വോട്ടെടുപ്പിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആരൊക്കെയെന്ന് തൊട്ടടുത്ത ദിവസം തന്നെ അറിയാം. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് നടക്കുന്ന നാല് ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. അതുകൊണ്ട് വോട്ടെടുപ്പിന്റെ ഫലമറിയാന്‍ നമുക്ക് ഏറെ കാത്തിരിക്കേണ്ടിവരുന്നില്ല. കോര്‍പ്പറേഷനിലേക്കും നഗരസഭകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് ഉള്ളത്. ഒരു ഗ്രാമത്തിലെ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന അംഗത്തിന് ആ വാര്‍ഡിലെ എല്ലാ ജനങ്ങളുമായും നിരന്തരം ഓരോ കാര്യത്തിനും ബന്ധപ്പെടേണ്ടിവരും. പേരിന് മാത്രമുള്ള ചുമതലയല്ല അവരുടേത്. പഞ്ചായത്ത് ഭരണത്തില്‍ ഒട്ടേറെ ചുമലകള്‍ അവരെ ഏല്‍പ്പിച്ചിട്ടുണ്ട്. അനിവാര്യമായ കുറേ ചുമതലകളും പൊതുവായ ചുമതലകളും. വാര്‍ഡിലെ ജനങ്ങള്‍ക്ക് വേണ്ട കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറുക, പൊതു സ്ഥലങ്ങള്‍ കയ്യേറാന്‍ അനുവദിക്കാതെ അവ സംരക്ഷിക്കുക തുടങ്ങിയവയൊക്കെ അംഗങ്ങളുടെ അനിവാര്യ ചുമതലകളില്‍പ്പെടുന്നവയാണ്. കൃഷി, മൃഗസംരക്ഷണം, ജലസേചനം, മത്സ്യബന്ധനം, ഭവന നിര്‍മ്മാണം തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കേണ്ടതും അംഗങ്ങളുടെ ചുമതലയില്‍പ്പെട്ടതാണ്. മുമ്പ് പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഇത്രയൊന്നും അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല. പഞ്ചായത്തീരാജ് യാഥാര്‍ത്ഥ്യമായതോടെ അധികാര പരിധിയും വര്‍ധിച്ചു. താഴെത്തട്ടിലേക്ക് വികസനം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഓരോ വാര്‍ഡിന്റെ വികസനത്തിന് എന്തൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് മെമ്പറും സ്റ്റാന്റിംഗ് കമ്മിറ്റിയും ഉള്‍പ്പെട്ട ഭരണ സമിതിയാണ്. മാസത്തില്‍ ഒരു തവണയെങ്കിലും ഗ്രാമസഭയും അയല്‍ക്കൂട്ടങ്ങളും വിളിച്ചുചേര്‍ത്ത് വികസന കാര്യങ്ങള്‍ ഇതില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. റോഡിന്റെ പ്രശ്‌നമായാലും പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട ആനുകൂല്യമായാലും കുടിവെള്ള പ്രശ്‌നമായാലും എല്ലാം ഇവിടെ ചര്‍ച്ചയ്ക്ക് വരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കൃഷിഭവനുകളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ട നടീല്‍ വസ്തുക്കള്‍, സബ്‌സിഡി നിരക്കില്‍ വളം വിതരണം, പ്രകൃതി ക്ഷോഭ ദുരന്തങ്ങള്‍ക്കുള്ള സഹായധനം തുടങ്ങിയവയൊക്കെ പഞ്ചായത്തും കൃഷി വകുപ്പും യോജിച്ചാണ് കൊണ്ടു പോകുന്നത്. ഇതൊക്കെ കര്‍ഷകരിലും ജനങ്ങളിലും എത്തിക്കേണ്ടചുമതലയും വാര്‍ഡ് അംഗങ്ങള്‍ക്കുണ്ട്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് ജോലികള്‍ തുടങ്ങിയവയൊക്കെ പഞ്ചായത്തിന്റെ ഏകോപനത്തിലൂടെയാണ് മുമ്പോട്ട് പോകുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ നല്ലൊരു തുക തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. തുടക്കത്തില്‍ റോഡ് പണിക്ക് മാത്രമായിരുന്നു ഈ തൊഴിലാളികളെ ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും ഇവരുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍ഷിക രംഗത്ത്. കൃഷിപ്പണിയില്‍ ഞാറ് നടല്‍ മുതല്‍ കൊയ്ത്തു വരെ ഇതില്‍പ്പെടും. കാര്‍ഷിക മേഖലയില്‍ ജോലിക്കാരെ കിട്ടാനില്ലാത്തതിനാല്‍ പലരും നെല്‍കൃഷി ഉപേക്ഷിച്ച സ്ഥിതിയിലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ലഭ്യമാക്കിത്തുടങ്ങിയതോടെ തരിശായിക്കിടന്ന കൃഷിഭൂമി ഉല്‍പ്പാദന ക്ഷമമായി. ഇതിനൊക്കെ മേല്‍നോട്ടം വഹിക്കേണ്ടത് പഞ്ചായത്താണെങ്കിലും ഓരോ അംഗത്തിനും അവരുടെ വാര്‍ഡുകളിലെ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയും.