ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ഇതേചൊല്ലിയുള്ള സമ്മിശ്ര പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്. ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പൊതുപ്രവര്‍ത്തകര്‍ രാജിവെക്കണമെന്ന വ്യവസ്ഥയിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാലും ഉടന്‍ തന്നെ രാജിവെക്കേണ്ടതില്ലെന്ന തരത്തിലാണ് പുതിയ ഭേദഗതി. ഇക്കാര്യത്തില്‍ മേലധികാരിക്ക് തീരുമാനമെടുക്കാനുള്ള അധികാരമാണ് നല്‍കിയിരിക്കുന്നത്. രാജിവെക്കേണ്ടെന്ന് മേലധികാരി തീരുമാനമെടുക്കുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം തുടരാം. മുഖ്യമന്ത്രിക്കെതിരെയുള്ള വിധിയില്‍ നിയമസഭയും മന്ത്രിമാരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും എം.എല്‍.എമാര്‍ക്കെതിരെയുള്ളതില്‍ സ്പീക്കറുമാണ് കോംപിറ്റന്റ് അതോറിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. നിയമസഭയില്‍ സ്വാഭാവികമായും ഭൂരിപക്ഷം ഭരണപക്ഷത്തിനാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ അഴിമതി ആരോപണം ഉയര്‍ന്നാല്‍ തന്നെയും അന്വേഷണം ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ലോകായുക്തയുടെ പ്രസക്തിയും പ്രാധാന്യവും നഷ്ടമാകുമോയെന്ന ആശങ്ക ഇല്ലാതില്ല. ലോകായുക്ത നിയമഭേദഗതി എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു. അങ്ങനെ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അഴിമതി തടയാനുള്ള നിയമത്തെ ഭൂരിപക്ഷം ഉപയോഗിച്ച് ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ പ്രതിപക്ഷം ഈ ബില്ലിനെ കീറിയെറിയുകയായിരുന്നു. ഈ നിയമം പാസാകണമെങ്കില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടണം. സര്‍വകലാശാല നിയമനപ്രശ്‌നത്തിന്റെ പേരില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ലോകായുക്ത നിയമഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോയെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ബില്‍ രാജ്ഭവന് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെപ്തംബര്‍ ആറിനാണ് രാജ്ഭവനില്‍ തിരിച്ചെത്തുന്നത്. അതിന് ശേഷം മാത്രമേ ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. തീരുമാനമെടുക്കുന്നത് വൈകിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. ഉപദേശം തേടാന്‍ ബില്ല് രാഷ്ട്രപതിക്ക് അയക്കാനും ഇടയുണ്ട്. ഏതുതരത്തിലായാലും സര്‍ക്കാറിന് അത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതാണ് വസ്തുത. ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്ന വിമര്‍ശനം പൊതുവെയുണ്ട്. മുഖ്യമന്ത്രിയെ ബാധിക്കുന്ന ഒരു കേസ് ലോകായുക്തയുടെ പരിഗണനയിലിരിക്കെയാണ് ഈ ഭേദഗതിയെന്നതിനാല്‍ സംശയിക്കുന്നവരെ കുറ്റം പറയാനുമാകില്ല. ലോകായുക്തയുടെ ചിറകരിയുന്നത് തന്നെയാണ് ഇപ്പോഴത്തെ ഭേദഗതി. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചാല്‍ ഭരിക്കുന്നവരില്‍ അഴിമതി നടത്തുന്നവര്‍ക്കെതിരെ അന്വേഷണം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഭരിക്കുന്നവര്‍ എന്ത് അഴിമതി നടത്തിയാലും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയുണ്ടാകുന്നത് ജനാധിപത്യഭരണസംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാന്‍ ഇടവരുത്തും. അഴിമതി സാര്‍വത്രികമാകും. ലോകായുക്ത ശക്തമായ അഴിമതി വിരുദ്ധപ്രസ്ഥാനമായി നിലനില്‍ക്കണം. ആ നിലക്ക് ലോകായുക്തയെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി അപ്രസക്തമാക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നാണ് അഴിമതിക്കെതിരെ ചിന്തിക്കുന്നവരെല്ലാം ആഗ്രഹിക്കുന്നത്.