ജാഗ്രത കൈവിടാനായിട്ടില്ല

കോവിഡ് മഹാമാരി ജനങ്ങളെ കീഴടക്കിയിട്ട് വര്‍ഷം ഒന്നാവുന്നു. എന്നിട്ടും അതിന്റെ പിടിയില്‍ നിന്ന് നമ്മള്‍ മോചിതരായിട്ടില്ല. ഇപ്പോഴും ഓരോ ദിവസവും 5000 ത്തോളം പേര്‍ രോഗികളായി മാറുകയും 25 ഓളം പേര്‍ മരണത്തിന് കീഴടങ്ങുകയുമാണ്. പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുകയും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമടക്കം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങിയതോടെ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ചെറിയ ശതമാനത്തിന് മാത്രമേ പോസിറ്റീവ് ആകുന്നുള്ളൂ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ കോവിഡ് വ്യാപനം […]

കോവിഡ് മഹാമാരി ജനങ്ങളെ കീഴടക്കിയിട്ട് വര്‍ഷം ഒന്നാവുന്നു. എന്നിട്ടും അതിന്റെ പിടിയില്‍ നിന്ന് നമ്മള്‍ മോചിതരായിട്ടില്ല. ഇപ്പോഴും ഓരോ ദിവസവും 5000 ത്തോളം പേര്‍ രോഗികളായി മാറുകയും 25 ഓളം പേര്‍ മരണത്തിന് കീഴടങ്ങുകയുമാണ്. പൊതുഗതാഗതം പൂര്‍വ്വസ്ഥിതിയിലാവുകയും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമടക്കം തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങിയതോടെ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദേശങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ചെറിയ ശതമാനത്തിന് മാത്രമേ പോസിറ്റീവ് ആകുന്നുള്ളൂ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യത ആരോഗ്യ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത കൈവിടാനായിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊറോണ കോര്‍ കമ്മിറ്റിയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുകയുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ആലോചിക്കുന്നത്. ജില്ലയില്‍ ഹോട്ടലുകള്‍ രാത്രി 9മണിവരെ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ സമയം രാത്രി 11 മണിവരെ നീട്ടണമെന്ന ഹോട്ടലുടമകളുടെ ആവശ്യം കോര്‍ കമ്മിറ്റി യോഗം തള്ളിക്കളഞ്ഞിരിക്കയാണ്. തട്ടുകടകളില്‍ നിന്ന് ഭക്ഷണം പാര്‍സലായി മാത്രമേ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും മറ്റ് കടകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഗ്ലൗസും ധരിച്ചിരിക്കണമെന്ന നിബന്ധനയും കര്‍ശനമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഇങ്ങോട്ട് യാത്ര തിരിച്ചിട്ടുണ്ട്. അവര്‍ ജില്ലയില്‍ വന്നാല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ തന്നെ ഇതിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കണം. ആന്റിജന്‍ പരിശോധന ജില്ലയില്‍ കൂട്ടാനും തീരുമാനമെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ ടെസ്റ്റിന് എത്തിയാല്‍ മാത്രമേ എത്ര പേര്‍ക്ക് കോവിഡ് ഉണ്ടെന്ന് മനസിലാക്കാനാവൂ. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായിട്ട് ഒരു മാസത്തിലേറെയായി. ഡിസംബര്‍ രണ്ട് മുതല്‍ ഇത് പഴയതുപോലെതന്നെ പ്രവര്‍ത്തിക്കുകയാണ്. കോവിഡ് രോഗികള്‍ വീടുകളില്‍ത്തന്നെ കഴിയാന്‍ തുടങ്ങിയതോടെ ആസ്പത്രിയിലെത്തുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് പഴയ നില തുടരാന്‍ തീരുമാനിച്ചത്. ദിനംപ്രതി 2000ത്തിലേറെ രോഗികള്‍ എത്തികൊണ്ടിരിക്കുന്ന ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയായി മാറ്റിയതിനെ തുടര്‍ന്ന് ഇവിടെ എത്തിക്കൊണ്ടിരുന്ന രോഗികള്‍ നീലേശ്വരത്തും പൂടംകല്ലുമുള്‍പ്പെടെയുള്ള ആസ്പത്രികളെയാണ് ആശ്രയിച്ചുവന്നിരുന്നത്. മലയോര മേഖലയില്‍ നിന്നും ടൗണ്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള രോഗികള്‍ ഇതുകാരണം ഏറെ വിഷമം അനുഭവിച്ചുവരികയായിരുന്നു. അനിവാര്യമായ സാഹചര്യത്തിലാണ് കോവിഡ് ഭീതിക്കിടയിലും തിരഞ്ഞെടുപ്പ് നടത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമൊക്കെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രമേ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാവൂ.

Related Articles
Next Story
Share it