ഇത് കാസര്‍കോട്ടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ, പ്രതീക്ഷയോടെ കണ്ടിരുന്ന തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി പേരിന് മാത്രമായി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി ടാറ്റാ നിര്‍മ്മിച്ച കോവിഡ് ആസ്പത്രി വെറുമൊരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മാത്രമായി മാറ്റിയിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ ഗുരുതരാവസ്ഥയിലല്ലാത്ത ആളുകളെയാണ് പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അമ്പത് പേരെയാണ് കിടത്തി ചികിത്സിക്കുക. ഇതിന് ജില്ലയില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലും മറ്റ് ആസ്പത്രികളിലും സൗകര്യമുണ്ട്. രണ്ട് ഡോക്ടര്‍മാരെയും 12 നഴ്‌സുമാരെയും എട്ട് ശുചീകരണ തൊഴിലാളികളെയും മാത്രമാണിപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. 191 പേരെ […]

കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ, പ്രതീക്ഷയോടെ കണ്ടിരുന്ന തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി പേരിന് മാത്രമായി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി ടാറ്റാ നിര്‍മ്മിച്ച കോവിഡ് ആസ്പത്രി വെറുമൊരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മാത്രമായി മാറ്റിയിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ ഗുരുതരാവസ്ഥയിലല്ലാത്ത ആളുകളെയാണ് പ്രവേശിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അമ്പത് പേരെയാണ് കിടത്തി ചികിത്സിക്കുക. ഇതിന് ജില്ലയില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലും മറ്റ് ആസ്പത്രികളിലും സൗകര്യമുണ്ട്. രണ്ട് ഡോക്ടര്‍മാരെയും 12 നഴ്‌സുമാരെയും എട്ട് ശുചീകരണ തൊഴിലാളികളെയും മാത്രമാണിപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. 191 പേരെ നിയിക്കാന്‍ തീരുമാനിച്ചിടത്താണ് 22 പേരുമായി ആസ്പത്രി തുടങ്ങുന്നത്. ടാറ്റാ ആസ്പത്രി തുറക്കുമ്പോള്‍ മരണത്തോട് മല്ലിടുന്ന കോവിഡ് ബാധിതരെ ചികിത്സിക്കാനൊരിടം എന്നതായിരുന്ന കാസര്‍കോട്ടുകാരുടെ പ്രതീക്ഷ. എന്നാല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഇതടക്കമുള്ള ഭൗതിക സൗകര്യമൊരുക്കാന്‍ രണ്ടര കോടിയോളം രൂപ അനുവദിക്കണമെന്ന ജില്ലാ ഭരണാധികാരികളുടെ ആവശ്യത്തിനുമേല്‍ ഇതുവരെയായിട്ടും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിട്ടില്ല. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് സമാനമായ ഒരെണ്ണം കൂടി വന്നത് കൊണ്ട് എന്തുഗുണം. ജാഗ്രതാ സമിതിക്കാരും തദ്ദേശ ഭരണ സ്ഥാപനക്കാരും കെട്ടിടങ്ങള്‍ ഏറ്റെടുത്ത് കട്ടിലും കിടക്കയും ഒരുക്കിയെങ്കിലും അവിടേക്ക് കോവിഡ് ബാധിതര്‍ എത്തിയില്ല. അതിനാല്‍ ഇങ്ങനെ ഏറ്റെടുത്ത 15 കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി. ഇപ്പോള്‍ പോസിറ്റീവ് ആയവര്‍ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ആവശ്യം തന്നെ ഇല്ല. തീവ്രപരിചരണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. ഓക്‌സിജന്‍ വിതരണത്തിന് സംവിധാനമില്ല. വൈദ്യുതി, റോഡ് എന്നിവയൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. വെന്റിലേറ്റര്‍, ശീതീകരണ യന്ത്രം തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയും വേണം. 2000 കെ.വി. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള സംവിധാനത്തെപ്പറ്റിയും ഇതുവരെ ആലോചിച്ചിട്ടില്ല. ബാവിക്കരയില്‍ നിന്ന് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയെപ്പറ്റിയും ആലോചന നടത്തിയിട്ടില്ല. ആസ്പത്രിയിലെത്താന്‍ ചട്ടഞ്ചാല്‍ നോര്‍ത്തില്‍ നിന്ന് എം.ഐ.സി. കോളേജ് റോഡ് വഴി രണ്ടര കിലോമീറ്റര്‍ ചുറ്റണം. ഈ റോഡില്‍ 500 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തിട്ടുമില്ല. അതിന് പകരമായാണ് തെക്കില്‍ അമ്പട്ടയില്‍ നിന്ന് പുതിയ റോഡ് നിര്‍മ്മിച്ചത്. അതിന്റെ ടാറിംഗ് പണി പോലും തുടങ്ങിയിട്ടില്ല. കോവിഡ് ആസ്പത്രിയില്‍ 40 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 191 പേരെ നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 22 പേരെ മാത്രമാണിപ്പോള്‍ നിയമിച്ചിട്ടുള്ളത്. തെക്കിലിലെ കോവിഡ് ആസ്പത്രി എല്ലാ ഭൗതിക സാഹചര്യങ്ങളുമൊരുക്കി പൂര്‍ണ്ണ സജ്ജമായി തുറക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ടാറ്റാ ആസ്പത്രി പരിപൂര്‍ണ്ണ സജ്ജമായ രീതിയില്‍ തുറക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അനിശ്ചിത കാല നിരാഹാരത്തിനൊരുങ്ങുകയാണ്. ചില സാമൂഹിക സംഘടനാ പ്രവര്‍ത്തകരും ഇതേ ആവശ്യം ഉന്നയിച്ച് സമരത്തിനൊരുങ്ങുകയാണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കി മാറ്റിയതോടെ മറ്റ് രോഗ ചികിത്സക്ക് എത്തിക്കൊണ്ടിരിക്കുന്ന നൂറ് കണക്കിന് രോഗികള്‍ ദുരിതം പേറുകയാണ്. നീലേശ്വരത്തും മലയോര മേഖലയിലെ ആസ്പത്രിയിലേക്കും മറ്റുമാണ് കോവിഡ് ഇതര രോഗികള്‍ എത്തേണ്ടത്. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച ടാറ്റാ ആസ്പത്രി പൂര്‍ണ്ണ സജ്ജമാക്കാതെ തുറന്ന നടപടി ജില്ലയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണ്.

Related Articles
Next Story
Share it