെണ്ടിവന്നിരിക്കുന്നത്. നഷ്ടപരിഹാരത്തുകസംബന്ധിച്ച് പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് ഭൂമി വിട്ടുനല്‍കിയിട്ടും ഇവര്‍ക്ക് തുക അനുവദിച്ചു കിട്ടാത്തത്. കോഴിക്കോട്ടെ നാഷണല്‍ ഹൈവെ അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ഓഫീസാണ് തുക സംബന്ധിച്ച് പരാതി ഉന്നയിച്ചത്. നഷ്ടപരിഹാരതുക സംബന്ധിച്ച് തര്‍ക്കമുയര്‍ന്നതോടെ വിഷയം ആര്‍ബിട്രേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് വിടുകയായിരുന്നു.
രണ്ട് ഹിയറിങ്ങുകള്‍ കഴിഞ്ഞിട്ടും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. പലരും തങ്ങളുടെ കെട്ടിടത്തിലെ വാടക വരുമാനത്തെ ആശ്രയിച്ച് കഴിയുന്നവരായിരുന്നു. വാടകക്കാരെ ഒഴിപ്പിച്ച് കെട്ടിടം അധികൃതര്‍ക്ക് കൈമാറിയപ്പോള്‍ അവരുടെ വരുമാനം നിലച്ചു. അതേസമയം നഷ്ടപരിഹാര തുക ലഭിച്ചതുമില്ല. പലേടത്തും സ്ഥലത്തിന് അര്‍ഹമായ വില ലഭിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. പഞ്ചായത്ത് റോഡുകള്‍ കടന്നു പോകുന്ന വഴിയില്‍ പോലും സെന്റിന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ളപ്പോള്‍ സര്‍ക്കാരിന്റെ സാന്ത്വന ഫണ്ട് ഉള്‍പ്പെടെ ഇത്രയും തുക ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി. ഇതു സംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് കൊടുത്ത പരാതികള്‍ക്ക് പോലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. ജില്ലയിലെ സ്ഥലം ഏറ്റെടുക്കുന്ന നടപടി പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയിരിക്കുന്നത്. ഹൊസബെട്ടു, കോയിപ്പാടി, പുത്തൂര്‍വില്ലേജുകളിലെ സ്ഥലം ഏറ്റെടുപ്പ് ഏതാണ്ട് മുഴുവനും പൂര്‍ത്തിയാവേണ്ടതുണ്ട്. മറ്റ് വില്ലേജുകളിലെ ഏതാണ്ട് 80 ശതമാനം സ്ഥലം ഏറ്റെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. എന്‍.എച്ച്.എല്‍.എ. വിഭാഗത്തിലെ പല ഉദ്യോഗസ്ഥരെയും ഇടക്കിടെ മാറ്റി നിയമിക്കുന്നത് കാല താമസത്തിന് ഇടവരുത്തുന്നുണ്ട്. എന്തായാലും ദേശീയ പാത ആറുവരിയാക്കുന്നതിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തിയ സാഹചര്യത്തില്‍ ഇനി മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നീക്കമാണ് അധികൃതരില്‍ നിന്നുണ്ടാവേണ്ടത്. ടെണ്ടര്‍ നടപടി പൂര്‍ത്തിയായിട്ട് രണ്ട് മാസം പിന്നിട്ടു കഴിഞ്ഞു. ബൈപാസുകള്‍, റെയില്‍വെ മേല്‍പ്പാലങ്ങള്‍ തുടങ്ങി ഒട്ടേറെ കടമ്പകള്‍ ഇനിയും താണ്ടേണ്ടതുണ്ട്. നല്ലൊരു ദേശീയ പാത ഇല്ലാത്ത സംസ്ഥാനം ഒരു പക്ഷെ കേരളം മാത്രമായിരിക്കും. കാലവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ ദേശീയ പാതയുടെ അവസ്ഥ പഞ്ചായത്തുറോഡുകളേക്കാള്‍ ശോചനീയമാണ്. ഇതിനൊരു മാറ്റം വേണം. ടോള്‍ നല്‍കിയാലും ജനങ്ങള്‍ക്ക് വേണ്ടത് നല്ല റോഡാണ്. അതിന് ഇനിയും കാലതാമസമുണ്ടാവരുത്.

Related Articles
Next Story
Share it