പുതുവര്‍ഷം പുലരുമ്പോള്‍

നഷ്ടപ്പെട്ട ഒരു വര്‍ഷമായി 2020നെ ചരിത്രം അടയാളപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കോവിഡ് മഹാമാരിയില്‍ അമര്‍ന്ന് മനുഷ്യന്‍ വളരെ നിസ്സാരനാണെന്ന് പഠിപ്പിച്ച ഒരു വര്‍ഷത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇത്രയും ദുരിതവും ഭീതിയും സൃഷ്ടിച്ച ഒരു വര്‍ഷം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരി നാടാകെ പടരുന്ന ചിത്രമാണ് പിന്നീട് കണ്ടത്. വളരെ പെട്ടന്നാണ് ലോകമാകെ വൈറസ് പടര്‍ന്നത്. 15 ലക്ഷത്തിലേറെ പേരെയാണ് ലോകത്തിന് നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേര്‍ മരിച്ചു. ഭൗതിക […]

നഷ്ടപ്പെട്ട ഒരു വര്‍ഷമായി 2020നെ ചരിത്രം അടയാളപ്പെടുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കോവിഡ് മഹാമാരിയില്‍ അമര്‍ന്ന് മനുഷ്യന്‍ വളരെ നിസ്സാരനാണെന്ന് പഠിപ്പിച്ച ഒരു വര്‍ഷത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇത്രയും ദുരിതവും ഭീതിയും സൃഷ്ടിച്ച ഒരു വര്‍ഷം അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല. ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരി നാടാകെ പടരുന്ന ചിത്രമാണ് പിന്നീട് കണ്ടത്. വളരെ പെട്ടന്നാണ് ലോകമാകെ വൈറസ് പടര്‍ന്നത്. 15 ലക്ഷത്തിലേറെ പേരെയാണ് ലോകത്തിന് നഷ്ടപ്പെട്ടത്. ഇന്ത്യയില്‍ മാത്രം ഒന്നര ലക്ഷത്തോളം പേര്‍ മരിച്ചു. ഭൗതിക സങ്കല്‍പ്പത്തിനപ്പുറമുള്ള ഒരു ശക്തിക്ക് മുമ്പില്‍ മനുഷ്യന്‍ എത്ര നിസ്സാരനാണെന്ന പാഠമാണ് പഠിപ്പിക്കുന്നത്. മനുഷ്യന്റെ അഹന്തക്ക് ഏറ്റ തിരിച്ചടിയായി ഇതിനെ ചരിത്രം വിലയിരുത്തുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് കേസ് ജനുവരി 30ന് തൃശൂരിലാണ് സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയിലാണ് വൈറസ് കണ്ടെത്തിയത്. മാര്‍ച്ച് 12ന് കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയില്‍ രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 22ന് ശേഷം മെയ് 3 വരെ രാജ്യം ലോക്ഡൗണിലേക്ക് പോയി. മാര്‍ച്ച് അവസാനത്തോടെ ആയിരം കടന്ന കോവിഡ് രോഗികളുടെ എണ്ണം പിന്നീട് പതിനായിരങ്ങളും കടന്ന് മുന്നോട്ട് പോയി. ലോക്ഡൗണും ക്വാറന്റൈനും യാത്രാ വിലക്കുകളും സാമ്പത്തിക കുഴപ്പങ്ങളും തൊഴില്‍ നഷ്ടവുമെല്ലാം മനുഷ്യരെ വേട്ടയാടിയപ്പോള്‍ ജീവിതം ദുസ്സഹമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. കോവിഡിന് മരുന്ന് എത്തിത്തുടങ്ങിയെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. നിരാശകള്‍ക്കപ്പുറം പ്രതീക്ഷയുടെ നാമ്പുകള്‍ മനുഷ്യര്‍ക്കിടയിലുണ്ടെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുന്നു. അറിയപ്പെടുന്നതും അല്ലാത്തതുമായ എത്രയോ പേരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. 4000ത്തോളം പേരാണ് കേരളത്തില്‍ മാത്രം മരിച്ചത്. കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നാം കാണാതിരുന്നുകൂട. ഈ മഹാമാരിയെ തുടര്‍ന്നും നാം പ്രതിരോധിച്ചു കൊണ്ടേയിരിക്കണമെന്നാണ് ബ്രിട്ടനില്‍ നിന്നൊക്കെ വരുന്ന പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തിരിച്ചറിയേണ്ടത്. പൊതുജനാരോഗ്യത്തോടൊപ്പം പൊതു വിദ്യാഭ്യാസം, തൊഴില്‍മേഖല തുടങ്ങിയവയൊക്കെ പഴയ നിലയിലേക്ക് തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. രോഗത്തിന്റെ വ്യാപനത്തെ പിടിച്ചുകെട്ടുകയും സമൂഹത്തെ സാമ്പത്തിക വിനാശത്തിലേക്ക് തള്ളിയിടാതിരിക്കുകയും ചെയ്യുകയെന്നത് ഭരണാധികാരികളുടെ കടമയാണ്. ഗുരുതരമായേക്കാവുന്ന തൊഴില്‍ നഷ്ടങ്ങളും അതികഠിനമായ അസ്വാതന്ത്ര്യങ്ങളും ചേര്‍ന്ന് നമ്മെ പിന്നോട്ട് കൊണ്ടു പോകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
കേരളത്തെ സംബന്ധിച്ചടുത്തോളം വിവാദങ്ങളുടെ വര്‍ഷമാണ് കടന്നുപോയത്. സ്വര്‍ണ്ണക്കേസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. അതിനിടയില്‍ ജനാധിപത്യത്തെ ചവറ്റുകൊട്ടയിലെറിയാതെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതികളെ ഭരണം ഏല്‍പ്പിക്കാനുണ്ടായ ധീരമായ ചുവടുവെപ്പ് ജനാധിപത്യത്തിന് ഊന്നല്‍നല്‍കുന്നതായി. സാംസ്‌കാരിക രംഗത്തും കായിക രംഗത്തും ഒട്ടേറെ വ്യക്തികളെ നഷ്ടപ്പെട്ട വര്‍ഷം കൂടിയാണ് 2020. രാഷ്ട്രീയ കൊലകള്‍ക്കും ദുരഭിമാനക്കൊലകള്‍ക്കും അവസാനമുണ്ടായില്ല. സാക്ഷരതയില്‍ അഭിമാനം കൊള്ളുന്ന, നവോത്ഥാനത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് ഇതൊക്കെ നടക്കുന്നത്. പുതിയവര്‍ഷം പിറക്കുമ്പോള്‍ ഏറെ പ്രതീക്ഷയുള്ള ഒരു പുലരിയെയാണ് സ്വപ്‌നം കാണുന്നത്. വായനക്കാര്‍ക്ക് ഉത്തരദേശത്തിന്റെ പുതുവത്സരാശംസകള്‍.

Related Articles
Next Story
Share it