സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തണം

കേരളത്തിന്റെ ഉപയോഗത്തിനുള്ള വൈദ്യുതി ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. നമ്മുടെ ആവശ്യം നിറവേറ്റാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പണം നല്‍കിയാണ് വൈദ്യുതി എത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ഉഡുപ്പിയില്‍ നിന്ന് ചിമേനിയിലേക്ക് 400 കെ.വി ലൈന്‍ വലിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ചീമേനിയില്‍ 400 കെ.വി സബ്‌സ്റ്റേഷനും തുടങ്ങും. ഇവിടെ നിന്ന് മലപ്പുറത്തെ അരീക്കോട് സബ്‌സ്റ്റേഷനിലേക്കാണ് വൈദ്യുതി കൊണ്ടു പോവുക. ഈ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവും. […]

കേരളത്തിന്റെ ഉപയോഗത്തിനുള്ള വൈദ്യുതി ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല. നമ്മുടെ ആവശ്യം നിറവേറ്റാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പണം നല്‍കിയാണ് വൈദ്യുതി എത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ഉഡുപ്പിയില്‍ നിന്ന് ചിമേനിയിലേക്ക് 400 കെ.വി ലൈന്‍ വലിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ചീമേനിയില്‍ 400 കെ.വി സബ്‌സ്റ്റേഷനും തുടങ്ങും. ഇവിടെ നിന്ന് മലപ്പുറത്തെ അരീക്കോട് സബ്‌സ്റ്റേഷനിലേക്കാണ് വൈദ്യുതി കൊണ്ടു പോവുക. ഈ ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവും. അരീക്കോട് നിന്ന് വൈദ്യുതി ഇങ്ങോട്ട് കൊണ്ടു വന്നിട്ടാണ് ഇപ്പോള്‍ വിതരണം ചെയ്യുക. 400 കെ.വി ലൈന്‍ യാഥാര്‍ത്ഥ്യമായാല്‍ ചീമേനിയില്‍ നിന്ന് തന്നെ കാസര്‍കോട് ജില്ലക്കുള്ള വൈദ്യുതി ലഭിക്കും. കര്‍ണ്ണാടകയിലെ നന്ദിപ്പൂരിലുള്ള തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി എത്തിക്കുക. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ടെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമാവുന്നില്ല. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിലും മറ്റും പദ്ധതികള്‍ തുടങ്ങാനാവാത്ത സ്ഥിതിയാണ് ഉണ്ടാവുന്നത്. അതിന് പകരം സൗരോര്‍ജ്ജം കൂടുതലായി ഉപയോഗിച്ച് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാനുള്ള ആലോചനയാണ് നടക്കുന്നത്. വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടി വൈദ്യുതി ബോര്‍ഡ് ആവിഷ്‌കരിച്ചു തുടങ്ങിയെന്നത് സ്വാഗതാര്‍ഹമാണ്. 200 മെഗാവാട്ടിന്റെ പദ്ധതിക്ക് ഇതിനകം തന്നെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ ഏകദേശം 66,000 പേര്‍ക്ക് സബ്‌സിഡിയോടെ വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനാവും. ഇതിനുള്ള രജിസ്‌ട്രേഷന്‍ വൈദ്യുതി ബോര്‍ഡ് തുടരുകയാണ്. നേരത്തെ 50 മെഗാവാട്ടിനാണ് കേന്ദ്രം അനുമതി നല്‍കിയിരുന്നത്. 'സൗര' എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതിയില്‍ കേരളത്തില്‍ ഇതുവരെ 8000 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരെല്ലാവരും ചേര്‍ന്ന് സ്ഥാപിക്കാനിരിക്കുന്ന പ്ലാന്റുകളില്‍ നിന്ന് 30 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. കരാറുകാരും വൈദ്യുതി ബോര്‍ഡും ചേര്‍ന്നാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. രണ്ട് മാതൃകകളാണ് പദ്ധതിക്കുള്ളത്. കേരളമാതൃകയും കേന്ദ്രമാതൃകയും. പ്ലാന്റ് സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി,യും ഉപഭോക്താവും ചേര്‍ന്ന് മുതല്‍ മുടക്കുന്നതാണ് കേരളമാതൃക. ഉപഭോക്താവിന്റെ വിഹിതമനുസരിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന് ലഭിക്കും. 12 ശതമാനം മുടക്കിയാല്‍ വൈദ്യുതിയുടെ 25 ശതമാനം ഉപഭോക്താവിന് ലഭിക്കും. 20 ശതമാനം മുതല്‍ മുടക്കിയാല്‍ 40 ശതമാനവും 25 ശതമാനം മുതല്‍ മുടക്കുന്നവര്‍ക്ക് 50 ശതമാനവും കിട്ടും. സബ്‌സിഡി കഴിച്ചുള്ള തുകയാണ് ബോര്‍ഡ് മുടക്കുക. കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ സബ്‌സിഡി കഴിച്ചുള്ള മുതല്‍ മുടക്ക് ഉപഭോക്താവ് വഹിക്കണം. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവന്‍ ഉപഭോക്താവിന് ലഭിക്കും. ഒരു കിലോ വാട്ട് പ്ലാന്റ് സ്ഥാപിച്ചാല്‍ മാസം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. പ്ലാന്റിന് 100 ചതുരശ്ര മീറ്റര്‍ സ്ഥലം മാത്രമേ വേണ്ടു. മൂന്ന് കിലോ വാട്ട് പ്ലാന്റ് സ്ഥാപിച്ചാല്‍ 720 യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാം. എന്തായാലും പാഴായിപ്പോകുന്ന സൗരോര്‍ജ്ജം വലിയ ചെലവൊന്നുമില്ലാതെ വൈദ്യുതിയാക്കി മാറ്റാനാവും. ജനങ്ങളുടെ സഹകരണം ഉണ്ടെങ്കിലേ ഈ പദ്ധതി വിജയിക്കു. ജലസംഭരണ പദ്ധതികള്‍ക്ക് പിറകെ പോകാതെ സൗരോര്‍ജ്ജം ഉപയോഗ പ്രദമാക്കാനാണ് ശ്രമം വേണ്ടത്.

Related Articles
Next Story
Share it