സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ച് ചിത്രം വ്യക്തമായതോടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഏതാണ്ട് 20 ദിവസത്തോളം മാത്രമേ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്നുള്ളൂ. ഇതിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പ്രചരണം നടത്താന്‍. കോവിഡ് മാനദണ്ഡത്തിന് പുറമെ ഹരിത ചട്ടം കൂടി പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ തയ്യാറാവണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിക്കാതെ വന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഓരോ ജില്ലയിലും 500 ടണ്‍ മാലിന്യം അടിഞ്ഞുകൂടുമെന്നാണ് കണക്കു കൂട്ടുന്നത്. ഈയിടെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ ഇതിന്റെയും എത്രയോ ഇരട്ടി മാലിന്യമാണ് അടിഞ്ഞുകൂടിയത്. കേരളത്തിലെ ജനങ്ങള്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഹരിത ചട്ടം പാലിക്കുന്നതിലും വലിയ വിട്ടുവീഴ്ച വരുത്തില്ലെന്ന പ്രതീക്ഷയാണ് ഇലക്ഷന്‍ കമ്മീഷന്. പ്രചരണത്തിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുക വഴി ഈ മാലിന്യം കൂടുന്ന സ്ഥിതി പരമാവധി കുറച്ചുകൊണ്ടുവരാനാവും. ഓരോ ജില്ലകളിലും 2000ത്തിന് മുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ ഇവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഹരിത ചട്ടം പാലിക്കാത്തതാണെങ്കില്‍ മാലിന്യം കുമിഞ്ഞുകൂടുമെന്നതില്‍ തര്‍ക്കമില്ല. ഇതിനൊക്കെ പുറമെയാണ് ബൂത്തുകളിലും മറ്റുമായി ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വസ്തുക്കളുടെ മാലിന്യവും കൂടി ഇതിനൊപ്പം വരുന്നത്. പ്ലാസ്റ്റിക് കുപ്പിവെള്ള ബോട്ടിലുകള്‍, ഡിസ്‌പോസബിള്‍ കപ്പുകള്‍, പാത്രങ്ങള്‍, നിരോധിത പ്ലാസിറ്റിക് കവറുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയൊക്കെ കൂമ്പാരമായി അവശേഷിക്കും. തിരഞ്ഞെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലും സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിന് പുറമെയാണിത്. പ്രചരണത്തിനായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഡിസ്‌പോസബിള്‍ വസ്തുക്കളും ഉപയോഗിച്ചാല്‍ ഹോള്‍ഡിങ്ങുകളുടേത് മാത്രം ടണ്‍ കണക്കിന് മാലിന്യമുണ്ടാവും. ബാനറുകളും ബോര്‍ഡുകളും തുണിയിലും പേപ്പറിലും മറ്റ് പ്രകൃതി സൗഹൃദ വസ്തുക്കളിലും മാത്രമാക്കണം. കൊടിതോരണങ്ങള്‍ നിര്‍മ്മിക്കുമ്പോഴും പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുന്നതിന് പകരം ബബിള്‍ടോപ്പ് ഡിസ്‌പെന്‍സറുകള്‍ സജ്ജമാക്കണം. ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടിതന്നെ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മലിനീകരണത്തിന്റെ തോതും വര്‍ധിപ്പിക്കും. കണ്ടമാനമുള്ള ചെലവ് കൂടുന്നതിനുപുറമെയാണിത്. ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പരമാവധി നാല് വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കാവൂ. വെഹിക്കിള്‍ പാസ് കാണത്തക്കവിധം വാഹനത്തില്‍ പതിപ്പിക്കണം. പൊലീസ് അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ പ്രചരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്. എന്തായാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചരണം നടത്തുമ്പോള്‍ തന്നെ ഹരിതചട്ടം പാലിക്കാനും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാവണം.