കെ-ഫോണിനെ വിവാദത്തിലാക്കി തടസ്സപ്പെടുത്തരുത്

ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് കെ-ഫോണ്‍. ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ നിരക്കില്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്ന സംവിധാനമാണ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍). ലൈഫ് മിഷനെപ്പോലെത്തന്നെ ഈ പദ്ധതിയുടെ നടത്തിപ്പും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലേക്ക് പോവുകയാണ്. കമ്പനിയുടെ രേഖകള്‍ കേന്ദ്ര ഇന്റലിജന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് വൈദ്യുതി വകുപ്പ് കൈമാറിക്കഴിഞ്ഞു. എം. ശിവശങ്കറിനെയും സ്വപ്‌നാസുരേഷിനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണത്രെ നടപടി. വൈദ്യുതി ബോര്‍ഡും കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ളതാണ് 1028 കോടിയുടെ കെ-ഫോണ്‍ […]

ജനങ്ങള്‍ ഏറെ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് കെ-ഫോണ്‍. ഇന്റര്‍നെറ്റ് ലഭ്യത കുറഞ്ഞ നിരക്കില്‍ തടസ്സങ്ങളില്ലാതെ ലഭിക്കുന്ന സംവിധാനമാണ് കേരള ഫൈബര്‍ ഒപ്ടിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍). ലൈഫ് മിഷനെപ്പോലെത്തന്നെ ഈ പദ്ധതിയുടെ നടത്തിപ്പും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലേക്ക് പോവുകയാണ്. കമ്പനിയുടെ രേഖകള്‍ കേന്ദ്ര ഇന്റലിജന്‍സ് ആവശ്യപ്പെട്ടതനുസരിച്ച് വൈദ്യുതി വകുപ്പ് കൈമാറിക്കഴിഞ്ഞു. എം. ശിവശങ്കറിനെയും സ്വപ്‌നാസുരേഷിനെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണത്രെ നടപടി. വൈദ്യുതി ബോര്‍ഡും കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ളതാണ് 1028 കോടിയുടെ കെ-ഫോണ്‍ പദ്ധതി. ഇതിന്റെ മുഴുവന്‍ നിയന്ത്രണവും ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനായിരുന്നുവത്രെ. വൈദ്യുതി വകുപ്പ് പങ്കാളിയാണെങ്കിലും ഐ.ടി വകുപ്പാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിരുന്നത്. കെ-ഫോണിനായി കേബിള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദാരിദ്രരേഖക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തുന്നത് തടസ്സപ്പെടാന്‍ ഇടവരരുത്. ശിവശങ്കര്‍ പ്രതിയാണെങ്കില്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി അന്വേഷണം നടത്താവുന്നതാണ്. അതിന് കെ-ഫോണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അത്രയും നിര്‍ത്തി വെക്കുന്ന സാഹചര്യമുണ്ടാവരുത്. ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമാണ്. കേരളത്തിലുടനീളം 52746 കിലോ മീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കോര്‍നെറ്റ്‌വര്‍ക്കില്‍ നിന്ന് കേബിള്‍ കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കും. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കുള്ള പ്ലാറ്റ്‌ഫോമായിട്ടാകും കെ-ഫോണ്‍ പ്രവര്‍ത്തിക്കുക. ഏത് സേവന ദാതാവിനും ഏത് വീട്ടിലേക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാവും. സര്‍ക്കാര്‍ ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക. പിന്നീടാണ് 20 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുക. 1548.68 കോടിക്ക് ഭാരത് ഇലക്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍ ലഭിച്ചത്. 2017 മെയ് 18ന് ഭരണാനുമതി ലഭിച്ച പദ്ധതി ഇക്കൊല്ലം ഡിസംബറോടെ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു തീരുമാനം. കോവിഡ് വ്യാപനം സൃഷ്ടിച്ച തടസ്സങ്ങള്‍ ഏതാനും മാസത്തേക്ക് പദ്ധതി വൈകിപ്പിച്ചു. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, വൈദ്യുതിബോര്‍ഡ് എന്നിവക്ക് 49 ശതമാനം വീതവും സര്‍ക്കാറിന് രണ്ട് ശതമാനം ഓഹരിയുമാണ് കെ-ഫോണില്‍. എന്തായാലും പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രത്യേകിച്ച് താഴെക്കിടയിലുള്ളവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ പദ്ധതിയാണിത്. കോവിഡിനെ തുടര്‍ന്ന് പലരുടെയും ജോലി വീടുകളില്‍ തന്നെ ചെയ്യുകയാണ്. വിദ്യാര്‍ത്ഥികളുടെ പഠനവും ഓണ്‍ലൈനിലാണ്. ഇപ്പോള്‍ തടസ്സമില്ലാതെ നെറ്റ് കിട്ടാത്ത അവസ്ഥയാണ് പലേടത്തും. കെ-ഫോണ്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. ആരോപണങ്ങളും കേസും അതിന്റെ വഴിക്ക് പോകട്ടെ. പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം.

Related Articles
Next Story
Share it