ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; കരുതല്‍ വേണം

നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് കളമൊരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 6ന് ഒരുഘട്ടമായും പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ബംഗാളിലെ എട്ട് ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാക്കിയശേഷം മെയ്‌രണ്ടിനാണ് ഫലപ്രഖ്യാപനം. മാതൃകാ പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍ വന്നു കഴിഞ്ഞു. വിഷു, ഹോളി, ദുഖവെള്ളി, റംസാന്‍ എന്നീ ആഘോഷങ്ങളെ ബാധിക്കാത്ത […]

നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയാണ്. കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് കളമൊരുങ്ങുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഏപ്രില്‍ 6ന് ഒരുഘട്ടമായും പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കും. ബംഗാളിലെ എട്ട് ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയാക്കിയശേഷം മെയ്‌രണ്ടിനാണ് ഫലപ്രഖ്യാപനം. മാതൃകാ പെരുമാറ്റച്ചട്ടം ഇതിനകം നിലവില്‍ വന്നു കഴിഞ്ഞു. വിഷു, ഹോളി, ദുഖവെള്ളി, റംസാന്‍ എന്നീ ആഘോഷങ്ങളെ ബാധിക്കാത്ത രീതിയിലാണ് വോട്ടെടുപ്പ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രവര്‍ത്തകരുമൊക്കെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പര്യടനങ്ങളും പ്രചരണങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വരികയാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടെന്നതിനു പുറമെ വോട്ടെടുപ്പിന് ഒന്നരമാസം പോലും ലഭിക്കുന്നില്ല. ഇത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വീറും വാശിയും കൂട്ടുമെന്നതില്‍ സംശയമില്ല.
ബംഗാളില്‍ അക്രമസാധ്യത കണക്കിലെടുത്താണ് എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. കൂടുതല്‍ പൊലീസ് സേനയെയും ഉദ്യോഗസ്ഥരെയും ഇവിടെ നിയമിക്കേണ്ടിവരും. മാര്‍ച്ച് 27ന് തുടങ്ങി ഏപ്രില്‍ 29 വരെയാണ് അവിടെ പോളിങ്ങ്. കഴിഞ്ഞ തവണ ഏഴ് ഘട്ടമായി നടത്തിയപ്പോള്‍ തന്നെ വിമര്‍ശനമുന്നയിച്ചിരുന്ന മമതാ ബാനര്‍ജി ഇത്തവണയും കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ബി.ജെ.പി. ആഗ്രഹിക്കുന്നതുപോലെ വെട്ടിമുറിച്ച് തിരഞ്ഞെടുപ്പ് നടത്തുകയാണ് കമ്മീഷനെന്ന ആരോപണം കോണ്‍ഗ്രസും അവിടത്തെ പ്രതിപക്ഷ കക്ഷികളും ഉന്നയിച്ചുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്ന നീതി പശ്ചിമ ബംഗാളിന് നിഷേധിക്കുന്നുവെന്നാണ് മമത ആരോപിക്കുന്നത്. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലീസിനെ അയക്കുന്നതിന് പുറമെ രണ്ട് നിരീക്ഷകരെയും കേന്ദ്രം അങ്ങോട്ടയക്കുകയാണ്. സാമൂഹിക വിരുദ്ധര്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നതടക്കമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കി സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറയുന്നു. വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള ആരോപണം അവിടെ നേരത്തെ ഉണ്ടായിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി പറയേണ്ടത്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരാണ്.കോവിഡിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കേരളം അടക്കമുള്ള ഏതാനും സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വാക്‌സിന്‍ നല്‍കിത്തുടങ്ങിയെങ്കിലും മുഴുവന്‍ ജനങ്ങളിലുമെത്താന്‍ ഇനിയും മാസങ്ങള്‍ പിടിക്കും. പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തന്നെയാണ് നടത്തിയത്. അതേ രീതിയില്‍ തന്നെ വേണം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളും നടത്താന്‍. പ്രകടനങ്ങളും പൊതു യോഗങ്ങളും വീട് കയറിയുള്ള വോട്ടഭ്യര്‍ത്ഥനയുമൊക്കെ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടേ നടത്താവൂ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെയേ സ്ഥാനാര്‍ത്ഥി തീരുമാനങ്ങളടക്കം ഉണ്ടാവൂ. വീറും വാശിയും തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടാവുമ്പോഴും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനാവണം.

Related Articles
Next Story
Share it