അന്ധവിശ്വാസങ്ങള്‍ തിരികെയെത്തുന്നോ?

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ മാതാപിതാക്കള്‍ യുവതികളായ രണ്ട് പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തുകയുണ്ടായി. രണ്ട് മക്കളും പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണത്രെ കൊലപ്പെടുത്തിയത്. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരൊന്നുമല്ല ഈ കൊടും പാതകം ചെയ്തത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അച്ഛനും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ അമ്മയും. അധ്യാപക ദമ്പതിമാരായ ഇവര്‍ മക്കളെ അരും കൊല ചെയ്തതിന് പറയുന്ന കാരണങ്ങള്‍ വിചിത്രമാണ്. കലിയുഗം കഴിഞ്ഞുവെന്നും സത്യയുഗം പിറക്കുമെന്നും അപ്പോള്‍ മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കുന്നത്. ദുര്‍മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് […]

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ചിറ്റൂരില്‍ മാതാപിതാക്കള്‍ യുവതികളായ രണ്ട് പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തുകയുണ്ടായി. രണ്ട് മക്കളും പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ പേരിലാണത്രെ കൊലപ്പെടുത്തിയത്. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരൊന്നുമല്ല ഈ കൊടും പാതകം ചെയ്തത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള അച്ഛനും ഗണിത ശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടിയ അമ്മയും. അധ്യാപക ദമ്പതിമാരായ ഇവര്‍ മക്കളെ അരും കൊല ചെയ്തതിന് പറയുന്ന കാരണങ്ങള്‍ വിചിത്രമാണ്. കലിയുഗം കഴിഞ്ഞുവെന്നും സത്യയുഗം പിറക്കുമെന്നും അപ്പോള്‍ മക്കള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കുന്നത്. ദുര്‍മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ഇവര്‍ ഈ ക്രൂരത ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. മക്കളെ കൊലപ്പെടുത്തി പട്ടില്‍പൊതിഞ്ഞ് സൂക്ഷിച്ചുവെക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം വരെ കാത്തിരിക്കണമെന്നും അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ഇരുവരും പൊലീസിനോട് പറയുകയായിരുന്നു. ചിറ്റൂര്‍ മദനപ്പള്ളി വനിതാ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും വൈസ് പ്രിന്‍സിപ്പളുമാണ് കുട്ടികളുടെ അച്ഛനായ പുരുഷോത്തം നായിഡു. അമ്മ പത്മജ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പളാണ്. മധ്യപ്രദേശില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് മൂത്ത മകള്‍ ആലേഖ. രണ്ടാമത്തെ മകള്‍ സായി ദിവ്യ എ.ആര്‍. റഹ്‌മാന്റെ സംഗീത വിദ്യാലയമായ കെ.എം. മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ പഠിക്കുകയാണ്. കോവിഡ് അടച്ചിടല്‍ സമയത്താണ് രണ്ടുപേരും വീട്ടില്‍ എത്തിയത്. സായി ദിവ്യയെ ത്രിശൂലം ഉപയോഗിച്ചും ആലേഖയെ വ്യായാമത്തിനുപയോഗിക്കുന്ന ഡെംബെല്‍ ഉപയോഗിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം അച്ഛന്‍ തന്നെയാണത്രെ സഹ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് അറിയിച്ചത്. പരിഭ്രാന്തരായ സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിച്ചതിന് ശേഷം വീട്ടിലെത്തുകയായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് തെളിയിക്കാനായി അച്ഛനും അമ്മയ്ക്കും ആത്മഹത്യ ചെയ്യാനും പദ്ധതിയുണ്ടായിരുന്നുവത്രെ. അപ്പോഴാണ് സഹപ്രവര്‍ത്തകരും പൊലീസും എത്തിയത്. തങ്ങള്‍ ആത്മീയതയുടെ പരകോടിയില്‍ എത്തിക്കഴിഞ്ഞുവെന്നും പുനര്‍ ജനിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് മറ്റുള്ളവരോട് പറയുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണോ എന്ന് സംശയിക്കത്തക്ക രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഉന്നത വിദ്യാഭ്യാസം ഉള്ളവര്‍ പോലും ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ അക്ഷരാഭ്യാസവും ലോക വിവരവും ഇല്ലാത്ത സാധാരണക്കാരായവര്‍ ഏത് രീതിയിലേക്കാണ് എത്തിപ്പെടുക. സാക്ഷരതയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ആന്ധ്രയും കേരളവുമൊക്കെ. ആഭിചാരക്കൊലയും ദുര്‍മന്ത്രവാദ കര്‍മ്മങ്ങളും ഇവിടെ പച്ച പിടിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിന് വേണ്ടി പാവങ്ങളെ പറഞ്ഞ് പറ്റിച്ച് എന്ത് ഹീന കൃത്യവും ചെയ്യാന്‍ അവര്‍ സാധാരണക്കാരെ പ്രേരിപ്പിക്കുകയാണ്. ആദ്യം കയ്യാമം വെക്കേണ്ടത് ഇത്തരം ദുര്‍മന്ത്രവാദികളെയാണ്. പൊലീസും സാമൂഹ്യ പ്രവര്‍ത്തകരുമാണ് ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗരൂകരാകേണ്ടത്.

Related Articles
Next Story
Share it