സാക്ഷര കേരളത്തിലും ദുരഭിമാനക്കൊല

സാക്ഷരതയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ട് ഇതരജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് കുത്തേറ്റു മരണപ്പെടുകയുണ്ടായി. പാലക്കാട് തേങ്കുറിശ്ശി ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകനായ 27 കാരനായ അനീഷ് എന്ന അപ്പുവാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഇതരജാതികുടുംബത്തിലെ പെണ്‍കുട്ടിയെ പിന്നോക്ക വിഭാഗക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ് ബന്ധുക്കളെ […]

സാക്ഷരതയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ട് ഇതരജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവ് കുത്തേറ്റു മരണപ്പെടുകയുണ്ടായി. പാലക്കാട് തേങ്കുറിശ്ശി ഇലമന്ദം അറുമുഖന്റെയും രാധയുടെയും മകനായ 27 കാരനായ അനീഷ് എന്ന അപ്പുവാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനുമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഇതരജാതികുടുംബത്തിലെ പെണ്‍കുട്ടിയെ പിന്നോക്ക വിഭാഗക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ജീവനിലേറെ സ്‌നേഹിച്ചവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടവളാണ് ഹരിത. വിവാഹശേഷം ഹരിതയുടെ അച്ഛനും അമ്മാവനും നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അനീഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പരാതി വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. ഇത് പ്രതികള്‍ക്ക് പ്രോത്സാഹനമായെന്നും അനീഷിന്റെ അച്ഛന്‍ അറുമുഖന്‍ പറയുന്നു. പ്രതികളെ താക്കീത് ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ലത്രെ. അറസ്റ്റിലായവര്‍ മുമ്പ് കൊലപാതകശ്രമവും അടിപിടിയുമടക്കമുള്ള കേസില്‍ പ്രതികളാണെന്ന പശ്ചാത്തലം പൊലീസ് ഗൗരവമായെടുത്തില്ല. ഒന്നിച്ച് മൂന്നു മാസം തികച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അച്ഛനും അമ്മാവനും ഭീഷണി മുഴക്കിയിരുന്നുവത്രെ. കേരളത്തില്‍ ഓരോ വര്‍ഷവും ദുരഭിമാനക്കൊലകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇരുകൂട്ടര്‍ക്കും തമ്മിലുള്ള ജാതി പ്രശ്‌നം മാത്രമല്ല, സാമ്പത്തികമായ വ്യത്യസ്തതയും കൊലയില്‍ കൊണ്ടു ചെന്നെത്തിക്കുന്നു. 2018 മെയ് 27ന് രാത്രി കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫ് കൊല്ലപ്പെട്ടത് കേരളം ഏറെ ചര്‍ച്ച ചെയ്തിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും മകനുമുള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍. ഇത് ദുരഭിമാനക്കൊലയെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. കാസര്‍കോടിനും 20 വര്‍ഷം മുമ്പ് നടന്ന ഒരു ദുരഭിമാനക്കൊലയുടെ ചരിത്രമുണ്ട്. കാസര്‍കോട് വിദ്യാനഗര്‍ പടുവടുക്കത്തെ ബാലകൃഷ്ണന്‍ 2001 സെപ്തംബര്‍ 18നാണ് കൊല്ലപ്പെടുന്നത്. ഇതര സമുദായക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലക്ക് കാരണമായത്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ ബാലകൃഷ്ണന്‍ കൊറിയര്‍ സര്‍വ്വീസ് നടത്തിവരികയായിരുന്നു. പത്തനാപുരത്ത് ദുരഭിമാനക്കൊലയില്‍ ജീവന്‍ നഷ്ടമായത് പെണ്‍കുട്ടിക്കാണ്. 2018 മാര്‍ച്ച് 22ന് കീഴുപറമ്പ് പത്തനാപുരം പൂവത്തിക്കങ്ങിയില്‍ രാജന്റെ മകള്‍ ആതിരയാണ് കൊല്ലപ്പെട്ടത്. വിവാഹത്തലേന്നാണ് ആതിര കുത്തേറ്റുമരിച്ചത്. വ്യത്യസ്ത ജാതിക്കാരിയായ ആതിരയുടെയും യുവാവിന്റെയും അടുപ്പത്തില്‍ എതിര്‍പ്പുണ്ടായിരുന്നതാണ് കൊലക്ക് കാരണം. ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതത്തിന് കാരണമായി എന്ന കുറ്റം ചുമത്തിയാണ് ഒരു വ്യക്തിയെ ആ കുടുംബത്തിലെയോ സമൂഹത്തിലെയോ ആളുകള്‍ കൊലപ്പെടുത്തുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെങ്കില്‍ മനസ്സിലാക്കാം. ഇന്നത്തെ കാലഘട്ടത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരും സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമാണ് ഇതിന് ഇറങ്ങിപ്പുറപ്പെടുന്നതെന്നുമാണ് വിശ്വസിക്കാന്‍ പറ്റാത്തത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനും തന്നെ മാതൃകയായ കേരളത്തില്‍ ഇത്തരം കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം തന്നെയാണ് ഉണരേണ്ടത്.

Related Articles
Next Story
Share it