ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്

ഒരു രാജ്യം, ഒറ്റ വോട്ടര്‍ പട്ടിക, ഒരേ തിരഞ്ഞെടുപ്പ്. ഇത് ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് അഞ്ചാറു വര്‍ഷമായി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കൊവാഡിയയില്‍ നടന്ന നിയമ നിര്‍മ്മാണ സഭകളുടെ അധ്യക്ഷന്മാരുടെ(സ്പീക്കര്‍മാരുടെ) ദേശീയ സമ്മേളനത്തെ വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം വീണ്ടും പുറത്തിട്ടത്. മാസങ്ങളുടെ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ ഗൗരവമായ പഠനം വേണമെന്നുമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്. ലോകസഭ, നിയമസഭ, തദ്ദേശ സ്വയംഭരണ […]

ഒരു രാജ്യം, ഒറ്റ വോട്ടര്‍ പട്ടിക, ഒരേ തിരഞ്ഞെടുപ്പ്. ഇത് ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട് അഞ്ചാറു വര്‍ഷമായി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നുണ്ടെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കൊവാഡിയയില്‍ നടന്ന നിയമ നിര്‍മ്മാണ സഭകളുടെ അധ്യക്ഷന്മാരുടെ(സ്പീക്കര്‍മാരുടെ) ദേശീയ സമ്മേളനത്തെ വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ഇക്കാര്യം വീണ്ടും പുറത്തിട്ടത്. മാസങ്ങളുടെ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ ഗൗരവമായ പഠനം വേണമെന്നുമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നത്.
ലോകസഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ സര്‍ക്കാരിന് കോടിക്കണത്തിന് രൂപയുടെ നഷ്ടം ഒഴിവാക്കാനാവുമെന്നും ജനങ്ങള്‍ക്ക് അടിക്കടി പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നത് ഒഴിവാക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു നീക്കത്തെ ഇടതുപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ എതിര്‍ത്തതാണ്. ജനാധിപത്യ സംവിധാനത്തിന് കോട്ടമുണ്ടാക്കുന്ന നീക്കമായിരിക്കും ഇതെന്ന് അവര്‍ ആരോപിക്കുന്നുണ്ട്. 2014 ലെ ഒന്നാം മോദി സര്‍ക്കാര്‍ ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്‌തെങ്കിലും സമവായമുണ്ടായില്ല.
2019ല്‍ രണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഈ വിഷയം വീണ്ടും ഉന്നയിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിനും പ്രത്യേക വോട്ടര്‍ പട്ടിക ഉണ്ടാക്കുന്നത് സമയവും സമ്പത്തും നഷ്ടപ്പെടുത്തും. ഒറ്റ വോട്ടര്‍ പട്ടിക ഉപയോഗിച്ച് എല്ലാ തലങ്ങളിലേക്കും ഒന്നിച്ച് വോട്ടെടുപ്പ് സാധ്യമാകും. 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള രാജ്യത്ത് അതിന് ബുദ്ധിമുട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഇതിനായി ഉപയോഗിക്കാം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ബി.ജെ.പി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം ഉയര്‍ത്തിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പല പാര്‍ട്ടികളും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താന്‍ തയ്യാറായില്ല.
40 പാര്‍ട്ടികളില്‍ 21 പാര്‍ട്ടികള്‍ മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാഹുല്‍ഗാന്ധിയും മമതാബാനര്‍ജിയുമടക്കമുള്ളവര്‍ അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്. ഓരോ തിരഞ്ഞെടുപ്പിനും വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണ് ഉണ്ടാക്കുന്നതെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയതിനു ശേഷമേ മുമ്പോട്ട് പോകാനാവൂ. ഭരണ ഘടനയില്‍ ഇതു സംബന്ധിച്ച മാറ്റം വരുത്തേണ്ടതുണ്ട്. അതിന് രാജ്യസഭയിലും ലോക്‌സഭയിലും ചര്‍ച്ച ചെയ്ത് അംഗീകാരം നേടുകയും വേണം. കുറേ നല്ല കാര്യങ്ങള്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ല. അതേ സമയം ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന നീക്കം ഉപേക്ഷിക്കുകയും വേണം.

Related Articles
Next Story
Share it