കാഞ്ഞങ്ങാട്-കാണിയൂര്‍ പാത നഷ്ടപ്പെടരുത്

വടക്കന്‍ കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു കാഞ്ഞങ്ങാട്-കാണിയൂര്‍ പാത. കാഞ്ഞങ്ങാട് നിന്ന് കര്‍ണാടകയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള റെയില്‍പാതകള്‍ക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. മലയോര മേഖലയായ പാണത്തൂര്‍വഴി കടന്നുപോകുന്ന നിര്‍ദ്ദിഷ്ടപാതയ്ക്ക് 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 41 കിലോ മീറ്ററും അവിടെ നിന്ന് കാണിയൂരിലേക്ക് 49 കിലോമീറ്ററും കേരളത്തിന്റെയും കര്‍ണാടയുടെയും സ്ഥലത്തു കൂടിയാണ് റെയില്‍പാത കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ രണ്ട് സംസ്ഥാനങ്ങളും സഹകരിച്ചാല്‍ മാത്രമേ ഈ പദ്ധതി യാഥാര്‍ത്ഥ്യമാവൂ. എന്നാല്‍ കേരളത്തിനുള്ളതുപോലുള്ള താല്‍പ്പര്യം […]

വടക്കന്‍ കേരളത്തിന്റെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു കാഞ്ഞങ്ങാട്-കാണിയൂര്‍ പാത. കാഞ്ഞങ്ങാട് നിന്ന് കര്‍ണാടകയിലേക്ക് എളുപ്പത്തില്‍ എത്താനുള്ള റെയില്‍പാതകള്‍ക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. മലയോര മേഖലയായ പാണത്തൂര്‍വഴി കടന്നുപോകുന്ന നിര്‍ദ്ദിഷ്ടപാതയ്ക്ക് 90 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് 41 കിലോ മീറ്ററും അവിടെ നിന്ന് കാണിയൂരിലേക്ക് 49 കിലോമീറ്ററും കേരളത്തിന്റെയും കര്‍ണാടയുടെയും സ്ഥലത്തു കൂടിയാണ് റെയില്‍പാത കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ രണ്ട് സംസ്ഥാനങ്ങളും സഹകരിച്ചാല്‍ മാത്രമേ ഈ പദ്ധതി യാഥാര്‍ത്ഥ്യമാവൂ.
എന്നാല്‍ കേരളത്തിനുള്ളതുപോലുള്ള താല്‍പ്പര്യം ഇക്കാര്യത്തില്‍ കര്‍ണാടകയ്ക്കില്ല. കിഴക്കന്‍ മലയോര ഗ്രാമങ്ങളിലൂടെ തീവണ്ടി കുതിച്ചുപായുന്ന ചരിത്ര നിമിഷത്തിനായുള്ള മലയോര മേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. പ്രതീക്ഷിക്കുന്ന ചെലവും വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ ലാഭകരമായ പാതയാവുമിതെന്ന് പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട് വിട്ടാല്‍ പാണത്തൂരിലേക്ക് വെറും 20 മിനുട്ട് മതി. അടുത്ത 20 മിനുട്ടില്‍ സുള്ള്യയിലെത്തും. വീണ്ടും രണ്ട് മണിക്കൂര്‍ യാത്രകൊണ്ട് ഹാസനിലെത്താം. ഇവിടെ നിന്ന് ശ്രാവണ ബല്‍ഗൊള വഴിയുള്ള പാതയില്‍ കയറിയാല്‍ ആകെ ആറ് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലെത്താനാവും. 1500 കോടിയോളം രൂപയാണ് നിര്‍ദ്ദിഷ്ട റെയില്‍പാതയ്ക്ക് വേണ്ടി വരിക. പകുതി തുക കേന്ദ്രം നല്‍കും. ബാക്കി വരുന്ന പണം കേരളവും കര്‍ണാടകവും തുല്യമായി നല്‍കണം. പണം നല്‍കാമെന്ന സമ്മത പത്രം ഇരു സംസ്ഥാനങ്ങളും കേന്ദ്രത്തിന് കൈമാറണം. കേരളം ഇതിനകം തന്നെ സമ്മത പത്രം നല്‍കിക്കഴിഞ്ഞു. എന്നാല്‍ കര്‍ണാടക മടിച്ചു നില്‍ക്കുകയാണ്. അവര്‍ ഈ വിഷയത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2008-2009 ലെ റെയില്‍വെ ബജറ്റിലാണ് പദ്ധതിക്ക് ആദ്യപച്ചക്കൊടി ഉയര്‍ന്നത്. 2008 നവംബറില്‍ പാണത്തൂര്‍ വഴിയുള്ള പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കി. ഇ. അഹ്‌മദ് റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ രണ്ടാം ഘട്ട സര്‍വ്വേ നടന്നു. 2015 മാര്‍ച്ച് 30ന് ട്രാഫിക് ഇക്കോണമിക് വിഭാഗത്തിലേതുള്‍പ്പെടെയുള്ള അന്തിമഘട്ട സര്‍വ്വെയും പൂര്‍ത്തിയാക്കി. ഈ റിപ്പോര്‍ട്ട് റെയില്‍വെയുടെ ചെന്നൈ ചീഫ് കണ്‍സ്ട്രക്ഷന്‍ മാനേജരുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തിരുന്നു. അതിനു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. കര്‍ണാടകയുടെ സമ്മത പത്രം ലഭ്യമാക്കിയാല്‍ മാത്രമേ പദ്ധതി മുമ്പോട്ട് പോകൂ. കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം പാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന് കേരളം അറിയിച്ചിട്ടുണ്ട്. അതിന് പുറമെയാണ് പദ്ധതിക്ക് വേണ്ടിവരുന്ന തുകയില്‍ ഒരു ഭാഗവും നല്‍കാമെന്ന ഉറപ്പ് നല്‍കിയത്. കര്‍ണാടക സര്‍ക്കാരുമായി ഇക്കാര്യത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പല തവണ കര്‍ണാടകയില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇപ്പോള്‍ കര്‍ണാടകയുടെ സമ്മത പത്രമില്ലാതെയാണ് റെയില്‍വേ ബോര്‍ഡിലേക്ക് പദ്ധതി റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്. ഈ പാത വന്നാല്‍ കേരളത്തിനെന്ന പോലെ കര്‍ണാടകക്കും വലിയ തോതില്‍ പ്രയോജനപ്പെടുമെന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ കേരളത്തിന് കഴിയണം. അതിനിടെ പാത അട്ടിമറിക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്ന് ഉണ്ടാവുന്നുണ്ടോ എന്നും സംശയിക്കണം. കാസര്‍കോടിനെ അവഗണിച്ച് തലശേരി-മൈസൂരു പാത കൊണ്ടുവരാനുള്ള ശ്രമം ചിലര്‍ നടത്തുന്നുണ്ട്. ഈ പാതയുടെ കാര്യത്തില്‍ കണ്ണൂരിലെ ചില രാഷ്ട്രീയ നേതാക്കള്‍ ചരടുവലിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. കാണിയൂര്‍പാതയ്ക്ക് വേണ്ടിയുള്ള സമരസമിതി നിലവിലുണ്ട്. എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ട് വന്ന് കര്‍ണാടക മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി സമ്മത പത്രം കേന്ദ്രത്തിന് അയച്ചുകൊടുക്കാനുള്ള നടപടി ഉണ്ടാവണം. വരുന്ന് കേന്ദ്ര ബജറ്റിന് മുമ്പ് ഇത് സാധ്യമാക്കണം.

Related Articles
Next Story
Share it