ജനവിധി മാനിക്കുക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കയാണ്. ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് പൂര്‍ത്തിയാക്കിയത്. ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസ് വകുപ്പിനും എല്ലാവര്‍ക്കും ആശ്വസിക്കാം. വോട്ടെടുപ്പിന്റെ വീറും വാശിയും കൊറോണക്കിടയിലും നിലനിര്‍ത്താനായി. പ്രചരണക്കൊഴുപ്പും പണത്തിന്റെ ധൂര്‍ത്തും ഒഴിവാക്കിക്കൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങള്‍ ഏതാനും ദിവസത്തിനകം തന്നെ ചുമതലയേല്‍ക്കുകയാണ്. നാടിന്റെ വികസനത്തിന് മുന്നിട്ടിറങ്ങുമെന്ന് ജനങ്ങള്‍ക്ക് ഉത്തമബോധ്യമുള്ളവരെയാണ് തിരഞ്ഞെടുത്തയച്ചിരിക്കുന്നത്. അതിന് രാഷ്ട്രീയ കക്ഷികളുടെ കൊടിയോ നിറമോ നോക്കാതെ തന്നെയാണ് വോട്ടര്‍മാര്‍ മുമ്പോട്ട് വന്നത്. […]

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കയാണ്. ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് പൂര്‍ത്തിയാക്കിയത്. ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസ് വകുപ്പിനും എല്ലാവര്‍ക്കും ആശ്വസിക്കാം. വോട്ടെടുപ്പിന്റെ വീറും വാശിയും കൊറോണക്കിടയിലും നിലനിര്‍ത്താനായി. പ്രചരണക്കൊഴുപ്പും പണത്തിന്റെ ധൂര്‍ത്തും ഒഴിവാക്കിക്കൊണ്ടുള്ള ഒരു തിരഞ്ഞെടുപ്പാണ് കടന്നുപോയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങള്‍ ഏതാനും ദിവസത്തിനകം തന്നെ ചുമതലയേല്‍ക്കുകയാണ്. നാടിന്റെ വികസനത്തിന് മുന്നിട്ടിറങ്ങുമെന്ന് ജനങ്ങള്‍ക്ക് ഉത്തമബോധ്യമുള്ളവരെയാണ് തിരഞ്ഞെടുത്തയച്ചിരിക്കുന്നത്. അതിന് രാഷ്ട്രീയ കക്ഷികളുടെ കൊടിയോ നിറമോ നോക്കാതെ തന്നെയാണ് വോട്ടര്‍മാര്‍ മുമ്പോട്ട് വന്നത്. അതുകൊണ്ടാണല്ലോ ഒരുപാര്‍ട്ടിയുടെ കുത്തക അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും പോലും ചിലര്‍ സ്വതന്ത്രരായും ജയിച്ചു കയറിയത്. തിരഞ്ഞെടുപ്പ് വേളയില്‍ ഉണ്ടായതുപോലുള്ള സൗഹാര്‍ദ്ദവും സമാധാനന്തരീക്ഷവും തുടര്‍ന്നങ്ങോട്ടും ഉണ്ടാവണം. ഇനി വേണ്ടത് ഓരോ വാര്‍ഡിന്റെയും ബ്ലോക്കിന്റെയും പഞ്ചായത്തിന്റെയും വികസനത്തിനുവേണ്ടിയുള്ള വാശിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാര്‍ഡുകളില്‍ നിന്ന് തുടങ്ങുന്ന വികസനം ജില്ലാ പഞ്ചായത്ത് വരെ നീളും. അംഗങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. റോഡ്, കുടിവെള്ളം, വിദ്യാഭ്യാസം, നിര്‍മ്മാണ മേഖല തുടങ്ങിയ ഇടങ്ങളിലെല്ലാം അവരുടെ കൈയ്യൊപ്പ് ചാര്‍ത്താനാവും. മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിരവധി അധികാരങ്ങള്‍ ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളുടെ ഫണ്ടും കൂടുതലായി ലഭിക്കും. സംസ്ഥാനത്ത് ഗ്രാമീണ പദ്ധതികളുടെ പ്ലാനുകള്‍ തയ്യാറാക്കാനും നടപ്പാക്കാനും ഇത്തവണ പുതിയ ഭരണ സംവിധാനം കൂടി വരികയാണ്. താഴെത്തട്ടില്‍ വികസനമെത്തിക്കാന്‍ എല്ലാ വാര്‍ഡുകളിലും സേവാ കേന്ദ്രങ്ങള്‍ തുറക്കുകയാണ്. സേവാകേന്ദ്രം വരുന്നതോടെ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് ഒരു മിനി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധികാരം വരും. വികസനം ഏറ്റവും അടിത്തട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഗ്രാമസഭയുടെ കേന്ദ്രമായിട്ടായിരിക്കും ഗ്രാമസേവാ കേന്ദ്രം പ്രവര്‍ത്തിക്കുക. വാര്‍ഡ് മെമ്പറുടെ ഓഫീസ് തന്നെയായിരിക്കും ഓഫീസും. ഒരു പൊതു പ്രവര്‍ത്തകനെ കണ്‍വീനറാക്കുകയും വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന 25 അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മിറ്റിയായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഈ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കണം. ഇവരാണ് വാര്‍ഡിന്റെ വികസനത്തിനായുള്ള കമ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കേണ്ടത്. ചെറിയ വികസന പദ്ധതികള്‍ നടപ്പാക്കുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക, കുടിവെള്ളം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ പ്രവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയൊക്കെ ഇവരുടെ പ്രവര്‍ത്തന മേഖലയില്‍ വരും. ഗ്രാമ സഭകളും അയല്‍ സഭകളും വിളിച്ചു ചേര്‍ത്ത് വാര്‍ഡിന്റെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. മാസത്തില്‍ ഒരു തവണയെങ്കിലും അയല്‍ സഭകള്‍ വിളിച്ച് ചര്‍ച്ച നടത്തണം. താഴെത്തട്ടിലുള്ള പാവപ്പെട്ടവരും നിരക്ഷരരുമായവര്‍ക്ക് പഞ്ചായത്തിന്റെ പദ്ധതികളെപ്പറ്റി അറിവുണ്ടാകാനിടയില്ല. അവര്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും എത്തിക്കാനാവണം. ജനവിധി മാനിച്ചുകൊണ്ട് അവരുടെ ഉത്തരവാദിത്വം നിറവേറ്റാനാണ് ഇനിശ്രമം ഉണ്ടാവേണ്ടത്.

Related Articles
Next Story
Share it