കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ ജീവ നാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യുനെസ്കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ട് ഗൗരവത്തോടെ വേണം കാണാന്‍. പശ്ചിമഘട്ടം പരിസ്ഥിതി വിദഗ്ധ പാനല്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ ഒമ്പത് വര്‍ഷം മുമ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പറയുന്നത് ഇതുതന്നെ. പശ്ചിമ ഘട്ടം സാധാരണ ആവാസ വ്യവസ്ഥയല്ല. 245 ദശ ലക്ഷം ജനങ്ങള്‍ക്ക് വെള്ളം നല്കുന്ന ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജലഗോപുരമെന്നാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. പശ്ചിഘട്ട മേഖല മുഴുവന്‍ സംരക്ഷിക്കപ്പെടണം. മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷണത്തിനായി പ്രത്യേക മാര്‍ഗരേഖ വേണം. അത് ഗ്രാമതലത്തില്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ പുതിയ സംവിധാനം വേണമെന്നാണ് അന്ന് ഗാഡ്ഗില്‍ പറഞ്ഞത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 10 വര്‍ഷത്തോളമായിട്ടും ഇതില്‍ പറഞ്ഞ ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് ഖേദകരം. അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം തന്നെ ദുരിതപൂര്‍ണ്ണമാകുമെന്നും യുനെസ്കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ അതി പ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂര്‍വ്വ ജൈവ വൈവിധ്യമണ്ഡലത്തിന്റെ സംരക്ഷത്തില് യുനെസ്കോ ആശങ്ക പ്രകടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തില്‍ യുനെസ്കോയുടെ ഔദ്യോഗിക ഉപദേശക സമിതിയായ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍(ഐ.യു.സി.എല്‍.) ആണ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ഗൗരവതരമായ ഉല്‍ക്കണ്ഠ വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയിലുള്ള മറ്റൊരിടം ആസാമിലെ മനാസ് വന്യജീവിസങ്കേതമാണ്. പശ്ചിമ ഘട്ടത്തിന്റെ ജൈവ മണ്ഡലം തന്നെ അതിരു കടന്ന ചൂഷണം മൂലം ഭീഷണിയിലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം, അതി തീവ്രമഴ- വേനല്‍, ജല-വായു മലിനീകരണം, വിനോദ സഞ്ചാര പ്രവൃത്തികള്‍, വനനശീകരണം, വേട്ടയാടല്‍, വനത്തിനുള്ളിലെ റോഡ്-റെയില്‍ പദ്ധതികള്‍, ഡാമുകള്‍, ഖനി-ക്വാറി വ്യവസായങ്ങള്‍, കാട്ടുതീ തുടങ്ങിയവയാണ് പശ്ചിമ ഘട്ടത്തെ നാശോന്മുഖമാക്കുന്നത്. ഇതിനെ മറി കടക്കാന്‍ പ്രകൃതി സംരക്ഷണത്തിന് മധ്യ-ദീര്‍ഘ കാല പദ്ധതികള്‍ വേണമെന്നാണ് യുനെസ്കോ പറയുന്നത്. പശ്ചിമഘട്ട സംരക്ഷത്തിനായി പരിസ്ഥിതി ലോല മേഖലയെ ഒറ്റ മേഖലയായി കണക്കാക്കി ഏക വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള കേന്ദ്ര നീക്കത്തെ കുറിച്ച് ഉടന്‍ നിലപാട് അറിയിക്കണമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമഘട്ടമേഖലയിലെ ആറ് സംസ്ഥാനങ്ങള്‍ക്കും ബാധകമായ നിലയില്‍ ഏക വിജ്ഞാപനം തയ്യാറാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വ്യാപകമായ കയ്യേറ്റവും ഖനനവും വനനശീകരണവുമാണ് പശ്ചിമഘട്ടത്തെ തകര്‍ക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ വനങ്ങള്‍ നിറഞ്ഞിരുന്ന പശ്ചിമ ഘട്ടത്തില്‍ ഇന്ന് കൂടുതല്‍ ഭാഗങ്ങളും തോട്ടങ്ങളാണ്. ദേശീയ വന നയപ്രകാരം 60 ശതമാനം വനമായിരിക്കണം. എന്നാല്‍ പശ്ചിമഘട്ടത്തില്‍ 40 ശതമാനത്തില്‍ താഴെ മാത്രമേ വനമുള്ളൂ. പാരിസ്ഥിതിക അസന്തുലിതാവസ്ഥ പല ദുരന്തങ്ങളിലും കലാശിച്ചിട്ടുണ്ട്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും കൊടും ചൂടുമൊക്കെ പരിസ്ഥിതിയെ നാം ചൂഷണം ചെയ്തതിന്റെ പ്രതിഫലനമെന്നതില് തര്‍ക്കമില്ല. യുനെസ്കോവിന്റെയും മാധവ് ഗാഡ്ഗിലിന്റെയും മുന്നറിയിപ്പുകള്‍ നാം കാണാതിരുന്നുകൂടാ. സംസ്ഥാന സര്‍ക്കാരാണ് ഇതിന് മുന്‍ കൈയെടുക്കേണ്ടത്.