തിരഞ്ഞെടുപ്പിനുള്ള കളം തെളിയുകയാണ്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 12 ന് പുറപ്പെടുവിക്കുന്നതോടെ നടപടി ക്രമങ്ങള്‍ ആരംഭിക്കുകയായി. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സ്ഥാനാര്‍ത്ഥികളെ ഏതാണ്ട് തീരുമാനിച്ചുകഴിഞ്ഞു. ചുരുക്കം വാര്‍ഡുകളിലേക്ക് മാത്രമാണ് ധാരണയാവാത്തത്. രണ്ട് ദിവസങ്ങള്‍ക്കകം അതും പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവും. വാര്‍ഡുകളിലും പഞ്ചായത്തുകളിലും ജനറല്‍, വനിത, സംവരണ വാര്‍ഡുകള്‍ നേരത്തെ തന്നെ നിശ്ചയിച്ചുകഴിഞ്ഞു. ഡിസംബര്‍ 8, 10, 14 തീയതികളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവസാന ഘട്ടമായ ഡിസംബര്‍ 14 നാണ് കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടങ്ങളില്‍ അഞ്ചുവീതം ജില്ലകളിലാണ് വോട്ടെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വിജ്ഞാപനം വരുന്ന 12 ന് തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവും. 19 വരെയാണ് പത്രിക സമര്‍പ്പിക്കാനാവുക. സൂക്ഷ്മ പരിശോധന 20നും പിന്‍വലിക്കാനുള്ള അവസാന ദിവസം 23 ഉം ആണ്. ഡിസംബര്‍ 16നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കുമ്പോള്‍ യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ മുന്നണികള്‍ ശ്രദ്ധിക്കണം. വാര്‍ഡുകളിലും പഞ്ചായത്തുകളിലും നഗരസഭയിലുമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ചുറുചുറുക്കും കാര്യശേഷിയുമുള്ളവരായിരിക്കണം രംഗത്തുവരേണ്ടത്. പഴയ മുഖങ്ങള്‍ മാറി യുവാക്കളും ഉന്നത വിദ്യാഭ്യാസമുള്ളവരുമായിരിക്കണം സ്ഥാനാര്‍ത്ഥികളായി എത്തേണ്ടത്. ഏതാനും പാര്‍ട്ടികള്‍ ഇതിനകം തന്നെ അത്തരത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ടെന്നത് ആശ്വാസം. കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച എത്രയോ യുവാക്കളുണ്ട്. പാര്‍ട്ടികളുടെ യുവനിരയില്‍ പ്രവര്‍ത്തിച്ച് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ അത്തരം പ്രവര്‍ത്തകരെയൊക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തണം. ദുരന്ത മുഖങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ക്രിയാത്മക പ്രവര്‍ത്തനം കാണാതിരുന്നുകൂടാ. അവര്‍ക്ക് വാര്‍ഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിയാനും പരിഹരിക്കാനും സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏതാനും പാര്‍ട്ടികള്‍ യുവാക്കള്‍ക്കും മാത്രമായി 30 ശതമാനത്തിനും 40 നുമിടയില്‍ സീറ്റ് നീക്കിവെച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും മുന്നണികളും ഈ രീതിയില്‍ ചിന്തിക്കുന്നത് അഭികാമ്യമായിരിക്കും. മൂന്നും നാലും തവണ ഒരേ വാര്‍ഡുകളെ പ്രതിനിധാനം ചെയ്യുന്നവരെയൊക്കെ മാറ്റി നിര്‍ത്തണം. പുതിയ തലമുറയുടെ കടന്നുവരവ് ജനങ്ങളില്‍ പുത്തനുണര്‍വ്വ് പകര്‍ന്നു നല്‍കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും അഴിമതിക്കാരെയും മാറ്റി നിര്‍ത്താനും കഴിയണം. വാര്‍ഡുകളുടെ വികസനത്തിനുവേണ്ട ഫണ്ട് പോലും തിരിമറി നടത്തി കീശ വീര്‍പ്പിക്കുന്നവരെ എത്രയോ കണ്ടതാണ്. അത്തരക്കാരെയൊക്കെ വോട്ടര്‍മാര്‍ക്ക് ആദ്യമേ തിരിച്ചറിയാനാവണം. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അത്തരക്കാരെ സ്ഥാനാര്‍ത്ഥികളാക്കിക്കൊണ്ടുവന്നാലും വോട്ടര്‍മാരാണ് അതിനെതിരെ പ്രതികരിക്കേണ്ടത്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ പോലെ രാഷ്ട്രീയത്തില്‍ മാത്രം ഊന്നിയുള്ള തിരഞ്ഞെടുപ്പല്ല ഇത്. രാഷ്ട്രീയത്തിലുപരി ഓരോ ഗ്രാമത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് മുഖം കൊടുത്തുകൊണ്ടുള്ള വിധി നിര്‍ണയമാണ് വേണ്ടത്.