ആശ്വാസം പകര്‍ന്ന് ബാവിക്കര തടയണ

കാസര്‍കോട്ടെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ബാവിക്കര റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമായി. ഇന്നലെ ഉദ്ഘാടനം ചെയ്ത പദ്ധതി കാസര്‍കോട്ടെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും. ഇതിന് പുറമെ വേനല്‍ക്കാലത്ത് ഉപ്പുവെള്ളം മാത്രം കുടിക്കേണ്ടിവരുന്ന ദുരിതത്തിന് അറുതിയാവുകയും ചെയ്യും. അവസാന ഘട്ട പ്രവൃത്തിയുടെ ഭാഗമായി നാല് മെക്കാനിക്കല്‍ ഷട്ടറുകളും റഗുലേറ്ററിന്റെ മുമ്പ് നിര്‍മ്മാണം നടന്ന ഭാഗത്തെ ഷട്ടറുകളും അടച്ചിരുന്നു. ഇതിനാല്‍ 3.6 മീറ്റര്‍ ഉയരത്തില്‍ സംഭരണിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ളം നിറഞ്ഞു. തുടര്‍ന്ന് പരീക്ഷണാര്‍ത്ഥം 2.70 മീറ്റര്‍ നീളവും […]

കാസര്‍കോട്ടെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ബാവിക്കര റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമായി. ഇന്നലെ ഉദ്ഘാടനം ചെയ്ത പദ്ധതി കാസര്‍കോട്ടെയും തൊട്ടടുത്ത പഞ്ചായത്തുകളിലെയും ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും. ഇതിന് പുറമെ വേനല്‍ക്കാലത്ത് ഉപ്പുവെള്ളം മാത്രം കുടിക്കേണ്ടിവരുന്ന ദുരിതത്തിന് അറുതിയാവുകയും ചെയ്യും. അവസാന ഘട്ട പ്രവൃത്തിയുടെ ഭാഗമായി നാല് മെക്കാനിക്കല്‍ ഷട്ടറുകളും റഗുലേറ്ററിന്റെ മുമ്പ് നിര്‍മ്മാണം നടന്ന ഭാഗത്തെ ഷട്ടറുകളും അടച്ചിരുന്നു. ഇതിനാല്‍ 3.6 മീറ്റര്‍ ഉയരത്തില്‍ സംഭരണിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെള്ളം നിറഞ്ഞു. തുടര്‍ന്ന് പരീക്ഷണാര്‍ത്ഥം 2.70 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള നാല് സ്റ്റീല്‍ ഷട്ടറുകളാണ് ജനറേറ്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ച് ഉയര്‍ത്തിയത്. റഗുലേറ്ററിന്റെ മെക്കാനിക്കല്‍ ഷട്ടര്‍ തുറക്കാന്‍ നടത്തിയ ട്രയല്‍ റണ്‍ വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. 120.4 മീറ്റര്‍ നീളമുള്ള റഗുലേറ്ററില്‍ 250 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. പദ്ധതി പ്രദേശത്ത് നാല് മീറ്റര്‍ വെള്ളം ഉയരും. സ്ഥിരമായി വേനല്‍ക്കാലത്ത് അലട്ടിയിരുന്ന ഉപ്പുവെള്ള പ്രശ്‌നം ഇനിയുണ്ടാവില്ലെന്ന് ആശ്വസിക്കാം. കാസര്‍കോട് നഗരസഭക്ക് പുറമെ മുളിയാര്‍, ചെങ്കള, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെ 80,000 കുടുംബങ്ങളാണ് പയസ്വിനി പുഴയിലെ കുടിവെള്ളത്തെ ആശ്രയിക്കുന്നത്. കഴിഞ്ഞ 28 വര്‍ഷമായി ആലൂരില്‍ ചാക്ക് തടയണ കെട്ടിയാണ് ഉപ്പുവെള്ളത്തെ തടഞ്ഞിരുന്നത്. കര്‍ണ്ണാടകയില്‍ വേനല്‍ മഴ പെയ്യുമ്പോള്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് താല്‍ക്കാലിക തടയണ ഒലിച്ചു പോകും. അതോടെ വീണ്ടും ഉപ്പുവെള്ളം കുടിക്കേണ്ട സ്ഥിതിയായിരുന്നു. ചാക്ക് തടയണയുടെ പേരില്‍ വര്‍ഷം തോറും 15 ലക്ഷത്തോളം രൂപയാണ് പുഴയിലൊഴുക്കിയത്. 2005ലാണ് സ്ഥിരം റഗുലേറ്ററിന്റെ പണി തുടങ്ങിയത്. വഴിയിലുപേക്ഷിച്ച പദ്ധതി ഇപ്പോള്‍ മൂന്നാമത്തെ കരാറുകാരനാണ് പൂര്‍ത്തിയാക്കിയത്. ചെമ്മനാട് പഞ്ചായത്തില്‍ നിന്നുള്‍പ്പെടെ 2.7 ലക്ഷം ഉപഭോക്താക്കള്‍ കൂടി പുതുതായി ബാവിക്കര പദ്ധതിയെ ആശ്രയിക്കുമെന്നാണ് ജല അതോറിറ്റി കണക്കാക്കുന്നത്. ഇതോടെ മൂന്നര ലക്ഷം കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാകും. പ്രദേശത്തെ 407 ഹെക്ടറില്‍ കാര്‍ഷിക ജലസേചനത്തിനും റഗുലേറ്റര്‍ വഴിയൊരുക്കും. 13.6 മീറ്ററാണ് റഗുലേറ്ററിന്റെ ഉയരം. പുതുതായി നിര്‍മ്മിച്ച അഞ്ച് തൂണുകളില്‍ 9.6 മീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകളുടെ സ്ഥാനം. രണ്ട് കൈവഴിയായാണ് പദ്ധതി പ്രദേശമായ മഹാലക്ഷ്മി പുരത്ത് പുഴ ഒഴുകിയെത്തുന്നത്. പാണ്ടിക്കണ്ടം ഭാഗത്ത് നിന്നും കരിച്ചേരിയില്‍ നിന്നും ഷട്ടര്‍ അടച്ചപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ ആറര കിലോമീറ്റര്‍ ദൂരത്തോളം പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതായി കണ്ടെത്തി. പയസ്വിനിപ്പുഴയില്‍ പാണ്ടിക്കണ്ടം വരെയും കരിച്ചേരിപ്പുഴയില്‍ കാവുംഭാഗം വരെയുമാണ് വെള്ളമുയര്‍ന്നത്. പ്രദേശത്തെ കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. 250കോടി ലിറ്റര്‍ വെള്ളം സംഭരിക്കുമ്പോള്‍ കാസര്‍കോട്ടെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം കാസര്‍കോടിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ലഭിച്ചിരുന്നില്ല. മറ്റ് സ്ഥലങ്ങളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലടക്കം കുടിവെള്ളം ലഭിക്കുമെന്നതും ആശ്വാസം നല്‍കുന്നതാണ്. എന്തായാലും കാല്‍നൂറ്റാണ്ടിലേറെ കാലമായി ജനങ്ങള്‍ കാത്തുനിന്നൊരു പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്.

Related Articles
Next Story
Share it