ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കണം

പി.എസ്.സി. റാങ്കില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആഴ്ചകളോളമായി തുടരുന്ന സമരം നീളുകയാണ്. സമരം അവസാനിപ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. റാങ്ക് ലിസ്റ്റില്‍ പേരുള്ളവരെ പിന്തള്ളി താല്‍ക്കാലികക്കാരെ പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങുന്നത്. സമരക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് സമരത്തിന് ശക്തി കൂടിയതും ജനങ്ങളുടെ ശ്രദ്ധയിലേക്ക് വന്നതും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ […]

പി.എസ്.സി. റാങ്കില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആഴ്ചകളോളമായി തുടരുന്ന സമരം നീളുകയാണ്. സമരം അവസാനിപ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പോട്ട് വന്നിട്ടുണ്ടെന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. റാങ്ക് ലിസ്റ്റില്‍ പേരുള്ളവരെ പിന്തള്ളി താല്‍ക്കാലികക്കാരെ പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങുന്നത്. സമരക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സമരം പ്രതിപക്ഷം ഏറ്റെടുത്തതോടെയാണ് സമരത്തിന് ശക്തി കൂടിയതും ജനങ്ങളുടെ ശ്രദ്ധയിലേക്ക് വന്നതും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നതുവരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സമരത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ചര്‍ച്ചക്ക് തയ്യാറായത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഗവര്‍ണറും നിര്‍ദ്ദേശിച്ചിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിലായിരുന്നു ആദ്യം സര്‍ക്കാര്‍. പ്രതിപക്ഷം കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ ഇത് കുറേ കൂടി ശരി വെക്കുന്ന നിലയിലേക്ക് എത്തി. വര്‍ഷങ്ങളായി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമര പാതയിലാണ്. അപേക്ഷ ക്ഷണിച്ച് ടെസ്റ്റും ഇന്റര്‍വ്യൂവും ഒക്കെ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് തന്നെ വര്‍ഷങ്ങള്‍ എടുക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഓന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിക്കാതെ പുറത്തിരിക്കേണ്ടിവരികയും തുടര്‍ന്ന് റാങ്ക് ലിസ്റ്റ് റദ്ദായിപ്പോവുകയും ചെയ്യുമ്പോള്‍ തൊഴില്‍ എന്ന സ്വപ്‌നം തന്നെ കൈവിട്ടുപോകുന്ന സ്ഥിതിയാണ് പലര്‍ക്കും ഉണ്ടാവുന്നത്. റാങ്ക് ലിസ്റ്റില്‍ കയറിയിട്ടും തൊഴില്‍ ലഭിക്കുന്നില്ലെന്ന് വരുമ്പോള്‍ പി.എസ്.സി. പരീക്ഷകളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുകയാണ്. റാങ്ക് ലിസ്റ്റിലുള്ള അഞ്ചില്‍ ഒന്ന് പേര്‍ക്ക് പോലും നിയമനം ലഭിക്കുന്നില്ലെന്ന് വരുമ്പോള്‍ ഇതൊക്കെ പ്രഹസനമായേ കരുതാനാവൂ. അഡൈ്വസ്‌മെമോ കൈപ്പറ്റിയവര്‍ക്ക് പോലും പല കാരണങ്ങള്‍ പറഞ്ഞ് നിയമനം വൈകിപ്പിക്കുകയോ തിരസ്‌കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും ഒഴിവുകള്‍ ഉണ്ടാവുമ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ പലപ്പോഴും അതുണ്ടാവുന്നില്ല. പകരം താല്‍ക്കാലികക്കാരെ തുടരാന്‍ അനുവദിക്കുകയാണ്. 10ഉം 15ഉം വര്‍ഷമായി താല്‍ക്കാലികമായി തുടരുന്നവരെ പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോള്‍ പരീക്ഷയെഴുതി കാത്തിരിക്കുന്നവര്‍ തഴയപ്പെടുകയാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടക്കാതെ വരുമ്പോള്‍ ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കാറുണ്ട്. ഒരു പി.എസ്.സി. പരീക്ഷ നടത്തി ഇന്റര്‍വ്യൂവും പൂര്‍ത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാരിന് ലക്ഷങ്ങളാണ് ചെലവ് വരുന്നത്. ലിസ്റ്റില്‍ നിന്ന് പത്തോ അമ്പതോ പേരെ മാത്രം നിയമിച്ച് ലിസ്റ്റ് റദ്ദാക്കപ്പെടുമ്പോള്‍ വീണ്ടുമൊരു പരീക്ഷ നടത്താനും ലിസ്റ്റുണ്ടാക്കാനും വീണ്ടും ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നു. ഒന്നുകില്‍ നൂറും ആയിരവും പേരെ റാങ്ക് ലിസ്റ്റില്‍ തിരുകികയറ്റുന്നതിന് പകരം നിയമനം നടത്തേണ്ടതിന് ആനുപാതികമായി മാത്രം കുറച്ച് പേരുടെ ലിസ്റ്റ് തയ്യാറാക്കുന്നത് നല്ലതായിരിക്കും. ബാക്കിയുള്ളവര്‍ക്ക് പെട്ടെന്ന് തന്നെ മറ്റൊരു പരീക്ഷക്ക് തയ്യാറെടുക്കാം. ലിസ്റ്റില്‍ കയറി കൂടിയിട്ടുള്ളവരെ നിരാശപ്പെടുത്തേണ്ടിയും വരുന്നില്ല. 35 വയസുവരെ മാത്രമേ പി.എസ്.സി. പരീക്ഷ എഴുതാന്‍ കഴിയൂ. രണ്ടോ മൂന്നോ പരീക്ഷ എഴുതിക്കഴിയുമ്പോഴേക്കും അവര്‍ പുറത്തുപോവേണ്ടിവരും. ഒരു സര്‍ക്കാര്‍ ജോലി എന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരാണ് എല്ലാവരും. എല്ലാവര്‍ക്കും ജോലി കൊടുക്കാനാവില്ലെങ്കിലും അര്‍ഹതപ്പെട്ടവരും മിടുക്കന്മാരുമായവരെ സര്‍വ്വീസില്‍ എടുക്കാന്‍ കഴിയണം. എന്തായാലും സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരം അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി ഉണ്ടാവണം.

Related Articles
Next Story
Share it