തുടര്‍ക്കഥയാവുന്ന മുങ്ങിമരണങ്ങള്‍

മലയാള സിനിമയുടെ വാഗ്ദാനമായ യുവനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ച സംഭവം വലിയ ഞെട്ടലുളവാക്കിയതാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഇടുക്കി മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ ഇടുക്കിയിലെത്തിയത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അനില്‍. അഭിനയമികവിലൂടെ പ്രേക്ഷകരെ ആഴങ്ങളില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ മുങ്ങി മരണങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബംഗ്ലൂരുവില്‍ നിന്ന് ബന്ധുവീട്ടിലെത്തിയ വിന്‍സന്റ് എന്നയാള്‍ […]

മലയാള സിനിമയുടെ വാഗ്ദാനമായ യുവനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ച സംഭവം വലിയ ഞെട്ടലുളവാക്കിയതാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഇടുക്കി മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ ഇടുക്കിയിലെത്തിയത്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അനില്‍. അഭിനയമികവിലൂടെ പ്രേക്ഷകരെ ആഴങ്ങളില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ മുങ്ങി മരണങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ബംഗ്ലൂരുവില്‍ നിന്ന് ബന്ധുവീട്ടിലെത്തിയ വിന്‍സന്റ് എന്നയാള്‍ കുടുംബത്തോടൊപ്പം ആദൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയതുകൊണ്ടാണ് മൂന്ന് പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ഒരു വര്‍ഷം കേരളത്തില്‍ എത്രയോ പേരാണ് മുങ്ങി മരിക്കുന്നത്. ശരാശരി ഒരു വര്‍ഷം കേരളത്തില്‍ 1000 ത്തിലധികം പേര്‍ മുങ്ങിമരിക്കുന്നുണ്ടെന്നാണ് അനുമാനിക്കുന്നത്. മുങ്ങി മരണങ്ങള്‍ മിക്കവാറും ഒറ്റയ്ക്കായതിനാല്‍ അതിന് വലിയ പ്രാധാന്യം ഉണ്ടാവാറില്ല. കഴിഞ്ഞ വര്‍ഷം 1490 പേരാണത്രെ മുങ്ങിമരിച്ചത്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഒരു ദിവസം ശരാശരി മൂന്നില്‍ കൂടുതല്‍ ആളുകള്‍ മുങ്ങിമരിക്കുന്നുണ്ട്. എന്നിട്ടും ഈ വിഷയത്തില്‍ കേരളത്തില്‍ വേണ്ടത്ര ശ്രദ്ധ ഇല്ല. റോഡപകടത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ സുരക്ഷയ്ക്ക് കമ്മിറ്റികള്‍ ഉണ്ട്. ഫണ്ടും റോഡ് സേഫ്റ്റി വകുപ്പുമുണ്ട്. മുങ്ങിമരണത്തിന്റെ കാര്യത്തില്‍ ഇതൊന്നുമില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാമ്പെയിനുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലത്തിലെത്തുന്നില്ല. നീന്തല്‍ അറിയാത്തവരാണ് മുങ്ങിമരിക്കുന്നതില്‍ ഭൂരിഭാഗവും. നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും എല്ലാവരിലേക്കും അത് എത്തുന്നില്ല. നീന്തല്‍ പരിശീലനം പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നെങ്കിലും അതിന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല. സമഗ്രമായ ഒരു ജല സംരക്ഷണ പദ്ധതി തന്നെ ഉണ്ടാവണം. ഇതുവരെ നമ്മുടെ സര്‍ക്കാരുകളുടെ ചിന്തയില്‍ പോലും ഇത്തരമൊരാശയം ഉയര്‍ന്നുവന്നിട്ടില്ല. കൂട്ടത്തോടെ ആളുകള്‍ മുങ്ങിമരിക്കുന്ന ബോട്ടപകടങ്ങള്‍ പോലുള്ളവ ഉണ്ടായിട്ടും ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ജല സമൃദ്ധമായ 44 നദികളും 27 വിശാലമായ കായലുകളും 15 ഓളം ഉള്‍നാടന്‍ കായലുകളും ശുദ്ധ ജല തടാകങ്ങളും കേരളത്തിലുണ്ട്. ഇതിനൊക്കെ പുറമെ കണക്കില്ലാത്തത്ര കുളങ്ങളും തോട്ടങ്ങളുമുണ്ട്. തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ 580 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അറബിക്കടലും പരന്നു കിടക്കുന്നുണ്ട്. ഇത്രയധികം ജലാശയങ്ങള്‍ നിറഞ്ഞ കേരളത്തിന് ഒരു ജല സുരക്ഷാപദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ വൈകിപ്പോയെന്നതില്‍ തര്‍ക്കമില്ല. വലിയ ബോട്ടപകടങ്ങളും പ്രളയങ്ങളുമുണ്ടാകുമ്പോള്‍ ഇനി ഇത്തരത്തില്‍ ആള്‍ നാശം ഉണ്ടാകാതിരിക്കാന്‍ സത്വര നടപടികളെടുക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇന്നുവരെ അതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. സ്‌കൂള്‍ തലം മുതല്‍ തന്നെ നീന്തല്‍ പഠിപ്പിച്ചുതുടങ്ങണം. ജലാശയങ്ങള്‍ സ്ഥിരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അതീവ ശ്രദ്ധപതിയണം. നീന്തല്‍ അറിയാത്തവരെ മറ്റുള്ളവര്‍ പ്രേരിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കുളത്തിലേക്കും ജലാശയത്തിലേക്കും എടുത്തുചാടുന്നത്. ഇത്തരക്കാരെ കൂട്ടുകാര്‍ തന്നെ മരണത്തിന് എറിഞ്ഞുകൊടുക്കുകയാണ്. നീന്തല്‍ അറിയാത്തവരും ജലാശയങ്ങളെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവരും വെള്ളം കാണുമ്പോള്‍ എടുത്തുചാടാതിരുന്നാല്‍ തന്നെ മുങ്ങിമരണങ്ങള്‍ പകുതിയിലേറെ കുറക്കാനാവും. നീന്തല്‍ പരിശീലനത്തിനുള്ള സൗകര്യം വര്‍ധിപ്പിക്കുകയും കുട്ടികള്‍ വളരുമ്പോള്‍ തന്നെ അവരെ പരിശീലിപ്പിക്കുകയും വേണം.

Related Articles
Next Story
Share it