തിരഞ്ഞെടുപ്പിന്റെ ആരവമുയര്‍ത്തുന്ന ബജറ്റ്

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ മേല്‍ വലിയ ഭാരം കയറ്റിവെക്കാത്തതെന്ന് പറയാം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തിലാവണം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇതാദ്യമായി വലിയ തുക നീക്കിവെച്ചത്. കേരളത്തിന് 1100 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 65,000 കോടി രൂപയാണ് അനുവദിച്ചത്. മുംബൈ- കന്യാകുമാരി ഇടനാഴിയുടെ ഭാഗമായാണ് ദേശീയ പാതാവികസനം. പശ്ചിമബംഗാളിന് 675 കിലോമീറ്റര്‍ റോഡ് വികസനത്തിന് 95,000 കോടിയും തമിഴ്‌നാടിന് […]

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ മേല്‍ വലിയ ഭാരം കയറ്റിവെക്കാത്തതെന്ന് പറയാം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തിലാവണം കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇതാദ്യമായി വലിയ തുക നീക്കിവെച്ചത്. കേരളത്തിന് 1100 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 65,000 കോടി രൂപയാണ് അനുവദിച്ചത്. മുംബൈ- കന്യാകുമാരി ഇടനാഴിയുടെ ഭാഗമായാണ് ദേശീയ പാതാവികസനം. പശ്ചിമബംഗാളിന് 675 കിലോമീറ്റര്‍ റോഡ് വികസനത്തിന് 95,000 കോടിയും തമിഴ്‌നാടിന് 3500 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടിയുമാണ് അനുവദിച്ചത്. 1300 കിലോമീറ്റര്‍ റോഡിനായി ആസാമിന് 34,000 കോടിയും അനുവദിച്ചിട്ടുണ്ട്. കൊച്ചിമെട്രോയുടെ വികസനവും യാഥാര്‍ത്ഥ്യമാവുകയാണ്. 11.5 കിലോമീറ്റര്‍ മെട്രോ ലൈന്‍ നീട്ടുന്നതിന് 1957 കോടി രൂപയാണ് നീക്കിവെച്ചത്. കൊച്ചി മെട്രോ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടത്ര തുക തന്നെ അനുവദിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് റോഡും റെയിലും വലിയ നാഴികക്കല്ലാവും.
കര്‍ഷക സമരം നീണ്ടുപോകുന്നതിനിടയില്‍ അവരെ സാന്ത്വനിപ്പിക്കാനും പദ്ധതികള്‍ ഉണ്ട്. കര്‍ഷക ക്ഷേമത്തിനായി 75,060 കോടി രൂപയാണ് അനുവദിച്ചത്.16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം വേണമെന്നത് സമരം നടത്തുന്ന കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു. അത് അവസാനിച്ചിട്ടുണ്ട്. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കുമെന്ന പ്രഖ്യാപനവും കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും വില വിളകള്‍ക്ക് നല്‍കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇത്തവണ ആദായ നികുതി സ്ലാബില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേ സമയം മുതിര്‍ന്നവര്‍ക്കും പ്രവാസികള്‍ക്കും ആശ്വാസ നടപടിയും ഉണ്ട്. 75 വയസിന് മുകളിലുള്ള പെന്‍ഷന്‍-പലിശ വരുമാനക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ നല്‍കേണ്ടെന്നത് അവരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. മുതിര്‍ന്ന പൗരന്മാരില്‍ ഒരു വിഭാഗത്തിന് ഇതിന്റെ ഗുണം ലഭിക്കും. പ്രവാസികളുടെ ഇരട്ട നികുതി പ്രശ്‌നവും പരിഹരിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചതാണ് മറ്റൊരു പ്രഖ്യാപനം. 49 ശതമാനത്തില്‍ നിന്ന് 75 ശതമാനമായാണ് നിക്ഷേപ പരിധി ഉയര്‍ത്തിയത്. എല്‍.ഐ.സി.യുടെ 25 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്രം നേരത്തെ കൈക്കൊണ്ടതാണ്. ഇതിനെതിരെ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നേക്കും. പെട്രോളിനും ഡീസലിനും അടിക്കടി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം. പെട്രോളിന് 2.5 രൂപയും ഡീസലിന് നാല് രൂപയുമാണ് സെസ്. എന്നാല്‍ ഇവയുടെ എക്‌സൈസ് ഡ്യൂട്ടി തത്തുല്ല്യമായി കുറച്ചതിനാല്‍ വില വര്‍ധന ഉപഭോക്താക്കളില്‍ നേരിട്ടെത്തില്ല. ഏര്‍പ്പെടുത്തുന്ന സെസില്‍ നിന്ന് ലഭിക്കുന്ന തുകയായിരിക്കും കാര്‍ഷിക മേഖലയിലേക്ക് നല്‍കുക. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും ഉപേക്ഷിക്കേണ്ടിവരും. രാജ്യത്തെ വാഹന വില്‍പ്പനയിലെ മാന്ദ്യം മറികടക്കാനുള്ള നീക്കം വാഹന നിര്‍മ്മാതാക്കള്‍ക്ക് സഹായകരമാവും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലക്കും വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആറ് വര്‍ഷം കൊണ്ട് 64,180 കോടിയുടെ പി.എം. ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയാണ് നടപ്പാക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതലുള്ള വികസനത്തിനായി ഈ പണം ഉപയോഗിക്കും. എന്തായാലും ജനങ്ങളുടെ മേല്‍ വലിയ ഭാരം കയറ്റിവെക്കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.

Related Articles
Next Story
Share it