പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണം

കോവിഡ് മഹാമാരിക്ക് ശേഷം മിക്കവാറും എല്ലാ മേഖലകളും തുറന്നിട്ടും റെയില്‍വെ ഇപ്പോഴും തീവണ്ടികളുടെ കാര്യത്തില്‍ നിസംഗത തുടരുകയാണ്. മാവേലിയും മലബാര്‍ എക്‌സ്പ്രസും മറ്റ് ഏതാനും വണ്ടികളും ഓടിത്തുടങ്ങിയെങ്കിലും പാസഞ്ചര്‍ വണ്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് ഇതുകാരണം വലിയ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദീര്‍ഘദൂര സ്ഥിരം യാത്രക്കാര്‍ക്ക് മിതമായി യാത്രചെയ്യുന്നതിനുള്ള സംവിധാനമാണ് പാസഞ്ചര്‍ ട്രെയിനുകള്‍. അമിത നിരക്ക് നല്‍കി കെ.എസ്.ആര്‍.ടി.സി., ടൗണ്‍ ടു ടൗണ്‍ […]

കോവിഡ് മഹാമാരിക്ക് ശേഷം മിക്കവാറും എല്ലാ മേഖലകളും തുറന്നിട്ടും റെയില്‍വെ ഇപ്പോഴും തീവണ്ടികളുടെ കാര്യത്തില്‍ നിസംഗത തുടരുകയാണ്. മാവേലിയും മലബാര്‍ എക്‌സ്പ്രസും മറ്റ് ഏതാനും വണ്ടികളും ഓടിത്തുടങ്ങിയെങ്കിലും പാസഞ്ചര്‍ വണ്ടികളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല. ഹ്രസ്വ ദൂര യാത്രക്കാര്‍ക്ക് ഇതുകാരണം വലിയ ദുരിതം അനുഭവിക്കേണ്ടിവരുന്നു. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന ആയിരക്കണക്കിന് ആളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ദീര്‍ഘദൂര സ്ഥിരം യാത്രക്കാര്‍ക്ക് മിതമായി യാത്രചെയ്യുന്നതിനുള്ള സംവിധാനമാണ് പാസഞ്ചര്‍ ട്രെയിനുകള്‍. അമിത നിരക്ക് നല്‍കി കെ.എസ്.ആര്‍.ടി.സി., ടൗണ്‍ ടു ടൗണ്‍ ബസുകളെയാണ് അവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി പേരാണ് മംഗളൂരുവിലും മറ്റ് അന്യ സംസ്ഥാനങ്ങളിലുമായി പഠിക്കുന്നത്. കൂടിയ നിരക്ക് നല്‍കി ദിവസേന ഇവര്‍ക്ക് യാത്ര ചെയ്യേണ്ടിവരുന്നു. കാസര്‍കോട്ടേക്കും ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍ ജില്ലയില്‍ നിന്നുമടക്കം നിരവധി ജീവനക്കാര്‍ എത്തുന്നുണ്ട്. വര്‍ഷങ്ങളായി ഇവരും ആശ്രയിക്കുന്നത് പാസഞ്ചര്‍ തീവണ്ടികളെയാണ്. നിലവില്‍ പുനസ്ഥാപിച്ച തീവണ്ടികളില്‍ സീസണ്‍ ടിക്കറ്റ് സംവിധാനമില്ല. പാസഞ്ചര്‍ ട്രെയിനുകളില്‍ ഈ സംവിധാനമുണ്ടായിരുന്നതിനാല്‍ ചെറിയ തുക മുടക്കി യാത്ര ചെയ്യാന്‍ പറ്റുമായിരുന്നു. കോവിഡ് പടര്‍ന്ന് ഗതാഗതം നിര്‍ത്തി വെച്ചതിന് ശേഷം ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ച ശേഷം നിരക്ക് കൂട്ടിയിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ പഴയ നിലയിലേക്ക് വന്നിട്ടും യാത്ര നിരക്ക് വര്‍ധനയില്‍ ഇളവ് വരുത്തിയിട്ടില്ല. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ജോലി ആവശ്യത്തിനായി വരുന്നവര്‍ക്കും പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും പാസഞ്ചര്‍ ട്രെയിന്‍ ഇല്ലാത്തത് വലിയ തിരിച്ചടിയാണ്. മറ്റ് നഗരങ്ങളിലൊക്കെ പാസഞ്ചര്‍ വണ്ടികള്‍ക്ക് പകരം മെമു സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പല ഭാഗങ്ങളിലായി മെമു വണ്ടി ഓടുന്നുണ്ട്. എന്നാല്‍ കോഴിക്കോടിനിപ്പുറം ഓടിത്തുടങ്ങിയിട്ടില്ല. പല തവണയായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതാണെങ്കിലും അനുമതി നല്‍കിയിട്ടില്ല. മെമു വണ്ടികളില്‍ പാസഞ്ചര്‍ വണ്ടികളിലേത് പോലെ ചെറിയ നിരക്ക് നല്‍കിയാല്‍ മതി. ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരുവരെ ഇരട്ടപ്പാതയില്ലാത്തതാണ് കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തുന്നതിന് തടസ്സമായി പറഞ്ഞത്. എന്നാല്‍ ഇരട്ടപ്പാത പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ നിലതന്നെ തുടരുകയാണ്. പിന്നീട് പറഞ്ഞു കേട്ടത് വൈദ്യുതീകരണം പൂര്‍ത്തിയാവട്ടെ എന്നായിരുന്നു.
വൈദ്യുതീകരണം പൂര്‍ത്തിയായിക്കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും റെയില്‍വെ വാക്കു പാലിച്ചില്ല. മെമു സര്‍വ്വീസ് തുടങ്ങാന്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതിന് ശേഷമാണ് തെക്കന്‍ ജില്ലകളില്‍ മെമു നല്‍കിയത്. മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കും ഒരു പാസഞ്ചര്‍ ഉണ്ടായിരുന്നു. അതും നിര്‍ത്തലാക്കി. ചെറിയ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര ചെയ്യാന്‍ സാധിച്ചിരുന്ന തീവണ്ടിയായിരുന്നു ഇത്. എല്ലാ ദിവസങ്ങളിലും ഇതിന് നല്ല തിരക്കും ഉണ്ടായിരുന്നു. കൊല്ലൂര്‍ യാത്രക്കാര്‍ക്ക് പോകാന്‍ മറ്റൊരു വണ്ടി ഉണ്ടായിരുന്നു. അതും നിര്‍ത്തലാക്കി. വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അടിയന്തിരമായി പരിഹാരം ഉണ്ടാക്കാന്‍ കഴിയണം. അതിന് വേണ്ടി സമ്മര്‍ദ്ദമുയരണം.

Related Articles
Next Story
Share it