അസ്തമിച്ചിട്ടില്ല,<br>ആശ്വാസകിരണങ്ങള്‍

അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഹത്രാസ് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാകുക ഈ ചോദ്യം പരമോന്നത നീതിപീഠം ഉന്നയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ്. ഹത്രാസ് കേസില്‍ രണ്ട് വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് യു.പി സര്‍ക്കാരിനോട് ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തിയത്. പ്രതിഷേധം കലാപത്തിനുള്ള ആഹ്വാനമാകുന്നത് എങ്ങനെയാണെന്നും സിദ്ദിഖ് കാപ്പന്‍ കലാപത്തില്‍ ഉള്‍പ്പെട്ടതിന് വല്ല തെളിവും ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും ആരാഞ്ഞ സുപ്രീംകോടതി കാപ്പന്റെ പക്കല്‍ നിന്ന് തിരിച്ചറിയല്‍ […]

അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഹത്രാസ് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാകുക ഈ ചോദ്യം പരമോന്നത നീതിപീഠം ഉന്നയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ്. ഹത്രാസ് കേസില്‍ രണ്ട് വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് യു.പി സര്‍ക്കാരിനോട് ഇങ്ങനെയൊരു ചോദ്യം ഉയര്‍ത്തിയത്. പ്രതിഷേധം കലാപത്തിനുള്ള ആഹ്വാനമാകുന്നത് എങ്ങനെയാണെന്നും സിദ്ദിഖ് കാപ്പന്‍ കലാപത്തില്‍ ഉള്‍പ്പെട്ടതിന് വല്ല തെളിവും ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും ആരാഞ്ഞ സുപ്രീംകോടതി കാപ്പന്റെ പക്കല്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകളും ചില ലഘുലേഖകളും അല്ലാതെ സ്‌ഫോടകവസതുക്കള്‍ എന്തെങ്കിലും കണ്ടെടുത്തിരുന്നോ എന്നും ചോദിച്ചിട്ടുണ്ട്. കാപ്പനെതിരെ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വാര്‍ത്താ ശേഖരണത്തിനായി ഉത്തര്‍ പ്രദേശിലെത്തിയപ്പോഴാണ് കലാപത്തിന് ശ്രമം നടത്തിയെന്ന കുറ്റം ചുമത്തി സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2020 ഒക്ടോബര്‍ 15നാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 2020 സെപ്തംബര്‍ 14ന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം സ്വന്തം കുടുംബത്തിന് പോലും വിട്ടുനല്‍കാതെ ചുട്ടെരിച്ച് തെളിവ് നശിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സിദ്ദിഖ് കാപ്പന്‍ യു.പിയിലെത്തിയത്. ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുര ടോള്‍ പ്ലാസയില്‍ വെച്ച് സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്നുപേരും പൊലീസ് പിടിയിലാവുകയായിരുന്നു. ഹത്രാസില്‍ ഭിന്നമതക്കാരില്‍ ശത്രുത വളര്‍ത്താനും മതവികാരം വ്രണപ്പെടുത്താനും രാജ്യദോഹത്തിനും ശ്രമിച്ചു എന്നതടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും. യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ രണ്ടുവര്‍ഷക്കാലം യാതൊരു വിധ മാനുഷിക പരിഗണനയും നല്‍കാതെയാണ് കാപ്പനെ ജയിലിടച്ചത്. കാപ്പന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും ശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരുന്നത്. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവാദികളും തോളോട് തോള്‍ ചേര്‍ന്ന് കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പരിണിതഫലം കൂടിയാണ് ഇപ്പോള്‍ ആ മാധ്യമപ്രവര്‍ത്തകന് ലഭിക്കാന്‍ പോകുന്ന മോചനം. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള മറ്റുചില കേസുകള്‍ കൂടി കാപ്പനെതിരെ ചുമത്തിയിരിക്കുന്നതിനാല്‍ മോചനം സംബന്ധിച്ച നടപടികള്‍ അല്‍പ്പം വൈകാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ചുമത്തപ്പെട്ട കുറ്റങ്ങളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ രണ്ടുവര്‍ഷക്കാലം കാപ്പനെ ജയിലില്‍ അടച്ചതിന് യാതൊരു വിധത്തിലുള്ള ന്യായീകരണത്തിനും പ്രസക്തിയില്ലാതാവുകയാണ്. തെളിവില്ലാതെ തടവിലിടുന്നത് നഗ്നമായ മനുഷ്യാവകാശലംഘനവും ഭരണഘടനാവിരുദ്ധവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ഇതിന് യു.പി സര്‍ക്കാരാണ് മറുപടി പറയേണ്ടത്. കുറ്റം ചെയ്യാതെയാണ് ജയിലില്‍ കഴിഞ്ഞതെങ്കില്‍ അത്രയും കാലത്തെ ജയില്‍വാസത്തിന് എന്താണ് പരിഹാരമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തുതന്നെയായാലും നീതിയുടെ വെളിച്ചം കെട്ടുപോയിട്ടില്ലെന്നതിന് തെളിവാണ് കാപ്പന് അനുകൂലമായ സുപ്രീംകോടതി വിധി. തങ്ങളുടെ തെറ്റുകളെ ചോദ്യം ചെയ്യുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കാമെന്ന ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യത്തിനുള്ള തിരിച്ചടിയായും ഈ വിധിയെ വ്യാഖ്യാനിക്കാവുന്നതാണ്.

Related Articles
Next Story
Share it