കെ.എസ്.ആര്‍.ടി.സി.യില്‍ ശുദ്ധികലശം വേണം

വര്‍ഷങ്ങളായി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.യിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് കഴിഞ്ഞ ദിവസം എം.ഡി ബിജു പ്രഭാകര്‍ പുറത്ത് വിട്ടത്. കെ.എസ്.ആര്‍.ടി.സി.യിലെ ധൂര്‍ത്തും അഴിമതിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി പലരും കട്ടുമുടിക്കുകയാണ്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പണമില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുന്നതിനാല്‍ അതിങ്ങിനെ പോയ്‌ക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും നഷ്ടത്തിന്റെ സൂചിക ഉയര്‍ത്തിപ്പിച്ചു കൊണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ ഗുരുതര പ്രശ്‌നങ്ങളാണ് ബിജു പ്രഭാകര്‍ ആരോപിച്ചിരിക്കുന്നത്. ഇന്ധനം ചോര്‍ത്തി വില്‍ക്കല്‍ മുതല്‍ ടിക്കറ്റ് മെഷീനിലെ ക്രിത്രിമം വരെ […]

വര്‍ഷങ്ങളായി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.യിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് കഴിഞ്ഞ ദിവസം എം.ഡി ബിജു പ്രഭാകര്‍ പുറത്ത് വിട്ടത്. കെ.എസ്.ആര്‍.ടി.സി.യിലെ ധൂര്‍ത്തും അഴിമതിയും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്‍ഷങ്ങളായി പലരും കട്ടുമുടിക്കുകയാണ്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും പണമില്ലാതെ വരുമ്പോള്‍ സര്‍ക്കാര്‍ കയ്യയച്ച് സഹായിക്കുന്നതിനാല്‍ അതിങ്ങിനെ പോയ്‌ക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും നഷ്ടത്തിന്റെ സൂചിക ഉയര്‍ത്തിപ്പിച്ചു കൊണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ ഗുരുതര പ്രശ്‌നങ്ങളാണ് ബിജു പ്രഭാകര്‍ ആരോപിച്ചിരിക്കുന്നത്. ഇന്ധനം ചോര്‍ത്തി വില്‍ക്കല്‍ മുതല്‍ ടിക്കറ്റ് മെഷീനിലെ ക്രിത്രിമം വരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വയനാട്ടില്‍ ടിക്കറ്റ് മെഷീനില്‍ ക്രിത്രിമം കാട്ടി ഒരു ജീവനക്കാരന്‍ 45 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷന് വേണ്ടി ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഉയര്‍ന്ന ശമ്പളം പറ്റുന്ന സ്ഥിര ജീവനക്കാരിലും ചിലര്‍ വയനാട്ടില്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം സ്ഥാപനത്തില്‍ ജോലി ചെയ്യാതെ ഇഞ്ചികൃഷി നടത്തുന്നുണ്ടത്രെ. ചിലര്‍ ട്യൂഷന്‍ ക്ലാസുകള്‍ നടത്തുമ്പോള്‍ ചിലേടങ്ങളില്‍ ജീവനക്കാരില്ലാതെ ഷെഡ്യൂളുകള്‍ മുടങ്ങുന്നു. ചില ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരെ ജോലി ചെയ്യിച്ച് മറ്റുള്ളവര്‍ പുറം ജോലികളില്‍ വ്യാപൃതരാണത്രെ.
2012-2015 കാലഘട്ടത്തില്‍ 100 കോടിയുടെ വെട്ടിപ്പ് നടന്നതായും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അന്നത്തെ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. കെ.ടി.ഡി.എഫ്.സി.ക്ക് തിരിച്ചടക്കാന്‍ നല്‍കിയ തുകയില്‍ നിന്നാണത്രെ 100 കോടിയുടെ വെട്ടിപ്പ് നടത്തിയത്. അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ചിലരാണത്രെ ഇതിന് പിന്നില്‍. ഇതേക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലിനെതിരെ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ മുഴുവന്‍ തൊഴിലാളികളെയുമല്ല അദ്ദേഹം ആരോപണത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. അഞ്ചു ശതമാനം പേര്‍ മാത്രമാണത്രെ ഈ ഗണത്തില്‍ പെടുന്നത്. അവരെ ഒഴിവാക്കുകയോ നിലക്കു നിര്‍ത്തുകയോ ചെയ്താല്‍ കെ.എസ്.ആര്‍.ടി.യെ രക്ഷപ്പെടുത്താനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രത്യാശ. കെ.എസ്.ആര്‍.ടി.യെ നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട എം.ഡി.മാര്‍ക്കൊക്കെ സ്ഥാനചലനം സംഭവിച്ച ചരിത്രമേ ഉണ്ടായിട്ടുള്ളു. വെള്ളാനകള്‍ പിന്നെയും അതേപടി അവരുടെ നടപടികളുമായി മുന്നോട്ട് പോകും. ടോമിന്‍ തച്ചങ്കരി, രാജമാണിക്യം, എ. ഹേമചന്ദ്രന്‍ തുടങ്ങിയവരൊക്കെ കെ.എസ്.ആര്‍.സി.യെ നന്നാക്കാനിറങ്ങി സ്ഥാനത്തു നിന്ന് തെറിച്ചവരാണ്. ബിജു പ്രഭാകറും പുതിയ നീക്കവുമായി മുന്നോട്ടു പോകുമ്പോള്‍ എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം. എന്തായാലും കെ.എസ്.ആര്‍.ടി.സി.യെ നഷ്ടത്തില്‍ നിന്ന് കര കയറ്റണമെങ്കില്‍ ഇതില്‍ നടക്കുന്നുവെന്ന് പറയുന്ന ധൂര്‍ത്തും വെട്ടിപ്പും അവസാനിക്കുക തന്നെ വേണം.

Related Articles
Next Story
Share it