തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അത് പാലിക്കപ്പെടുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍11,000ത്തോളം വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 600ല്‍പ്പരം സീറ്റുകള്‍ ഭരണ സാരഥ്യത്തിലെത്തുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗം യുവജനങ്ങളാണ്. മറ്റേത് രാജ്യങ്ങള്‍ക്കാണ് ഈ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമാവുക? എന്നാല്‍ നിയസഭയിലേക്കും പാര്‍ലമെന്റിലേക്കും ഈ രീതിയില്‍ ചിന്തിക്കാന്‍ നമുക്കാവുന്നില്ല. ഇവിടെ കര്‍ശനമായ ഒരു നിയമവുമില്ലാത്തതുതന്നെ കാരണം. ഇവിടെ സീറ്റുകളുടെ പ്രാതിനിഥ്യം അഞ്ച് ശതമാനത്തിലും താഴെയാണ്. സാക്ഷരതയിലും സ്ത്രീസമത്വത്തിലുമൊക്കെ മുന്നിലെന്ന് പറയുന്ന കേരളത്തിലെ അവസ്ഥയാണിത്. കേരള നിയമസഭയില്‍ 140 അംഗങ്ങളാണ്. ജനസംഖ്യാ ആനുപാതികമായി നോക്കിയാല്‍ ഭൂരിപക്ഷം സ്ത്രീകളായിരിക്കണം. എന്നാല്‍ ഒരേയൊരു തവണ മാത്രമാണ് കേരള നിയമസഭയില്‍ സ്ത്രീകളുടെ എണ്ണം രണ്ടക്കമായത്. 1996ല്‍ 13 പേര്‍ ജയിച്ചുകയറി. 1967ല്‍ കെ.ആര്‍. ഗൗരിയമ്മ മാത്രം. ഇപ്പോഴത്തെ സഭയില്‍ ഒമ്പത് വനിതാ അംഗങ്ങളാണുള്ളത്. കേരള നിയമസഭയുടെ കഴിഞ്ഞ 14 തിരഞ്ഞെടുപ്പിലും വനിതകളുടെ അനുപാതം അഞ്ച് ശതമാനത്തില്‍ താഴെയാണ്. ഇടതുമുന്നണിയില്‍ നിന്നാണ് കൂടുതല്‍ വനിതകള്‍ ഇതുവരെ സഭയിലെത്തിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള വനിതാ പ്രാതിനിധ്യം കുറവാണ്. കേരള നിയമസഭയില്‍ 14ല്‍ 10 ലും അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മ. ഇതില്‍ അഞ്ചുതവണ മന്ത്രിയുമായി. നിയസഭയിലും മന്ത്രിസഭയിലും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തയ്യാറാവുന്നില്ല എന്നലാണ് യാഥാര്‍ത്ഥ്യം. നാലും അഞ്ചും തവണ മത്സരിക്കുന്നവര്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വഴിമാറിക്കൊടുക്കാതെ എല്ലാകാലത്തും അധികാരം വേണമെന്ന ചിന്താഗതികൊണ്ടാണ് ഇവര്‍ക്കൊക്കെ അവസരം നിഷേധിക്കപ്പെടുന്നത്. ഒരു പാര്‍ട്ടിയിലോ മുന്നണിയിലോ അല്ല എല്ലാ വിഭാഗത്തിലേയും സ്ഥിതി ഇതുതന്നെ. നിയമനിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണം വേണമെന്ന ആവശ്യം വളരെ മുമ്പേ ചര്‍ച്ച ചെയ്തുവരുന്നതാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ഇതു പാസാക്കിയെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളുടെ രീതിയില്‍ ഇത്തരമൊരു നിയമം ഉണ്ടായാലേ തുല്യനീതി ഉറപ്പാക്കാനാവൂ. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതകള്‍ മികച്ച ഭരണം കാഴ്ചവെക്കുന്ന എത്രയോ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പഞ്ചായത്തുകളുമുണ്ട്. അത്തരക്കാര്‍ നിയമസഭയിലും പാര്‍ലമെന്റിലുമെത്തിയാല്‍ ശോഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കുമുള്ള സീറ്റുകളില്‍ 33 ശതമാനം സംവരണം ചെയ്യുന്ന ബില്‍ വരുമ്പോള്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും സംവരണംവരും. 1974ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ മനസിലാക്കി പഠിക്കാന്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശമുള്ളത്. 1993ല്‍ ഭരണ ഘടനയുടെ 73, 74 വകുപ്പുകള്‍ ഭേദഗതി ചെയ്താണ് തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്തത്. എന്തായാലും ഇതേ രീതിയില്‍ നിയമസഭയിലും ലോക്‌സഭയിലും സംവരണം ഏര്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചാല്‍ മാത്രമേ സംവരണ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാവൂ.