ജീവിതഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റ്

ഏവരും പ്രതീക്ഷിച്ചതുപോലെ തന്നെ ക്ഷേമ പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടുള്ള ഒരു ബജറ്റ് ഉണ്ടാവില്ലെന്ന ധാരണ ശരിവെക്കുന്നത് തന്നെയായിരുന്നു ഐസക്കിന്റെ ബജറ്റ്. മൂന്ന് മണിക്കൂറിലേറെ നീണ്ടു നിന്ന ബജറ്റ് പ്രസംഗങ്ങളില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനം സാമ്പത്തികമായി ഏറെ പിന്നോക്കം പോയിട്ടുണ്ടെങ്കിലും താങ്ങുവിലയും ക്ഷേമ പെന്‍ഷനും സൗജന്യ കിറ്റ് […]

ഏവരും പ്രതീക്ഷിച്ചതുപോലെ തന്നെ ക്ഷേമ പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടുള്ള ഒരു ബജറ്റ് ഉണ്ടാവില്ലെന്ന ധാരണ ശരിവെക്കുന്നത് തന്നെയായിരുന്നു ഐസക്കിന്റെ ബജറ്റ്. മൂന്ന് മണിക്കൂറിലേറെ നീണ്ടു നിന്ന ബജറ്റ് പ്രസംഗങ്ങളില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനം സാമ്പത്തികമായി ഏറെ പിന്നോക്കം പോയിട്ടുണ്ടെങ്കിലും താങ്ങുവിലയും ക്ഷേമ പെന്‍ഷനും സൗജന്യ കിറ്റ് വിതരണവുമൊക്കെയായി കോടികളുടെ ബാധ്യതയാണ് തലയിലേറ്റേണ്ടിവന്നിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ച് 1600രൂപയാക്കിയത് പാവപ്പെട്ടവര്‍ക്കും വയോജനങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കും. റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണം തിരഞ്ഞെടുപ്പ് വരെ തുടരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യ കിറ്റിന് കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നീക്കിവെച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോ വീതം അരി നല്‍കാനുള്ള തീരുമാനം. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ സൗജന്യമായി 30 കിലോയോളം അരി നല്‍കി വരുന്നുണ്ട്. കാര്‍ഷികമേഖലയ്ക്കും വലിയ ഊന്നല്‍ നല്‍കിയിട്ടുണ്ട്. റബ്ബറിന്റെ തറവില 150 രൂപയില്‍ നിന്ന് 170 രൂപയാക്കിയത് റബ്ബര്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കുന്നത്. റബ്ബര്‍ കൃഷിതന്നെ ഉപേക്ഷിച്ച് മറ്റ് കാര്‍ഷിക വിളകളിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് തറവില ഉയര്‍ത്തിയിരിക്കുന്നത്. തേങ്ങക്ക് തറവില 28 രൂപയില്‍ നിന്ന് 32 രൂപയാക്കിയത് നാളികേര കര്‍ഷകര്‍ക്കും ആശ്വാസം നല്‍കും. ഇപ്പോള്‍ തേങ്ങക്ക് കിലോവിന് 40 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നുണ്ടെങ്കിലും വില ഇടിയുന്ന വേളയില്‍ അവര്‍ക്ക് തറവില ആശ്വാസമേകും. അംഗന്‍വാടി ടീച്ചര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 1500 രൂപയായും വര്‍ധിപ്പിച്ചു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തി. ലൈഫ് മിഷന്‍ വിവാദത്തില്‍പ്പെട്ട് ഉഴലുന്നുണ്ടെങ്കിലും 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടിക വര്‍ഗകുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള പദ്ധതിക്ക് 2080 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ വീടുകളിലും ലാപ്‌ടോപ്പ് എത്തിക്കുന്ന സംവിധാനം ഓണ്‍ലൈന്‍ പഠനം തുടരുന്ന കുട്ടികള്‍ക്ക് ഏറെ ആശ്വാസം പകരും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് പകുതി വിലക്കാണ് ലാപ്‌ടോപ്പ് നല്‍കുന്നത്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ക്കൊക്കെ കോടികളാണ് ഓരോ പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.
ബജറ്റില്‍ കാസര്‍കോടിനും കരുതല്‍ നല്‍കിയിട്ടുണ്ട്. കാസര്‍കോട് വികസന പാക്കേജിന് 125 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചതിന് പുറമെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ കാസര്‍കോടിന് പ്രഥമ പരിഗണന നല്‍കുമെന്ന് അടിവരയിടുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 19 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അഹ്‌മദിന്റെ പേരില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ആരംഭിക്കാനുള്ള തീരുമാനം ഏറെ സ്വാഗതം ചെയ്യപ്പെടും. കുണ്ടംകുഴിയില്‍ ഇന്‍ഡോര്‍‌സ്റ്റേഡിയം, കയ്യൂര്‍ സമര ചരിത്രമ്യൂസിയം നീലേശ്വരത്ത് ലോ അക്കാദമി സ്റ്റഡി സെന്റര്‍, മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷന്‍, ഉദുമ സ്പിന്നിംഗ് മില്‍ നവീകരണം, കാസര്‍കോട് ഗവ. കോളേജിന് ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ജില്ലയുടെ വികസനത്തിന് ഉതകുന്നവയാണ്. എന്തായാലും ജനങ്ങളില്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റാണ് തോമസ് ഐസക്കിന്റേത്.

Related Articles
Next Story
Share it