പ്രവാസികളുടെ വോട്ടവകാശം യാഥാര്‍ത്ഥ്യമാവണം

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമ സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. കേരളം, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, തമിഴിനാട് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. പ്രവാസി വോട്ട് നടപ്പിലാക്കാന്‍ നിയമം ഭേദഗതി ചെയ്യുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രിം കോടതി 2017ല്‍ ഉത്തരവിട്ടിരുന്നു. പ്രവാസികള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി ആദ്യം ശബ്ദമുയര്‍ന്നത് കാസര്‍കോട്ട് നിന്നാണ്. ഇന്തോ […]

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിയമ സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. കേരളം, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, തമിഴിനാട് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. പ്രവാസി വോട്ട് നടപ്പിലാക്കാന്‍ നിയമം ഭേദഗതി ചെയ്യുന്ന കാര്യം ആലോചിക്കണമെന്ന് സുപ്രിം കോടതി 2017ല്‍ ഉത്തരവിട്ടിരുന്നു.
പ്രവാസികള്‍ക്ക് വോട്ടവകാശത്തിന് വേണ്ടി ആദ്യം ശബ്ദമുയര്‍ന്നത് കാസര്‍കോട്ട് നിന്നാണ്. ഇന്തോ അറബ് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ഹസൈനാര്‍ തളങ്കരയാണ് 1995ല്‍ ഹൈക്കോടതിയെ സമീപിച്ചത്. വോട്ടവകാശം നല്‍കണമെന്ന് ഹൈക്കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഓരോ നിയമ തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് നിഷേധം തുടരുകയായിരുന്നു. ചില രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാറും ഇതിനെതിരെ മുഖം തിരിച്ചുനിന്നത് കൊണ്ട് തന്നെയാണ് ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പ്രവാസികള്‍ ഇപ്പോഴും പുറത്ത് നില്‍ക്കുന്നത്.
പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ അവിടെ നിന്ന് തന്നെവോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നാണ് പരമോന്നത കോടതി നിര്‍ദ്ദേശിച്ചത്. ഇത് സംബന്ധിച്ച് നിയമഭേദഗതി ബില്‍ പാസാക്കാന്‍ സാധിക്കാത്ത സാഹചര്യം സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തുകയുണ്ടായി. അതിനിടയിലാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍വോട്ട് സൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത പ്രവാസി കള്‍ക്ക് ഇ-ബാലറ്റ് പേപ്പര്‍ അയച്ചു കൊടുക്കുകയും അവര്‍ വോട്ട് രേഖപ്പെടുത്തി എംബസി വഴി സാക്ഷ്യപ്പെടുത്തി തിരിച്ചയക്കുകയും വേണം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ അഞ്ചു ദിവസത്തിനകം പ്രവാസി വോട്ടര്‍മാര്‍ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ഇ-തപാല്‍ വോട്ടിനുള്ള അപേക്ഷ നല്‍കണം. പത്രിക പിന്‍വലിക്കല്‍ കഴിഞ്ഞ് ബാലറ്റ് പേപ്പര്‍ തയ്യാറാക്കിയാലുടന്‍ റിട്ടേണിംഗ് ഓഫീസര്‍ അത് ഒണ്‍ലൈന്‍ വഴി പ്രവാസി വോട്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കണം. ഇ-ബാലറ്റ് പേപ്പറിന്റെ പ്രിന്റെടുത്ത് അതില്‍ വോട്ട് ചെയ്ത ശേഷം എംബസി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ ഒപ്പു വെക്കുന്ന സത്യവാങ്മൂലത്തോടൊപ്പം റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാലില്‍ തിരിച്ചയക്കുന്നതോടെ വോട്ടിംഗ് പ്രകൃയ അവസാനിക്കുന്നു. ഇ-തപാല്‍വോട്ട് പ്രായോഗികമല്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ ഒരു തവണ ഇത് തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് (പ്രോക്‌സി വോട്ട്) നല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതിനായി കൊണ്ടുവന്ന നിയമഭേദഗതി ബില്‍ ലോക്‌സഭ അംഗീകരിച്ചെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ കാലഹരണപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍വോട്ട് ശുപാര്‍ശ വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവാസികള്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. അവര്‍ സമ്പാദിക്കുന്ന പണം മതി, ജനാധിപത്യ പ്രക്രിയയില്‍ വോട്ട് വേണ്ടെന്ന് പറയുന്നതിന്റെ ന്യായമാണ് മനസ്സിലാവാത്തത്. പ്രവാസി വോട്ടിന്റെ കടമ്പ കടക്കാന്‍ ഇനിയും കുറേ നിയമനടപടികള്‍ ആവശ്യമായി വരുന്നുണ്ട്. ഏപ്രില്‍ ആവുന്നതിന് മുമ്പ് ഈ നടപടികളൊക്കെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പ്രവാസി വോട്ട് നിയമ സഭാ തിരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമാക്കാനാവു. ഔദ്യോഗിക കണക്ക് പ്രകാരം ഒന്നേമുക്കാല്‍ കോടിയോളം പ്രവാസികളാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. കേരളം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസി ഇന്ത്യക്കാരില്‍ കൂടുതലും. ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യാനായി പതിനായിരങ്ങള്‍ മുടക്കി നാട്ടിലെത്തുകയാണ് ചെയ്യുന്നത്. ഇത് അവരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കുകയും അവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുകയും വേണം.

Related Articles
Next Story
Share it