റദ്ദായ റാങ്ക് ലിസ്റ്റുകളില്‍ പുന:പരിശോധ വേണം

പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരുവനന്തപുരത്ത് കത്തിപ്പടരുകയാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം റദ്ദാക്കിയെങ്കിലും ഇതിനകം റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കോടതിയുടെ ഇടപെടലിനും കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലുമാണ് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള പുതിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും പ്രതിപക്ഷമടക്കമുള്ളവര്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൂടി വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നത്. കെല്‍ട്രോണ്‍, കില, ഫോറസ്റ്റ് […]

പി.എസ്.സി. റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം തിരുവനന്തപുരത്ത് കത്തിപ്പടരുകയാണ്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം റദ്ദാക്കിയെങ്കിലും ഇതിനകം റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കോടതിയുടെ ഇടപെടലിനും കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലുമാണ് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള പുതിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും പ്രതിപക്ഷമടക്കമുള്ളവര്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലില്‍ 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൂടി വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് ഇത്തരമൊരു തീരുമാനമെടുക്കേണ്ടിവന്നത്. കെല്‍ട്രോണ്‍, കില, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. കെല്‍ട്രോണില്‍ മാത്രം 296 ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. മാനദണ്ഡം പാലിക്കാതെ കരാര്‍ ജീവനക്കാരായി നിയമിച്ചവരെ സ്ഥിരപ്പെടുത്തരുതെന്ന് നേരത്തെ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാരിന്റെ അവസാന കാലത്ത് തിടുക്കത്തില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് പേരെ മറികടന്നാണ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു ശേഷം 147 റാങ്ക് ലിസ്റ്റുകളാണ് റദ്ദായിപ്പോയതെന്ന് പ്രതിപക്ഷം പറയുന്നു. നിയമപ്രകാരം ലഭിക്കേണ്ടതൊഴിലിന് അര്‍ഹതപ്പെട്ടവരാണ് ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടപ്പെട്ട് തൊഴില്‍ രഹിതരായി മാറുന്നത്. ഇത്രയും റാങ്ക് ലിസ്റ്റുകള്‍ റദ്ദായിപ്പോവുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് അവസരം നഷ്ടപ്പെട്ട് പുറത്ത് പോകുന്നത്. ഈ റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നാലില്‍ ഒന്ന് പേര്‍ക്ക് പോലും നിയമനം ലഭിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു റാങ്ക് ലിസ്റ്റ് ഉണ്ടാക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് പി.എസ്.സി.ചെലവിടുന്നത്. എന്നിട്ട് അഞ്ചോ പത്തോ പേര്‍ക്ക് നിയമനം നല്‍കി ലിസ്റ്റ് കാലഹരണപ്പെടുത്തുകയാണ്. ഒഴിവുകള്‍ ഉണ്ടായാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ അപ്പപ്പോള്‍ പി.എസ്.സി.യെ അറിയിക്കുകയും നിയമനം നടത്തുകയുമാണ് രീതി. എന്നാല്‍ താല്‍ക്കാലികക്കാരെ സംരക്ഷിക്കാനായി പല ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാരും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. പലപ്പോഴും ലിസ്റ്റ് കാലഹരണപ്പെടുന്നതിന് കാരണം ഇതാണ്. പല ഉദ്യോഗാര്‍ത്ഥികളും 35 വയസിനോടടുത്തവരാണ്. ഒരു റാങ്ക് ലിസ്റ്റ് റദ്ദായിപ്പോകുമ്പോള്‍ അവര്‍ക്ക് പിന്നീടൊരു പി.എസ്.സി. പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്നു. അത്തരക്കാര്‍ക്ക് പിന്നീടൊരു സര്‍ക്കാര്‍ ജോലി എന്നത് സ്വപ്‌നം മാത്രമായി മാറുന്നു. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പലവട്ടം ആവര്‍ത്തിച്ചതാണ്. അതുകൊണ്ട് തന്നെ ഒരു റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെടുമ്പോള്‍ നിരവധി പേരുടെ ജീവിതമാണ് താറുമാറാവുന്നത്. റദ്ദാക്കപ്പെട്ട റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊടുക്കാനും അതില്‍ നിന്ന് തന്നെ നിയമനം നടത്താനുമുള്ള ശ്രമം ഉണ്ടാവണം.

Related Articles
Next Story
Share it