മെമുവിന്റെ കാര്യത്തിലും ജില്ലയോട് ചിറ്റമ്മ നയം

മലബാര്‍ മേഖലയിലും മെമു എത്തിക്കഴിഞ്ഞു. പക്ഷേ കാസര്‍കോടിനോട് മറ്റെല്ലാ കാര്യത്തിലും കാണിക്കുന്നതുപോലുള്ള ചിറ്റമ്മ നയം തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ കണ്ണൂരിലേക്ക് മെമു എത്തുകയാണ്. ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ ഓടുമ്പോള്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയിലാണ് പാസഞ്ചര്‍ വണ്ടികളോ മെമുവോ ഓടാത്ത പ്രദേശമായി അവശേഷിക്കുന്നത്. കണ്ണൂര്‍ വരെ മെമു ഓടിക്കാന്‍ 13 റാക്കുകളും എത്തിച്ചു നല്‍കും. ദിവസേന രണ്ട് സര്‍വ്വീസാണ് ആദ്യം ഉണ്ടാവുക. കാസര്‍കോടിന് വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് ഇതെന്നും വേണ്ടെന്നാണോ? വര്‍ഷങ്ങളായി കണ്ണൂര്‍ മംഗളൂരു […]

മലബാര്‍ മേഖലയിലും മെമു എത്തിക്കഴിഞ്ഞു. പക്ഷേ കാസര്‍കോടിനോട് മറ്റെല്ലാ കാര്യത്തിലും കാണിക്കുന്നതുപോലുള്ള ചിറ്റമ്മ നയം തന്നെയാണ് ഇവിടെയും ആവര്‍ത്തിച്ചിരിക്കുന്നത്. മാര്‍ച്ച് 16 മുതല്‍ കണ്ണൂരിലേക്ക് മെമു എത്തുകയാണ്. ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍ വരെ ഓടുമ്പോള്‍ കണ്ണൂരിനും മംഗളൂരുവിനും ഇടയിലാണ് പാസഞ്ചര്‍ വണ്ടികളോ മെമുവോ ഓടാത്ത പ്രദേശമായി അവശേഷിക്കുന്നത്. കണ്ണൂര്‍ വരെ മെമു ഓടിക്കാന്‍ 13 റാക്കുകളും എത്തിച്ചു നല്‍കും. ദിവസേന രണ്ട് സര്‍വ്വീസാണ് ആദ്യം ഉണ്ടാവുക. കാസര്‍കോടിന് വടക്കോട്ടുള്ള യാത്രക്കാര്‍ക്ക് ഇതെന്നും വേണ്ടെന്നാണോ? വര്‍ഷങ്ങളായി കണ്ണൂര്‍ മംഗളൂരു മേഖലയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. കോവിഡ് വന്നതോടെ നിലവിലുണ്ടായിരുന്ന പാസഞ്ചറുകള്‍ കൂടി റദ്ദാക്കിയതോടെ ദുരിതം ഇരട്ടിച്ചു. ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് കണ്ണൂര്‍ വരെ സഞ്ചരിക്കുന്ന മെമു മംഗളൂരു വരെ നീട്ടുന്നതിന് എന്താണ് തടസമെന്നറിയില്ല.
കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് 132 കിലോ മീറ്ററാണുള്ളത്. ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടിലെ 307 കിലോ മീറ്ററില്‍ മെമു അനുവദിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. ഷൊര്‍ണൂര്‍ -മംഗളൂരു റൂട്ടില്‍ മെമു ഓടിച്ചാല്‍ റെയില്‍വെയ്ക്ക് നഷ്ടമായ ഹ്രസ്വ ദൂര യാത്രക്കാരെ തിരിച്ചുപിടിക്കാമെന്ന് കമേഴ്ഷ്യല്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് വടക്കുള്ള യാത്രക്കാരോട് റെയില്‍വെ അവഗണന കാണിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രണ്ട്‌സര്‍വ്വീസാണ് ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ നടത്തുന്നത്. ഷൊര്‍ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.30ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തുന്ന രീതിയിലാണ് സമയ ക്രമീകരണം. തിരിച്ച് വൈകിട്ട് 5.20 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.55 ന് ഷൊര്‍ണൂരിലെത്തും. രാവിലെ 9.10 ന് എത്തുന്ന വണ്ടി വൈകിട്ട് 5.20 വരെ ഏകദേശം എട്ട്മണിക്കൂറോളം വെറുതെ വെയില്‍ കൊള്ളുകയാണ്. മെമുവിനെ ഇവിടെ വെയിലത്തിടുന്നതിന് പകരം മംഗളൂരുവരെ ഓടിക്കുന്ന രീതിയില്‍ സമയ ക്രമീകരണം നടക്കുന്നതില്‍ ആര്‍ക്കാണ് എതിര്‍പ്പ്. ലോക്ഡൗണിന് ശേഷം മലബാര്‍ എക്‌സ്പ്രസ്, മാവേലി തുടങ്ങി ഏതാനും വണ്ടികള്‍ മാത്രമേ ഓടിത്തുടങ്ങിയിട്ടുള്ളൂ. പാസഞ്ചര്‍ വണ്ടികള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഷൊര്‍ണൂര്‍ മുതല്‍ മംഗളൂവരെയുള്ള പാതാ ഇരട്ടിപ്പിച്ചതിന് ശേഷം കൂടുതല്‍ വണ്ടികള്‍ അനുവദിക്കുമെന്നായിരുന്നു റെയില്‍വെയുടെ ഉറപ്പ്. പിന്നീടത് മാറ്റി വൈദ്യുതീകരണം പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ വണ്ടികള്‍ അനുവദിക്കാമെന്നായി. വൈദ്യുതീകരണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. എന്നിട്ടും വടക്കന്‍ കേരളത്തോട് റെയില്‍വെ മുഖം തിരിച്ചു നില്‍ക്കുകയാണ്. തീവണ്ടി യാത്രക്കാരുടെ സംഘടനകള്‍ റെയില്‍വെയില്‍ സമ്മര്‍ദ്ദം ചെലുത്തിവരുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അത് അവഗണിക്കുകയാണ്. എം.പി. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇതില്‍ സജീവമായി ഇടപെടുകയും റെയില്‍വെയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും വേണം. ഹ്രസ്വദൂര യാത്രക്കാരുടെ സൗകര്യാര്‍ത്ഥമാണ് മെമു വണ്ടികള്‍ ഓടിച്ചുതുടങ്ങിയത്. കൊച്ചി പോലുള്ള നഗരങ്ങളില്‍ മെട്രോ സര്‍വ്വീസ് നടത്തുന്നതിനാല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ഇത് ഉപകരിക്കുന്നുണ്ട്. മെട്രോ വരാത്ത പ്രദേശങ്ങളിലാണ് മെമുവിന് പ്രാധാന്യം നല്‍കേണ്ടത്. ബസ് ചാര്‍ജ് വര്‍ധിച്ചതോടെ കൂടുതല്‍ ആളുകള്‍ തീവണ്ടികളെയാണ് ആശ്രയിക്കുന്നത്. അവരെ കൂടി തിരിച്ചുപിടിക്കുന്ന രീതിയില്‍ സര്‍വ്വീസ് ക്രമീകരിച്ചാല്‍ റെയില്‍വെക്ക് നഷ്ടമുണ്ടാവാനിടയില്ല. എന്തായാലും വടക്കന്‍ കേരളത്തോടുള്ള ഈ അവഗണന പൊറുപ്പിക്കാനാവുന്നതല്ല. കണ്ണൂരില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നിര്‍ത്തിയിടുന്ന മെമു വണ്ടികള്‍ മംഗളൂരുവരെ നീട്ടാന്‍ അടിയന്തിര നടപടി ഉണ്ടാവണം.

Related Articles
Next Story
Share it