ഇറക്കുമതി നയം പുനഃപരിശോധിക്കണം

ഡല്‍ഹിയില്‍ കര്‍ഷകര്‍ കഴിഞ്ഞ 10 ദിവസമായി നടത്തി വരുന്ന സമരത്തിലെ പ്രധാനപ്പെട്ട ഒരാവശ്യം കേന്ദ്രത്തിന്റെ ഇറക്കുമതി നയം പുനപരിശോധിക്കണമെന്നതാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബര്‍, കുരുമുളക് തുടങ്ങിയ എല്ലാ നാണ്യ വിളകളും ഒരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. റബ്ബറിന് ഇപ്പോള്‍ ഒരു വിധം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. 110 രൂപയുണ്ടായിരുന്നിടത്തുനിന്ന് 160 രൂപയിലെത്തിയിട്ടുണ്ട്. തായ്‌ലാന്റില്‍ ഇലകൊഴിച്ചില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് കാര്യമായ തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനാവുന്നില്ല. അതുകൊണ്ടാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ടയര്‍ നിര്‍മ്മാതാക്കളടക്കം […]

ഡല്‍ഹിയില്‍ കര്‍ഷകര്‍ കഴിഞ്ഞ 10 ദിവസമായി നടത്തി വരുന്ന സമരത്തിലെ പ്രധാനപ്പെട്ട ഒരാവശ്യം കേന്ദ്രത്തിന്റെ ഇറക്കുമതി നയം പുനപരിശോധിക്കണമെന്നതാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന റബ്ബര്‍, കുരുമുളക് തുടങ്ങിയ എല്ലാ നാണ്യ വിളകളും ഒരു നിയന്ത്രണവുമില്ലാതെ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുകയാണ്. റബ്ബറിന് ഇപ്പോള്‍ ഒരു വിധം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. 110 രൂപയുണ്ടായിരുന്നിടത്തുനിന്ന് 160 രൂപയിലെത്തിയിട്ടുണ്ട്. തായ്‌ലാന്റില്‍ ഇലകൊഴിച്ചില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് കാര്യമായ തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാനാവുന്നില്ല. അതുകൊണ്ടാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ടയര്‍ നിര്‍മ്മാതാക്കളടക്കം റബ്ബര്‍ വാങ്ങിത്തുടങ്ങിയത്. ആഭ്യന്തര വിപണിയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വില കൊടുത്തും റബ്ബര്‍ വാങ്ങിക്കൊണ്ടിരുന്നവര്‍ തായ്‌ലാന്റില്‍ ഉല്‍പ്പാദനം നിലച്ചതോടെയാണ് ഇവിടെയുള്ള റബ്ബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരായത്. ഇവ വീഴ്ച രോഗമാണ് തായ്‌ലാന്റില്‍ വ്യാപകമായ രീതിയില്‍ തോട്ടങ്ങളെ ബാധിച്ചത്. ഇത് കേരളത്തിലെ തോട്ടങ്ങളിലേക്കും പടര്‍ന്നേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗപ്പകര്‍ച്ചയ്ക്ക് കാരണമായ അസംസ്‌കൃത റബ്ബര്‍ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളില്‍ സമാനരോഗം പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കുറി കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി 300 ഹെക്ടറിലെങ്കിലും ഇല വീഴ്ച രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. കാലാവസ്ഥയുടെ സ്വാധീനമില്ലാതെ തന്നെ ഇല കൊഴിഞ്ഞു പോകുന്ന ഈ രോഗത്തിന്റെ കാരണമെന്തെന്ന് ഇനിയും പഠനം നടത്തിയിട്ടില്ലെന്ന് അസോസിയേഷന്‍ ഓഫ് പ്ലാന്റേര്‍സ് ഓഫ് കേരള ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രോഗബാധ ചെറുക്കാനായില്ലെങ്കില്‍ ഭാവിയില്‍ കേരളത്തിലെ റബ്ബര്‍ ഉല്‍പ്പാദനത്തെ ഇത് കാര്യമായി ബാധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉല്‍പ്പാദനം ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോള്‍, വില 160 കടന്നിട്ടുണ്ടെങ്കിലും കര്‍ഷകര്‍ ഇപ്പോള്‍ റബ്ബര്‍ ടാപ്പിംഗ് തുടങ്ങിയിട്ടേയുള്ളൂ. 5.5 ലക്ഷം ടണ്‍വരെയാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ റബ്ബര്‍ ഉല്‍പ്പാദനം. ഇറക്കുമതി ചെയ്യുന്ന ചിരട്ട പാല്‍ പോലെയുള്ള അസംസ്‌കൃത റബ്ബറിലൂടെയും മറ്റ് നടീല്‍ വസ്തുക്കളിലൂടെയും രോഗാണുക്കള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇറക്കുമതി നിയന്ത്രണം അടക്കം രോഗപ്പകര്‍ച്ച തടയാന്‍ ആവശ്യമായ ഫോട്ടോകോളിന് രൂപം നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു. തായ്‌ലാന്റില്‍ കഴിഞ്ഞ മാസം വരെ 90,000 ഹെക്ടറില്‍ രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഗ ബാധ മൂലം വാര്‍ഷികാടിസ്ഥാനത്തില്‍ ഏതാണ്ട് 1,30,000 ടണ്ണിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 5.14. ദശലക്ഷം ടണ്‍ ഉണ്ടായിരുന്ന ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം 4.9 ദശലക്ഷം ടണ്‍ ആയി കുറഞ്ഞു. ഇക്കൊല്ലം 4.36 ദശലക്ഷം ടണ്ണായി കുറഞ്ഞേക്കുമെന്നാണ് പറയുന്നത്. എന്തായാലും കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഇറക്കുമതി നയം തിരുത്തുക തന്നെ വേണം.

Related Articles
Next Story
Share it