എണ്ണയിലെ മറിമായം

ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ സ്വരൂപിച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്ന സംഘങ്ങളെപ്പറ്റി നേരത്തെ പരാതി ഉയരുന്നുണ്ട്. തേങ്ങക്കും വെളിച്ചെണ്ണക്കും വില വര്‍ധിച്ചതോടെ ഇക്കൂട്ടര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. എണ്ണയില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന സംഘവും എല്ലായിടത്തുമുണ്ട്. അതിനേക്കാള്‍ ഗുരുതരമാണ് പല പ്രാവശ്യം ഉപയോഗിച്ച എണ്ണ പാക്കറ്റുകളിലാക്കി പുതിയ എണ്ണ എന്ന വ്യാജേന ചുരുങ്ങിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. ജില്ലയിലെ ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം എണ്ണ ശേഖരിക്കുന്നത്. ഇത് ഏതെങ്കിലും […]

ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ സ്വരൂപിച്ച് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്ന സംഘങ്ങളെപ്പറ്റി നേരത്തെ പരാതി ഉയരുന്നുണ്ട്. തേങ്ങക്കും വെളിച്ചെണ്ണക്കും വില വര്‍ധിച്ചതോടെ ഇക്കൂട്ടര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. എണ്ണയില്‍ മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്ന സംഘവും എല്ലായിടത്തുമുണ്ട്. അതിനേക്കാള്‍ ഗുരുതരമാണ് പല പ്രാവശ്യം ഉപയോഗിച്ച എണ്ണ പാക്കറ്റുകളിലാക്കി പുതിയ എണ്ണ എന്ന വ്യാജേന ചുരുങ്ങിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. ജില്ലയിലെ ബേക്കറികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തരം എണ്ണ ശേഖരിക്കുന്നത്. ഇത് ഏതെങ്കിലും ഗോഡൗണുകളില്‍ എത്തിച്ച് പുതിയ എണ്ണ എന്ന ലേബലിലുള്ള പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് വില്‍പ്പന. മാര്‍ക്കറ്റില്‍ കിട്ടുന്ന എണ്ണകളേക്കാള്‍ വില കുറച്ചാണ് ഇവ ഏജന്റുമാര്‍ മുഖേന വിതരണം ചെയ്യുന്നത്.
ഏത് എണ്ണയും ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞാല്‍ വീണ്ടും ഉപയോഗിക്കുന്നത് ശരീരത്തിന് വലിയ ദോഷം വരുത്തും. മാരക രോഗങ്ങള്‍ക്ക് വരെ ഇത് വഴിവെക്കാം. എന്നാല്‍ ഇത് തിരിച്ചറിയാതെ പലരും വാങ്ങി ഉപയോഗിക്കുന്നു. വില കുറഞ്ഞ എണ്ണകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്താണ് ചിലര്‍ വില്‍പ്പന നടത്തുന്നത്. വെളിച്ചെണ്ണ വില ഉയരുമ്പോഴാണ് ഇത്തരം വ്യാജന്മാര്‍ തല പൊക്കുന്നത്. നിറവും മണവുമില്ലാത്ത പെട്രോളിയം ഉല്‍പ്പന്നമായ മിനറല്‍ ഓയിലും എണ്ണകളില്‍ മായമായി ചേര്‍ക്കാറുണ്ട്. ഇത് വെളിച്ചെണ്ണയില്‍ ചേര്‍ന്നാല്‍ തിരിച്ചറിയുക പ്രയാസമാണ്. ഈയിടെ സംസ്ഥാനത്ത് വിപണിയില്‍ നിന്ന് 74 ബ്രാന്റ് വെളിച്ചെണ്ണകള്‍ മായം കലര്‍ന്നതിന്റെ പേരില്‍ പിടിച്ചെടുത്തിരുന്നു. ഇവയുടെ ഉല്‍പ്പാദനവും സംഭരണവും വിതരണവുമെല്ലാം നിരോധിച്ചിട്ടുണ്ട്. പരിശോധനകളെയെല്ലാം മറി കടന്ന് നാട്ടിലേക്ക് കൃത്രിമ എണ്ണ കലര്‍ത്തിയ വെളിച്ചെണ്ണയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ ചതി കണ്ടെത്താന്‍ അധികൃതര്‍ക്കൊട്ട് ആവുന്നുമില്ല.
റിഫൈന്റ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. ഇതിന് പ്രത്യേകിച്ച് മണമോ രുചിയോ ഇല്ല. റിഫൈന്റ് ഓയിലിലേക്ക് കൊപ്ര ചിപ്‌സ് ചേര്‍ത്ത് ഇളക്കുകയോ 20 ശതമാനം നല്ല വെളിച്ചെണ്ണ ചേര്‍ക്കുകയോ ചെയ്താല്‍ യഥാര്‍ത്ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടും. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാവില്ല. നല്ല വെള്ളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 200 രൂപയാണെങ്കില്‍ റിഫൈന്റ് ഓയിലിന് 80 കൊടുത്താല്‍ മതി. വെളിച്ചെണ്ണയില്‍ മാത്രമല്ല സൂര്യകാന്തി എണ്ണയിലും റിഫൈന്റ് ഓയില്‍ ചേര്‍ത്തുള്ള തട്ടിപ്പ് വ്യാപകമാണ്. കേരളത്തില്‍ പ്രചാരത്തിലുള്ള മിക്ക പാക്കറ്റ് വെളിച്ചെണ്ണകളേയും സംശയത്തോടെയേ നോക്കിക്കാണാനാവൂ.
ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന പദ്ധതിക്ക് കാസര്‍കോട് ജില്ലയിലും തുടക്കമായിട്ടുണ്ട്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റുക്കോ പദ്ധതിയുടെ ഭാഗമായാണ് എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്നത്. ഇത് പിന്നീട് പെട്രോളുമായി ചേര്‍ത്ത് വാഹനങ്ങളില്‍ ഉപയോഗിക്കാം. 30 ശതമാനം ബയോഡീസലും 70 ശതമാനം പെട്രോളം ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ പഞ്ചാബിലെ പ്ലാന്റില്‍ എത്തിച്ചാണ് ബയോ ഡീസലാക്കുന്നത്.
പഴകിയ എണ്ണയ്ക്ക് വില ലഭിക്കുന്നതിനാല്‍ ഹോട്ടലുടമകളും ബേക്കറി ഉടമകളുമൊക്കെ ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്. മുമ്പ് ഇത് കത്തിച്ചു കളയുകയായിരുന്നു. അതിനിടയിലാണ് ചിലര്‍ രഹസ്യമായി എത്തി ഉപയോഗിച്ച എണ്ണ ശേഖരിക്കുന്നത്. മനുഷ്യരെ രോഗാതുരരാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാനും വ്യാജ എണ്ണകള്‍ തടയാനും നടപടി വേണം.

Related Articles
Next Story
Share it