പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുവേണം വിദ്യാലയങ്ങള്‍ തുറക്കാന്‍

സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളേജുകളും ജനുവരി നാല് മുതല്‍ തുറക്കാന്‍ ആലോചിക്കുകയാണ്. കഴിഞ്ഞ ഏഴെട്ട് മാസത്തെ അധ്യയനം ഓണ്‍ലൈനില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര കാര്യക്ഷമമായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. എസ്.എസ്.എല്‍.സി. പരീക്ഷയും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കും വേണ്ടത്ര കോച്ചിങ്ങ് കിട്ടിയിട്ടില്ല. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ടില്ലെന്ന് മാത്രമല്ല, ജനിതക മാറ്റം സംഭവിച്ച കോവിഡ് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാക്കാലത്തും അടച്ചിരുന്ന് മുമ്പോട്ട് പോകാന്‍ ആര്‍ക്കുമാവില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. എല്ലാവരും മെല്ലെ മെല്ലെ ജീവിതത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. […]

സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളേജുകളും ജനുവരി നാല് മുതല്‍ തുറക്കാന്‍ ആലോചിക്കുകയാണ്. കഴിഞ്ഞ ഏഴെട്ട് മാസത്തെ അധ്യയനം ഓണ്‍ലൈനില്‍ നടന്നുവെങ്കിലും അതൊന്നും വേണ്ടത്ര കാര്യക്ഷമമായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. എസ്.എസ്.എല്‍.സി. പരീക്ഷയും തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കും വേണ്ടത്ര കോച്ചിങ്ങ് കിട്ടിയിട്ടില്ല. കോവിഡ് പൂര്‍ണ്ണമായും മാറിയിട്ടില്ലെന്ന് മാത്രമല്ല, ജനിതക മാറ്റം സംഭവിച്ച കോവിഡ് ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാക്കാലത്തും അടച്ചിരുന്ന് മുമ്പോട്ട് പോകാന്‍ ആര്‍ക്കുമാവില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. എല്ലാവരും മെല്ലെ മെല്ലെ ജീവിതത്തിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. വിദ്യാലയങ്ങളുടെ വാതിലുകളും ഇനിയും അനിശ്ചിതമായി അടച്ചിടാന്‍ പറ്റില്ല. മാസങ്ങള്‍ നീണ്ട അടച്ചിടല്‍ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദ്ദവും വലുതാണ്. കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചുവേണം വിദ്യാലയങ്ങള്‍ തുറക്കാന്‍. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും കോവിഡിന്റെ വ്യാപ്തി കുറഞ്ഞിട്ടില്ല. ഓരോ ദിവസവും 5000ത്തിനുമേല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് ഒരുകോടിയോളം പേര്‍ക്ക് രോഗബാധയുണ്ടായി. ഒന്നര ലക്ഷത്തോളം പേര്‍ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു. ഇപ്പോള്‍ ചികിത്സയിലുള്ള അഞ്ചിലൊന്ന് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ മാത്രം ഒരു ദിവസം ശരാശരി 20 ലേറെ പേര്‍ മരണപ്പെടുന്നുണ്ട്. ദിവസേനയുള്ള രോഗ വ്യാപനത്തില്‍ കേരളം മുന്നിലാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോള്‍ സ്‌കൂള്‍ തുറന്ന് പഴയതുപോലെ പ്രവര്‍ത്തിക്കുകയെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം അധ്യയനം പുനരാരംഭിക്കാന്‍. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ത്ഥികളെ ഇരുത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസെടുക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതും വലിയ പ്രശ്‌നങ്ങളുണ്ടാക്കും. പകുതി കുട്ടികള്‍ക്ക് രാവിലെയും മറ്റുള്ളവര്‍ക്ക് ഉച്ചക്ക് ശേഷവും ക്ലാസെടുക്കേണ്ടിവരും. ചില സംസ്ഥാനങ്ങളില്‍ രണ്ടാഴ്ച മുമ്പ് സ്‌കൂള്‍ തുറന്നപ്പോള്‍ കോവിഡ് വ്യാപനം വര്‍ധിക്കുകയും തുടര്‍ന്ന് സ്‌കൂള്‍ അടക്കുകയുമായിരുന്നു. രക്ഷാകര്‍ത്താക്കള്‍ തന്നെയാണ് സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുമ്പോട്ട് വന്നത്. അമേരിക്ക ഉള്‍പ്പെയുള്ള ചില രാജ്യങ്ങളിലും തുറന്ന സ്‌കൂള്‍ ഇതേ കാരണത്താല്‍ പൂട്ടേണ്ടിവന്നു.
മുതിര്‍ന്നവര്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും നിയന്ത്രണങ്ങള്‍ പാലിക്കുമെങ്കിലും കുട്ടികളുടെ കാര്യത്തില്‍ ഇത് പാലിക്കപ്പെടുമെന്ന് ഉറപ്പ് പറയാനാവില്ല. 9 മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ക്ലാസ് ആദ്യ ഘട്ടത്തില്‍ തുടങ്ങുകയായിരിക്കും ഉചിതം. കോളേജ് തലത്തിലും വലിയ പ്രശ്‌നമില്ലാതെ ക്ലാസ് മുമ്പോട്ട് കൊണ്ടുപോകാനാവും. ജര്‍മ്മനിയില്‍ സ്‌കൂളുകള്‍ തുറന്നപ്പോഴാണ് മുമ്പുണ്ടായതിനേക്കാള്‍ രൂക്ഷമായ തോതില്‍ കോവിഡ് വ്യാപനം ഉണ്ടായത്. ഇതൊക്കെ കണക്കിലെടുത്ത് വേണം ഇവിടെയും അധ്യയനത്തിനൊരുങ്ങേണ്ടത്. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് രക്ഷിതാക്കളുമായും അധ്യാപകരുമായുമൊക്കെ ചര്‍ച്ച ചെയ്ത് വേണം മുമ്പോട്ട് പോകാന്‍. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. കുട്ടികളുടെ പഠന ഭാഗങ്ങളില്‍ എല്ലാം ഉള്‍പ്പെടുത്തി പഠിക്കാന്‍ ഇനി സമയം ലഭിക്കില്ല. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുമ്പോട്ട് പോവുകയായിരിക്കും ഏറ്റവും നല്ലത്. എന്തായാലും വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ രോഗം പടരാതെ അതിനനുസരിച്ച് നീങ്ങാന്‍ കുട്ടികളെ പാകപ്പെടുത്തണം.

Related Articles
Next Story
Share it