കോവിഡ് ഗ്രാഫ് ഉയരത്തില്‍ തന്നെ

കോവിഡ് എന്ന മഹാമാരി ലോകത്തെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കേരളത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം എവിടെയും എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും ഓരോ ദിവസവും 6,000ത്തിലേറെ പേര്‍ക്ക് രോഗം പിടിപെടുന്നതായാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് പ്രതിദിനംറിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന വസ്തുത ഗൗരവത്തോടെ വേണം കാണാന്‍. കഴിഞ്ഞ ഏതാനും ദിവസമായി 6000ത്തിന് മുകളിലായിരുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസമാണ് 3300ലെത്തിയത്. ഇത് അല്‍പ്പം ആശ്വാസം നല്‍കുന്നു. ഏറ്റവും കൂടുതല്‍ രോഗ ബാധ […]

കോവിഡ് എന്ന മഹാമാരി ലോകത്തെത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും കേരളത്തില്‍ രോഗത്തെ പിടിച്ചുകെട്ടാനുള്ള ശ്രമം എവിടെയും എത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴും ഓരോ ദിവസവും 6,000ത്തിലേറെ പേര്‍ക്ക് രോഗം പിടിപെടുന്നതായാണ് യാഥാര്‍ത്ഥ്യം. രാജ്യത്ത് പ്രതിദിനംറിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നുവെന്ന വസ്തുത ഗൗരവത്തോടെ വേണം കാണാന്‍. കഴിഞ്ഞ ഏതാനും ദിവസമായി 6000ത്തിന് മുകളിലായിരുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസമാണ് 3300ലെത്തിയത്. ഇത് അല്‍പ്പം ആശ്വാസം നല്‍കുന്നു. ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെ എത്തിയിട്ടുണ്ട്. ആകെ രോഗം ബാധിച്ചവരുടെഎണ്ണത്തില്‍ ദേശീയ തലത്തില്‍ കേരളം നാലാമതാണ്. പരിശോധന നടത്തുന്നവരില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ഒരു ഘട്ടത്തില്‍ ഒമ്പത് ശതമാനത്തില്‍ താഴെ എത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അത് 11.63 ശതമാനമായി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടമുറിയാത്ത ഒറ്റ നഗരമെന്ന പോലെ സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയര്‍ന്ന ജന സാന്ദ്രതയും രോഗ വ്യാപന സാധ്യത ഉയര്‍ത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കാന്‍ കാരണവും ഇതാണ്. പൊതുഗതാഗതം സാധാരണ നിലയിലാവുകയും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണം മാറ്റുകയും ചെയ്തതോടെ ജനങ്ങള്‍ പഴയതുപോലെ നഗരങ്ങളില്‍ എത്തിത്തുടങ്ങി. ബസുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ എണ്ണത്തേക്കാള്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ വര്‍ധിച്ചു. വിദ്യാലയങ്ങളടക്കം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കുണ്ടംകുഴി സ്‌കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം ബാധിച്ചത്. പ്ലസ് ടു അടക്കമുള്ള ഉയര്‍ന്ന ക്ലാസുകള്‍ മാത്രമേ ഇപ്പോള്‍ തുറന്നിട്ടുള്ളൂ. മറ്റെല്ലാ ക്ലാസുകളും കൂടി ആരംഭിച്ചാല്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനേ ഇടയുള്ളൂ. എക്കാലവും അടച്ചുപൂട്ടിയിരിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് നീങ്ങുകയേ നിര്‍വ്വാഹമുള്ളൂ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ പരിശോധനക്ക് വിധേയരാകുന്നത് കേരളത്തിലാണ്. രോഗികളുടെ എണ്ണപ്പെരുപ്പത്തിന് മറ്റൊരു കാരണം ഇതാവാം. രോഗം ഭേദമാവുന്നവരുടെ നിരക്കിലും വര്‍ധനവുണ്ടെന്നത് ആശ്വാസം പകരുന്നു. 91.54 ശതമാനം പേര്‍ കേരളത്തില്‍ രോഗ മുക്തി നേടുന്നു. മരണ നിരക്ക് കുറച്ചുകൊണ്ടുവരാനായിട്ടുണ്ട്. ദേശീയ തലത്തില്‍ മരണനിരക്ക് 1.5 ശതമാനമുള്ളപ്പോള്‍ കേരളത്തില്‍ ഇത് 0.41 ശതമാനം മാത്രമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്നെത്തിയെന്നത് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നു. രണ്ടാംഘട്ടമായി ഇതിനകം നിരവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കുമാണ്. പിന്നീടായിരിക്കും പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക. വാക്‌സിന് 250 രൂപയോളം വിലവരുമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് സൗജന്യമായി നല്‍കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ട് മരുന്നുകളാണ് കുത്തിവെക്കേണ്ടത്. രണ്ടാഴ്ച കഴിഞ്ഞതിന് ശേഷമാവും അടുത്ത മരുന്ന് നല്‍കുക. വാക്‌സിന്‍ എടുത്തവര്‍ക്ക് കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മരുന്ന് വന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് ഒഴിവാക്കാന്‍ ശ്രമിക്കരുത്. കോവിഡിന്റെ കാര്യത്തില്‍ ഇനിയും ജാഗ്രത അവസാനിപ്പിക്കാറായിട്ടില്ല.

Related Articles
Next Story
Share it