ഇളവുകള്‍ നല്‍കുമ്പോഴും ജാഗ്രത കൈവിടരുത്

കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടും കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. രോഗ വ്യാപനം നിയന്ത്രിക്കുന്ന തിന് സംസ്ഥാനത്തെ സഹായിക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. രാജ്യത്ത് ആക്ടീവ് കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ രാജ്യത്ത് രോഗബാധിതരായിട്ടുള്ളവരില്‍ 25 ശതമാനവും […]

കോവിഡ് രോഗ വ്യാപനം രൂക്ഷമായിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെല്ലാം സ്ഥിതിഗതികള്‍ ഏറെ മെച്ചപ്പെട്ടിട്ടും കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്ര സംഘം കഴിഞ്ഞദിവസം കേരളത്തിലെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. രോഗ വ്യാപനം നിയന്ത്രിക്കുന്ന തിന് സംസ്ഥാനത്തെ സഹായിക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. രാജ്യത്ത് ആക്ടീവ് കേസുകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ രാജ്യത്ത് രോഗബാധിതരായിട്ടുള്ളവരില്‍ 25 ശതമാനവും കേരളത്തിലാണ്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 21 ശതമാനമാണ് ആക്ടിവ് കേസുകള്‍. ഈ രണ്ട് സംസ്ഥാനങ്ങളിലുമായാണ് ഇന്ത്യയിലെ ഇപ്പോഴുള്ള കോവിഡ് രോഗികളില്‍ പകുതിയും. മഹാരാഷ്ട്രയില്‍ കേസുകളും രോഗ വ്യാപനവും കുറഞ്ഞു വരുമ്പോള്‍ കേരളത്തില്‍ 10 ശതമാനത്തിലേറെയാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. ദേശീയ ശരാശരി രണ്ട് ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണിത്. 65,000ത്തില്‍ ഏറെ ആക്ടീവ് കേസുകള്‍ ഉള്ള കേരളത്തില്‍ 3,200ലേറെ പേരാണ് കോവിഡ് മൂലം മരിച്ചത്. വൈറസിന്റെ പുതിയ വകഭേദവും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിവേഗം പടരുന്നതാണ് ജനിതകമാറ്റം വന്ന വൈറസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 35,038 പുതിയ കോവിഡ് കേസുകളാണ് കേരളത്തില്‍ കണ്ടെത്തിയത്. രാജ്യത്ത് മറ്റൊരിടത്തും ഇത്രയേറെ പുതിയ കേസുകള്‍ ഉണ്ടാവുന്നില്ല. രാജ്യത്തെ പ്രതിദിന വര്‍ധന തുടര്‍ച്ചയായി 20,000ത്തില്‍ താഴെയാണ്. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പടരുന്നു എന്ന് കണക്കാക്കുന്നതാണ് ആര്‍ വാല്യൂ. ഇതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലും കേരളമാണ് മുന്നില്‍. ആര്‍ വാല്യൂ ഒന്നില്‍ താഴെയായാല്‍ ആക്ടീവ് കേസുകള്‍ കുറയും. ഒന്നില്‍ കൂടുതലാവുമ്പോള്‍ രോഗ ബാധിതരുടെ എണ്ണവും വര്‍ധിക്കും. അടുത്തിടെ കേരളത്തിലെ ആര്‍ വാല്യു ഒന്നില്‍ കൂടുതലായിട്ടുണ്ട്. ദേശീയ ശരാശരി ഒന്നില്‍ താഴെയാണ്. കൂടുതല്‍ ആക്ടീവ് കേസുകളുള്ള 15 സംസ്ഥാനങ്ങളില്‍ അടുത്തിടെ ആര്‍ വാല്യു ഒന്നില്‍ കൂടുതല്‍ ഉണ്ടായത് കേരളത്തില്‍ മാത്രമാണത്രെ. മരണ സംഖ്യ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതിലാണ് കേരളത്തിന് ആശ്വസിക്കാന്‍ വകയുള്ളത്. ഓരോ ദിവസവുമുള്ള മരണങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. അവസാന ദിവസം രാജ്യത്ത് മൊത്തം രേഖപ്പെടുത്തിയത് 264 കോവിഡ് മരണങ്ങളാണ്. ഇതില്‍ 64 ഉം മഹാരാഷ്ട്രയിലാണ്. രാജ്യത്തെ മൊത്തം കേസുകള്‍ ഒരു കോടി മൂന്ന് ലക്ഷത്തോടടുക്കുകയാണ്. ഇതില്‍ ഒരു കോടി ആളുകള്‍ക്കും രോഗമുക്തി ലഭിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. പ്രതിരോധ നടപടികളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കരുതെന്ന് അദ്ദേഹം പറയുകയുണ്ടായി. അതിനിടെ വാക്‌സിനുകളുടെ വിതരണം സംബന്ധിച്ച പരിശീലനം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. വിതരണത്തിനുള്ള എല്ലാ ക്രമീകരണങ്ങളും കേരളത്തിലും പൂര്‍ത്തിയായിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ രാജ്യത്തെ 40 ലധികം സംഭരണ ശാലകളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു. എന്തായാലും വാക്‌സിന്‍ എത്തി എന്നതുകൊണ്ട് ജാഗ്രത കൈവിടരുത്. ഇളവുകള്‍ നല്‍കുമ്പോള്‍ അത് ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുത്.

Related Articles
Next Story
Share it