കോവിഡ് വന്നവരും ജാഗ്രത പുലര്‍ത്തണം

കോവിഡ് വന്നവര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കണമെന്നാണ് ചില മരണങ്ങള്‍ സൂചന നല്‍കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവജന ക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനും സി.പി.എം. നേതാവുമായ പി.ബിജുവിന്റെ മരണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കാരണം തുടര്‍ന്നും ചികിത്സ തേടേണ്ടിവന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ […]

കോവിഡ് വന്നവര്‍ ജാഗ്രതയോടെ ഇരിക്കണമെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം മുഖവിലക്കെടുക്കണമെന്നാണ് ചില മരണങ്ങള്‍ സൂചന നല്‍കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവജന ക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷനും സി.പി.എം. നേതാവുമായ പി.ബിജുവിന്റെ മരണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോവിഡിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കാരണം തുടര്‍ന്നും ചികിത്സ തേടേണ്ടിവന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ മാത്രമല്ല, ചെറുപ്പക്കാരും മരണപ്പെടുന്നുണ്ട്. കോവിഡ് വന്നുപോയവരെ ചികിത്സിക്കാന്‍ പ്രത്യേക സംവിധാനം തന്നെ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. ആസ്പത്രികളില്‍ ഇതിനായി ഒരു സെല്‍ തന്നെ തുറന്നിട്ടുണ്ട്. കോവിഡ് ബാധിച്ചവര്‍ക്ക് ഹൃദ്രോഗം കൂടാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. ഹൃദയ രക്തക്കുഴലുകളുടെ ഭിത്തിക്ക് കേടുവരുത്തി രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ് വൈറസ് കൂട്ടുന്നതായി വിദേശങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സാധ്യത ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദം കൂടുന്നതും കേരളത്തില്‍ ഹൃദ്രോഗത്തിന്റെ തോത് കൂടാന്‍ ഇടയാക്കുന്നു. കേരളത്തിലെ കോവിഡ് കാല മാനസിക സമ്മര്‍ദ്ദം ദേശീയ ശരാശരിയേക്കാള്‍ കൂടുതലെന്നാണ് സമീപകാലത്ത് വിവിധ ഏജന്‍സികള്‍ നടത്തിയ മാനസികാരോഗ്യ സര്‍വ്വേകള്‍ പറയുന്നത്. കോവിഡ് ബാധിതരില്‍ നടത്തിയ പരിശോധനയിലൂടെയാണ് കോവിഡ് ഹാര്‍ട്ട് ഡിസീസ് എന്ന അവസ്ഥ കൂടി വരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിതരായ ആളുകളെയാണ് ആദ്യം കണ്ടെത്തിയതെങ്കിലും പിന്നീട് വന്ന രോഗികളില്‍ പലരും ഹൃദയ സംബന്ധമായ രോഗങ്ങളിലേക്ക് കടന്നതായി തെളിഞ്ഞു. രക്തക്കുഴലുകളിലെ നീര്‍ക്കെട്ടും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുന്നതുമാണ് ഇവരില്‍ വിനയാവുന്നത്. മാനസിക സമ്മര്‍ദ്ദം കൂടുന്നതും സമീപ കാലത്ത് ഹൃദ്രോഗം കൂടാനുള്ള പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തൊഴില്‍ നഷ്ടം മുതല്‍ ഓണ്‍ലൈന്‍ ക്ലാസിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുന്ന കാര്യത്തില്‍ വരെ ആളുകള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അനിശ്ചിതത്വവും പല ആളുകളുടെയും മാനസിക സമ്മര്‍ദ്ദം കൂട്ടിയതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് കാലത്ത് ഹൃദ്രോഗികള്‍ ഏറി വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ഓരോരുത്തരും സ്വയം നിരീക്ഷണം നടത്തുകയാണ് ചെയ്യേണ്ടിയിരിക്കുന്നത്.

Related Articles
Next Story
Share it