ഫയലുകള്‍ ഇപ്പോഴും കുരുക്കഴിയാതെ തന്നെ

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഉദ്യോഗസ്ഥരെ കുറച്ച് നേരത്തേക്ക് ഉണര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് അക്കാര്യങ്ങളെല്ലാം മറവിയിലേക്ക് മാഞ്ഞുപോയി. അതിനിടയില്‍ കൊറോണ കൂടി വന്നതോടെ ഫയലുകളുടെ കൂമ്പാരം തന്നെ ഓരോ ഓഫീസുകളിലും ഉയര്‍ന്നു. കടലാസ് ഫയലുകളില്‍ നിന്ന് ഇ-ഫയലിലേക്ക് മാറിയെന്നത് മാത്രമാണ് പുതുതായി വന്ന പരിഷ്‌കാരം. കമ്പ്യൂട്ടറുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്ക് ഇവ ഓടിക്കൊണ്ടിരിക്കുന്നതല്ലാതെ ഒന്നിനും തീര്‍പ്പുകല്‍പ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് ലക്ഷത്തിലധികം ഫയലുകളാണത്രെ സെക്രട്ടേറിയറ്റില്‍ മാത്രം കെട്ടിക്കിടക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി കഴിയാറായതും […]

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഉദ്യോഗസ്ഥരെ കുറച്ച് നേരത്തേക്ക് ഉണര്‍ത്തിയെങ്കിലും പിന്നീടങ്ങോട്ട് അക്കാര്യങ്ങളെല്ലാം മറവിയിലേക്ക് മാഞ്ഞുപോയി. അതിനിടയില്‍ കൊറോണ കൂടി വന്നതോടെ ഫയലുകളുടെ കൂമ്പാരം തന്നെ ഓരോ ഓഫീസുകളിലും ഉയര്‍ന്നു. കടലാസ് ഫയലുകളില്‍ നിന്ന് ഇ-ഫയലിലേക്ക് മാറിയെന്നത് മാത്രമാണ് പുതുതായി വന്ന പരിഷ്‌കാരം. കമ്പ്യൂട്ടറുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്ക് ഇവ ഓടിക്കൊണ്ടിരിക്കുന്നതല്ലാതെ ഒന്നിനും തീര്‍പ്പുകല്‍പ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രണ്ട് ലക്ഷത്തിലധികം ഫയലുകളാണത്രെ സെക്രട്ടേറിയറ്റില്‍ മാത്രം കെട്ടിക്കിടക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി കഴിയാറായതും കൊറോണയുമൊക്കെയായതിനാല്‍ ഫയല്‍ നീക്കം ഒച്ചിഴയും വേഗത്തിലായിരിക്കയാണ്. ഇ.ഡി. മുതല്‍ വിജിലന്‍സ് വരെയുള്ള അന്വേഷണ ഏജന്‍സികളുടെ തേരോട്ടം കൂടിയായതോടെ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കാതെ ഫയലുകള്‍ തട്ടിക്കളിക്കുയുകയാണ്. കോവിഡ് മൂലം വേണ്ടത്ര ജീവനക്കാരും ഓഫീസുകളിലില്ല. ഭരണ വേഗം നിലച്ചതോടെ കഷ്ടത്തിലായത് സാധാരണക്കാരായ ജനങ്ങളാണ്. ഒരാഴ്ച കൊണ്ട് തീര്‍പ്പായിരുന്ന ഫയലുകള്‍ക്ക് ഇപ്പോള്‍ രണ്ട് മാസം വരെ വേണം. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള ഫയലുകള്‍ വരെ സെക്രട്ടേറിയറ്റില്‍ ഉണ്ടത്രെ. ഇ-ഫയല്‍ സംവിധാനം നടപ്പിലായ ശേഷം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഫയല്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഫലം കണ്ടില്ല.
കടലാസിന് പകരം കമ്പ്യൂട്ടറായി എന്നത് മാത്രമാണ് നേട്ടം. പേപ്പറുകളില്‍ എഴുതിയ ഫയലുകള്‍ ചുവപ്പുനാടയിട്ടുകെട്ടി ഓരോ സെക്ഷനിലും അറ്റന്‍ഡര്‍മാര്‍ എത്തിച്ചിരുന്ന രീതിമാറി-ഫയലുകള്‍ കമ്പ്യൂട്ടറുകള്‍ വഴി ഓരോ സെക്ഷനുകളിലേക്കും എത്തുന്ന സംവിധാനമായി. ഇതിന് പ്രത്യേക ഇന്റര്‍നെറ്റ് അധിഷ്ഠിത ശൃംഖലയും സോഫ്റ്റ് വെയറുമുണ്ട്. സെക്രട്ടേറിയറ്റില്‍ മാത്രമല്ല ഓരോ ജില്ലകളിലെയും കലക്ടറേറ്റുകളിലും മറ്റ് ഓഫീസുകളിലും ഫയല്‍ നീക്കം മന്ദഗതിയിലാണ്. അക്ഷയ വഴി കുറെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സംവിധാനമായിക്കഴിഞ്ഞതോടെ കുറെയേറെ ആശ്വാസമുണ്ട്. നികുതിയടക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അക്ഷയ വഴി തന്നെ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് പോലുള്ള ചില കാര്യങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.
എസ്.എസ്.എല്‍.സി. ബുക്ക് എന്തിനും ആധികാരിക രേഖതന്നെയാണ്. അതില്‍ വെണ്ടക്ക അക്ഷരത്തില്‍ ജാതിയും മതവുമൊക്കെ എഴുതിവെച്ചിട്ടുണ്ട്. ഇതുണ്ടായിട്ടും പിന്നെയും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങി കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ് തരപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നില്ല. അക്ഷയ കേന്ദ്രങ്ങള്‍ നടത്തുന്നത് സ്വകാര്യ ഏജന്‍സികളാണ്. കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ വഴി നല്‍കാനായാല്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ജോലി ഭാരം കുറഞ്ഞുകിട്ടുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളില്‍ അദാലത്തുകള്‍ നടത്തി ചുവപ്പു നാടയില്‍ കുരുങ്ങിയ ഫലയുകള്‍ തീര്‍പ്പാക്കിയിരുന്നു. ആ സമ്പ്രദായം തുടര്‍ന്നും ഉണ്ടാവണം. കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കാന്‍ അടിയന്തിര നടപടി ഉണ്ടാവണം.

Related Articles
Next Story
Share it