ഇത് പൊറുക്കാനാവാത്ത ഗുരുതര വീഴ്ചകള്‍

ആരോഗ്യമേഖലയില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിക്കാണിക്കാറുള്ളത് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളായിരുന്നു. സമീപകാലം വരെ മെച്ചപ്പെട്ട ചികിത്സാരീതികളും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഫലപ്രദമായ സേവനവും കൊണ്ട് ലോകാരോഗ്യസംഘടനയുടെ പോലും പ്രശംസയും അംഗീകാരവും കേരളത്തിലെ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ മതിയായ ചികിത്സകള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും ഡോക്ടര്‍മാര്‍ ഉണ്ടാകുന്നില്ലെന്നുമുള്ള പരാതികള്‍ വീണ്ടും ഉയരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയുള്ള പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പോരായ്മകള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലാണ് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്ക് […]

ആരോഗ്യമേഖലയില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിക്കാണിക്കാറുള്ളത് കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികളായിരുന്നു. സമീപകാലം വരെ മെച്ചപ്പെട്ട ചികിത്സാരീതികളും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഫലപ്രദമായ സേവനവും കൊണ്ട് ലോകാരോഗ്യസംഘടനയുടെ പോലും പ്രശംസയും അംഗീകാരവും കേരളത്തിലെ ആരോഗ്യവകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ മതിയായ ചികിത്സകള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും ഡോക്ടര്‍മാര്‍ ഉണ്ടാകുന്നില്ലെന്നുമുള്ള പരാതികള്‍ വീണ്ടും ഉയരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയുള്ള പരാതികള്‍ ഉണ്ടായിരുന്നുവെങ്കിലും പോരായ്മകള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലാണ് സര്‍ക്കാര്‍ ആസ്പത്രികളുടെ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ക്ക് വീണ്ടും തുടക്കമായത്. ആവശ്യത്തിന് ചികിത്സ കിട്ടാതെയുള്ള മരണങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടും നഷ്ടമാകാന്‍ ഇടവരുത്തുകയാണ്. പത്തനംതിട്ട റാന്നിയില്‍ പന്ത്രണ്ടുകാരി അഭിരാമി നായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത് ചികിത്സയുടെ കാര്യത്തില്‍ പത്തനംതിട്ട ജനറല്‍ ആസ്പത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന വീഴ്ചയെക്കുറിച്ചാണ്. നായയുടെ കടിയേറ്റപ്പോള്‍ അഭിരാമിയെ ആദ്യം എത്തിച്ചിരുന്നത് പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലായിരുന്നു. എന്നാല്‍ കുട്ടിയുടെ മുറിവ് കഴുകി വൃത്തിയാക്കാന്‍ ആസ്പത്രി ജീവനക്കാര്‍ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണമാണ് മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. പകരം മുറിവുകളെല്ലാം സോപ്പിട്ട് വൃത്തിയാക്കാന്‍ ജീവനക്കാര്‍ അഭിരാമിയുടെ മാതാപിതാക്കളോട് തന്നെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ തന്നെ സോപ്പ് വാങ്ങിക്കൊണ്ടുവന്ന് കുട്ടിയുടെ മുറിവ് വൃത്തിയാക്കി. ജീവനക്കാര്‍ മുറിവ് വൃത്തിയാക്കുന്ന രീതിയില്‍ ചെയ്യാന്‍ ഇവര്‍ക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നല്‍കാനായിരുന്നു നിര്‍ദേശം. അതിന്റെ ഫലം വന്നതിന് ശേഷം വാക്‌സിനും ഇമ്മ്യൂണോഗ്ലോബിലിനും എടുത്തപ്പോഴേക്കും ആസ്പത്രിയിലെത്തി ഒരുമണിക്കൂര്‍ നേരം കഴിഞ്ഞിരുന്നു. മുഖത്തും ദേഹത്തുമെല്ലാം ആഴത്തില്‍ നായയുടെ കടിയേറ്റ കുട്ടിക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സ നല്‍കേണ്ടതിന് പകരം പല കാരണങ്ങളും പറഞ്ഞ് ചികിത്സ വൈകിപ്പിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ വിദഗ്ധ ചികിത്സ നല്‍കി കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജനറല്‍ ആസ്പത്രിയില്‍ വൈകി ചികിത്സ നല്‍കിയതിന് ശേഷമാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ ആസ്പത്രികളില്‍ നിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ വിലപ്പെട്ട ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടവരുത്തുകയാണ്. ഈയിടെയാണ് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ട സംഭവമുണ്ടായത്. എറണാകുളം രാജഗിരി ആസ്പത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ വൃക്ക തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ഉടന്‍ തന്നെ എത്തിച്ചിരുന്നെങ്കിലും നാല് മണിക്കൂര്‍ വൈകിയാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. അപ്പോഴേക്കും രോഗി മരിച്ചിരുന്നു. സര്‍ക്കാര്‍ ആസ്പത്രികളിലെ ഇത്തരം അനാസ്ഥകള്‍ക്ക് തടയിടാന്‍ ആരോഗ്യവകുപ്പിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഈ നില തുടര്‍ന്നാല്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ പാവപ്പെട്ട രോഗികള്‍ക്ക് അപ്രാപ്യമാകുന്ന അവസ്ഥയുണ്ടാകും. അതിന് ഇടവരുത്തരുത്. അടിയന്തിര ചികിത്സയും ശസ്ത്രക്രിയയും വേണ്ടവര്‍ക്ക് അത് ലഭിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ സേവനം ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

Related Articles
Next Story
Share it