സാന്ത്വന സ്പര്‍ശത്തില്‍ കാസര്‍കോടിനും വേണം മുന്‍ഗണന

സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം പരിപാടി കഴിഞ്ഞ രണ്ട് ദിവസമായി പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ വികസനത്തിലൂന്നിയ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉയര്‍ന്നുവന്നത്. ചികിത്സാ സൗകര്യം മുതല്‍ യാത്രാ പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കാസര്‍കോട് ജില്ല യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും പല പദ്ധതികളും തുടങ്ങിയേടത്ത് നിന്ന് മുമ്പോട്ട് പോയിട്ടില്ല. പിന്നോക്ക ജില്ല എന്ന പേര് മാറ്റിയെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പലതും ലക്ഷ്യം കാണുന്നില്ല. ആസ്പത്രികളില്‍ ഡോക്ടര്‍മാരും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വേണ്ടത്ര ജീവനക്കാരും ഇല്ലാത്ത അവസ്ഥയ്ക്ക് ഇതുവരെ […]

സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം പരിപാടി കഴിഞ്ഞ രണ്ട് ദിവസമായി പൂര്‍ത്തിയായി കഴിഞ്ഞു. ജില്ലയുടെ വികസനത്തിലൂന്നിയ ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉയര്‍ന്നുവന്നത്. ചികിത്സാ സൗകര്യം മുതല്‍ യാത്രാ പ്രശ്‌നങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. കാസര്‍കോട് ജില്ല യാഥാര്‍ത്ഥ്യമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും പല പദ്ധതികളും തുടങ്ങിയേടത്ത് നിന്ന് മുമ്പോട്ട് പോയിട്ടില്ല. പിന്നോക്ക ജില്ല എന്ന പേര് മാറ്റിയെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും പലതും ലക്ഷ്യം കാണുന്നില്ല. ആസ്പത്രികളില്‍ ഡോക്ടര്‍മാരും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വേണ്ടത്ര ജീവനക്കാരും ഇല്ലാത്ത അവസ്ഥയ്ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. നിയമനം കിട്ടി ചാര്‍ജ്ജെടുക്കുന്നവര്‍ ഒന്നോ രണ്ടോ മാസം ജോലി ചെയ്തതിന് ശേഷം തിരികെ സ്ഥലം മാറ്റം വാങ്ങി പോകുന്ന സ്ഥിതിയാണ് ഇപ്പോഴും. സര്‍ക്കാര്‍ ആസ്പത്രികളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെട്ടുവെങ്കിലും വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് ചികിത്സയെ ബാധിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയെ പ്രതീക്ഷിച്ചത്ര വികസനത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ആന്‍ജിയോ പ്ലാസ്റ്റ് അടക്കമുള്ള ഹൃദ്രോഗ ചികിത്സക്ക് സൗകര്യമൊരുക്കാനുള്ള നീക്കം എവിടെയുമെത്തിയിട്ടില്ല. കാത്ത് ലാബ് സൗകര്യം പ്രാവര്‍ത്തികമായാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഹൃദ്രോഗ വിദഗ്ധനെ നിയമിക്കുകയും വേണം. എന്‍ഡോസള്‍ഫാന്‍ പാക്കേജ് പ്രഖ്യാപനത്തിന്റെ ഭാഗമായി ന്യൂറോ സര്‍ജറി വിഭാഗവും ന്യൂറോ സര്‍ജന്റെ സേവനവും ഉറപ്പു നല്‍കിയിരുന്നു. അതും പ്രഖ്യാപനത്തിനപ്പുറം പോയിട്ടില്ല. അതുപോലെ തന്നെ ട്രോമാകെയര്‍ യൂണിറ്റ് എന്നതും എവിടെയുമെത്തിയിട്ടില്ല. വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നെഫ്രോളജിന്റെ സേവനവും അത്യാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടാതെ കിടക്കുകയാണ്. പണി പൂര്‍ത്തിയായിട്ട് മാസങ്ങളായി. ബദിയടുക്കയിലെ മെഡിക്കല്‍ കോളേജാണ് മറ്റൊന്ന്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി ഉള്‍പ്പെടെ എല്ലാ പ്രൗഢിയോടും കൂടിയുള്ള ഒരു മെഡിക്കല്‍ കോളേജാണ് ജില്ലയിലെ ജനങ്ങള്‍ സ്വപ്‌നം കണ്ടത്. കോവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നയിടം മാത്രമാണിപ്പോള്‍ ഈ കെട്ടിടം. കോവിഡ് ബാധിതരെ കിടത്താന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ തട്ടിക്കൂട്ടിയ ഒരാസ്പത്രി മാത്രമായി ഇത് നിലകൊള്ളുന്നു. തെക്കിലില്‍ ടാറ്റയുടെ ചെലവില്‍ കോടികള്‍ മുടക്കി കോവിഡ് ആസ്പത്രി പണിതിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് രോഗികളെ കിടത്താന്‍ മാത്രമാണീ ആസ്പത്രി ഉപയോഗിക്കുന്നത്. കോവിഡ് കഴിഞ്ഞാല്‍ ഇതൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്നാണ് പുതിയ നീക്കമെന്ന് ആര്‍ക്കുമറിയില്ല. കോടികള്‍ മുടക്കിയ ആസ്പത്രി ആര്‍ക്കും ഉപകാരമില്ലാതെ അതേ പടി കിടന്നേക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
യാത്രാ പ്രശ്‌നം കാസര്‍കോടിന്റെ എക്കാലത്തെയും ദുരിതങ്ങളിലൊന്നാണ്. തീവണ്ടിപ്പാത ഇരട്ടിപ്പിക്കുകയും വൈദ്യുതീകരണം പൂര്‍ത്തീകരിക്കുകയും ചെയ്തുവെങ്കിലും കുറേ ഗൂഡ്‌സ് വണ്ടികള്‍ വന്നതല്ലാതെ പുതിയ തീവണ്ടികളൊന്നും അനുവദിച്ചില്ല. ഉള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. മറ്റെല്ലാ ജില്ലകളിലും മെമു വണ്ടികള്‍ ഓടുന്നുണ്ടെങ്കിലും കോഴിക്കോടിനിപ്പുറം അതും ലഭ്യമായിട്ടില്ല. കോവിഡിനെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തലാക്കിയ തീവണ്ടി സര്‍വ്വീസും പഴയപടി പുനസ്ഥാപിച്ചിട്ടില്ല. പൊതുഗതാഗതവും മറ്റു സ്ഥാപനങ്ങളുമെല്ലാം പഴയതുപോലെയായിട്ടും വണ്ടിയുടെ കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ നിസംഗത തുടരുകയാണ്. ജില്ലയോടുള്ള അനാസ്ഥ മാറ്റിയെടുക്കാന്‍ കര്‍മ്മ പദ്ധതികള്‍ അടിയന്തിരമായി ഉണ്ടാവണം.

Related Articles
Next Story
Share it