നഗരപിതാവ് അറിയാന്‍

കാസര്‍കോട് നഗരസഭയില്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കയാണ്. പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ ആസ്ഥാനത്തെ നഗരസഭയാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യവുമുണ്ട്. കാസര്‍കോട് വികസിക്കുമ്പോള്‍ അത് ജില്ലയുടെ വികസനം കൂടിയാവുന്നു. തിരുവനന്തപുരത്ത് ആര്യയും പത്തനം തിട്ടയില്‍ രേഷ്മാ മറിയം റോയിയും യുവത്വത്തിന്റെ പ്രതീകമായി ഭരണസാരഥ്യത്തിലെത്തുമ്പോള്‍ അത് കേരളം കാണിച്ചുകൊടുത്ത മറ്റൊരു മാതൃകയായി മാറുന്നു. കാസര്‍കോട്ടും അഡ്വ. മുനീറിനെ പോലുള്ള യുവനിരയില്‍ നിന്നുള്ള ഒരു ചെയര്‍മാനാണ് ഭരണസാരഥ്യത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ പൊതുമരാമത്ത് […]

കാസര്‍കോട് നഗരസഭയില്‍ അഡ്വ. വി.എം മുനീറിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കയാണ്. പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ ആസ്ഥാനത്തെ നഗരസഭയാണ് കാസര്‍കോട്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യവുമുണ്ട്. കാസര്‍കോട് വികസിക്കുമ്പോള്‍ അത് ജില്ലയുടെ വികസനം കൂടിയാവുന്നു. തിരുവനന്തപുരത്ത് ആര്യയും പത്തനം തിട്ടയില്‍ രേഷ്മാ മറിയം റോയിയും യുവത്വത്തിന്റെ പ്രതീകമായി ഭരണസാരഥ്യത്തിലെത്തുമ്പോള്‍ അത് കേരളം കാണിച്ചുകൊടുത്ത മറ്റൊരു മാതൃകയായി മാറുന്നു. കാസര്‍കോട്ടും അഡ്വ. മുനീറിനെ പോലുള്ള യുവനിരയില്‍ നിന്നുള്ള ഒരു ചെയര്‍മാനാണ് ഭരണസാരഥ്യത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച മുനീറിന് ഭരണം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമുണ്ടായിരിക്കില്ല. മുന്‍ ഭരണസമിതി തുടങ്ങി വെച്ച പല പദ്ധതികളും മുമ്പോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിന് പുറമെ വേണം വരുന്ന അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യാന്‍. കാസര്‍കോട് നഗരത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളായ ശുചീകരണം, ഗതാഗതക്കുരുക്ക് അഴിക്കല്‍, കുടിവെള്ള പ്രശ്‌നം, തെരുവ് വിളക്കുകള്‍ തുടങ്ങിയവയിലൊക്കെ കാസര്‍കോടിന് ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

കാസര്‍കോടിനെ അലട്ടുന്ന വലിയൊരു പ്രശ്‌നമാണ് ശുചീകരണം. മാലിന്യ സംസ്‌കരണത്തിന് സ്ഥിരമായ ഒരു സംവിധാനം കാസര്‍കോട് നഗരസഭക്കില്ല. കേളുഗുഡ്ഡെയില്‍ മാലിന്യം തള്ളിക്കൊണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവിടുന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ മാന്യയില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കാരണം അതും യാഥാര്‍ത്ഥ്യമായില്ല. പിന്നീട് കേട്ടത് സിംഗപ്പൂര്‍ മാതൃകയില്‍ വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്നായിരുന്നു. അതൊക്കെ കടലാസിലൊതുങ്ങിയപ്പോള്‍ നഗരമധ്യത്തില്‍ പലയിടങ്ങളിലായി ചപ്പുചവറുകളും പ്ലാസ്റ്റിക്കും കത്തിക്കുന്ന അവസ്ഥയിലേക്കാണ് എത്തിയത്. പുതിയ ടെക്‌നോളജി ഉപയോഗിച്ച് എന്തേ കാസര്‍കോടിനൊരു മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചുകൂട. ജൈവമാലിന്യത്തെയും അജൈവ മാലിന്യത്തെയും വേര്‍തിരിക്കുന്ന രീതിയിലുള്ള ഒരു പ്ലാന്റാവണമിത് ജൈവാവസ്ഥയിലുള്ളവയെ ഉപയോഗിച്ച് വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയൊക്കെ ഉള്ളപ്പോള്‍ ഇതേപ്പറ്റി ആലോചിക്കണം. നമുക്ക് വേണ്ടത് സ്ഥിരമായൊരു സംവിധാനമാണ്. മത്സ്യമാര്‍ക്കറ്റാണ് ഗുരുതരമായ ആക്ഷേപമുയരുന്ന മറ്റൊന്ന്. കോടികള്‍ മുടക്കിയാണ് മത്സ്യമാര്‍ക്കറ്റ് സ്ഥാപിച്ചത്. എന്നിട്ടും മത്സ്യവില്‍പ്പന ഇപ്പോഴും റോഡിലാണ്. അശാസ്ത്രീയമായ നിര്‍മ്മാണവും ദീര്‍ഘവീക്ഷണവുമില്ലായ്മ മൂലവുമാണ് ഇത്തരമൊരു മണ്ടത്തരം പിണഞ്ഞത്. മത്സ്യമാര്‍ക്കറ്റ് ശുചീകരിക്കാന്‍ വേണ്ടത്ര ജലലഭ്യത ഉറപ്പുവരുത്താന്‍ പോലും സാധിക്കാതെ പോയി. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തില്‍ നിന്നും ഇനിയും കോടികളുടെ ഫണ്ട് ലഭിക്കും. ശാസ്ത്രീയമായ രീതിയില്‍ മത്സ്യമാര്‍ക്കറ്റിലെ പോരായ്മകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ മത്സ്യമാര്‍ക്കറ്റില്‍ എത്താനുള്ള സൗകര്യമുണ്ടാവണം. കാസര്‍കോട് നിന്ന് തുടങ്ങിയാല്‍ നായന്മാര്‍മൂല വരെ വഴിയോരങ്ങളിലാണ് മത്സ്യവില്‍പ്പന. നല്ല മത്സ്യ മാര്‍ക്കറ്റ് ഉണ്ടടായാല്‍ ഇതിനൊക്കെ പരിഹാരമാവും.
ശൗചാലയത്തിന്റെ കാര്യത്തിലും നഗരസഭക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. പുതിയ ബസ്സ്റ്റാന്റിലും പഴയ ബസ്സ്റ്റാന്റിലും ആധുനിക രീതിയിലുള്ള ശൗചാലയങ്ങള്‍ വേണം. ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന നഗരത്തില്‍ ആധുനിക രീതിയിലുള്ള ശൗചാലയമില്ലെന്ന് പറയുന്നത് തന്നെ നാണക്കേടാണ്. താലൂക്ക് ഓഫീസ് പരിസരം, കലക്ടറേറ്റ് എന്നിവിടങ്ങളിലും ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന സ്ഥലങ്ങളാണ്. ഇവിടെയും ആധുനിക രീതിയിലുള്ള ശൗചാലയങ്ങള്‍ വരണം.

നഗരത്തിലെ ഗതാഗത കുരുക്കിനും പാര്‍ക്കിംഗിനും പരിഹാരമുണ്ടാവണം. പാര്‍ക്കിങ്ങിന് നഗരസഭയുടെ കൈവശം വേണ്ടത്ര സ്ഥലമില്ലെന്നത് ഒരു പോരായ്മയാണ്.സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് ഇത് പരിഹരിക്കാനാവണം. പഴയ ബസ്സ്റ്റാന്റില്‍ ബസുകള്‍ ആളുകളെ ഇറക്കാനും കയറ്റാനും ജനറല്‍ ആസ്പത്രി മുതല്‍ ബദ്‌രിയ ഹോട്ടലിന് മുന്‍വശം വരെ നിര്‍ത്തിയിടുകയാണ്. ഒരു ബസ്സ്റ്റാന്റ് ഉണ്ടായാല്‍ ഈ സംവിധാനത്തിന് മാറ്റം വരുത്താനാവും. ഗതാഗതക്കുരുക്കഴിക്കാനും പറ്റും. പാതയോരത്തെ തെരുവ് കച്ചവടം ഒഴിവാക്കി അവര്‍ക്ക് മറ്റെവിടെയെങ്കിലും സൗകര്യം ചെയ്തുകൊടുക്കണം. തെരുവ് വിളക്കുകള്‍ പലതും കത്താത്തവയാണ്. സൂര്യന്‍ അസ്തമിക്കുമ്പോള്‍ തന്നെ നഗരം ഇരുട്ടിലേക്ക് പോകുന്നത് അനുവദിച്ചു കൂടാത്തതാണ്.

കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് വേദിയൊരുക്കാനാണ് പുലിക്കുന്നില്‍ സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിച്ചത്. നേരത്തെ ഉറങ്ങുന്ന നഗരം എന്ന പോരായ്മ മാറ്റിയെടുക്കാന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ കുറേ പരിപാടികള്‍ നടത്തി. കൊറോണ എന്ന മഹാമാരി വന്നതോടെയാണ് അത് നിലച്ചത്. അത് തിരികെ കൊണ്ടുവരുമ്പോള്‍ ഓഡിറ്റോറിയം കുറേ കൂടി വികസിപ്പിക്കണം. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു ഗ്രീന്‍ റൂം സൗകര്യം പോലും ഇവിടെയില്ല. സ്റ്റേജിന് പിന്നിലോ വശങ്ങളിലോ ഇതിനുള്ള സൗകര്യം കണ്ടെത്തണം.
കുടിവെള്ളത്തിന്റെ കാര്യത്തിലും കാസര്‍കോടിന് ഏറെ മുന്നോട്ട് പോവാനുണ്ട്. ബാവിക്കര പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഉപ്പുവെള്ളത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷിക്കാം. ചന്ദ്രഗിരി പുഴയില്‍ നിന്ന് വെള്ളമെടുത്ത് ശുചീകരിച്ച് കുടിക്കാനല്ലാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഒരു പദ്ധതി നേരത്തെ കേട്ടിരുന്നു. ഗസ്റ്റ് ഹൗസിനടുത്ത് വലിയ ടാങ്കുണ്ട്. ഇതിലേക്ക് വെള്ളം എത്തിക്കാനായാല്‍ ഇത് നഗരത്തിലുള്ള പല ആവശ്യങ്ങള്‍ക്കും ഉപകരിക്കും.

കാസര്‍കോടിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ചിലത് മാത്രമാണിവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മുന്‍ഭരണ സമിതി തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടുകളില്‍ പലതും നടപ്പിലാക്കാനുണ്ട്. അതിലേക്കൊക്കെ ശ്രദ്ധ പതിയണം. കഴിഞ്ഞ ഭരണസമിതിയിലെ പരിചയം മുനീറിന് മുതല്‍ കൂട്ടാവുമെന്നതില്‍ സംശയമില്ല. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിപ്പിച്ച് കൊണ്ടു പോകാനും നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി മുന്നോട്ട് പോകാനും കഴിയുമെന്ന് പ്രത്യാശിക്കാം.

Related Articles
Next Story
Share it