തീവണ്ടി പരിഷ്‌കരണം സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളി

രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളെല്ലാം എക്‌സ്പ്രസ് വണ്ടികളായി മാറ്റുകയാണ്. ജനങ്ങളുടെ യാത്രാസൗകര്യത്തിനുവേണ്ടിയല്ല, മറിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. രാജ്യത്തെ 358 പാസഞ്ചര്‍ തീവണ്ടികളാണ് എക്‌സ്പ്രസുകളാവുന്നത്. ഇവയില്‍ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. കൊറോണയ്ക്ക് ശേഷം തീവണ്ടി ഗതാഗതം സാധാരണ നിലയിലാവുമ്പോഴായിരിക്കും പരിഷ്‌കാരം നിലവില്‍ വരിക. റെയില്‍വെ സ്വകാര്യ വല്‍ക്കരണത്തിന്റെ ചുവടുപിടിച്ചാണ് പാസഞ്ചറുകള്‍ ലാഭകരമല്ലെന്ന വിലയിരുത്തലുണ്ടാവുന്നത്. ഇവയെ എക്‌സ്പ്രസുകളും എക്‌സ്പ്രസുകളെ സൂപ്പര്‍ഫാസ്റ്റുകളുമാക്കാന്‍ റെയില്‍വെ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അടുത്ത സമയക്രമ പരിഷ്‌കരണം […]

രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളെല്ലാം എക്‌സ്പ്രസ് വണ്ടികളായി മാറ്റുകയാണ്. ജനങ്ങളുടെ യാത്രാസൗകര്യത്തിനുവേണ്ടിയല്ല, മറിച്ച് വരുമാനം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ്. രാജ്യത്തെ 358 പാസഞ്ചര്‍ തീവണ്ടികളാണ് എക്‌സ്പ്രസുകളാവുന്നത്. ഇവയില്‍ യാത്രാനിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. കൊറോണയ്ക്ക് ശേഷം തീവണ്ടി ഗതാഗതം സാധാരണ നിലയിലാവുമ്പോഴായിരിക്കും പരിഷ്‌കാരം നിലവില്‍ വരിക. റെയില്‍വെ സ്വകാര്യ വല്‍ക്കരണത്തിന്റെ ചുവടുപിടിച്ചാണ് പാസഞ്ചറുകള്‍ ലാഭകരമല്ലെന്ന വിലയിരുത്തലുണ്ടാവുന്നത്. ഇവയെ എക്‌സ്പ്രസുകളും എക്‌സ്പ്രസുകളെ സൂപ്പര്‍ഫാസ്റ്റുകളുമാക്കാന്‍ റെയില്‍വെ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അടുത്ത സമയക്രമ പരിഷ്‌കരണം മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം. ജുലായിലാണ് പുതിയ ട്രെയിന്‍ ടൈം ടേബിള്‍ നിലവില്‍ വരേണ്ടിയിരിക്കുന്നത്. എന്നാല്‍ കോവിഡ് കാരണം നടപ്പായില്ല. ഇപ്പോള്‍ ഓടുന്നതെല്ലാം സ്‌പെഷ്യല്‍ തീവണ്ടികളാണ്. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളാവുമ്പോള്‍ ചാര്‍ജ്ജ് വര്‍ധന സാധാരണ യാത്രക്കാരെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക. പാസഞ്ചറിലെ നിലവിലുള്ള കുറഞ്ഞ യാത്രാ നിരക്ക് 10 രൂപയാണ്. എക്‌സ്പ്രസുകളായി മാറുമ്പോള്‍ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളില്‍ സ്ലീപ്പര്‍ എസിയും ഉള്‍പ്പെടെയുള്ള കോച്ചുകള്‍ വരും. മലബാര്‍ മേഖലയിലൂടെ ഓടുന്ന അഞ്ച് ദീര്‍ഘദൂര പാസഞ്ചറുകളാണ് എക്‌സ്പ്രസുകളാവുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കോയമ്പത്തൂര്‍-മംഗളൂരു, കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറുകള്‍ ഇല്ലാതാവുന്നതാണ് വലിയ തിരിച്ചടി. കോയമ്പത്തൂര്‍ വരെയുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും ഇതുവരെ ചുരുങ്ങിയ ചെലവില്‍ യാത്രക്കാര്‍ക്ക് പോകാന്‍ പറ്റുമായിരുന്നു. അതാണ് പുതിയ പരിഷ്‌കാരത്തോടെ ഇല്ലാതാവുന്നത്. വര്‍ഷങ്ങളോളമായി ജനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്തിരുന്ന പാസഞ്ചറുകളാണ് സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമാവുന്നത്. തീവണ്ടി സര്‍വ്വീസുകള്‍ നടത്തുന്നത് ലാഭം മാത്രം മുന്നില്‍ കണ്ടല്ല. ജനങ്ങളുടെ, പ്രത്യേകിച്ച് സാധാരണ ജനങ്ങളുടെ യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ്. ഇപ്പോള്‍ നടത്തുന്ന നീക്കം അവരുടെ മൗലിക അവകാശത്തിന്റെ ലംഘനം കൂടിയാണ്. പാസഞ്ചറുകള്‍ക്ക് പകരമായി മെമു വണ്ടികള്‍ ഏര്‍പ്പെടുത്താനുള്ള നടപടി ഉണ്ടായാല്‍ ജനങ്ങള്‍ക്ക് അത് ഉപകാരപ്രദമാവും. മറ്റ് സംസ്ഥാനങ്ങളിലും തെക്കല്‍ കേരളത്തിലുമൊക്കെ മെമു വണ്ടികള്‍ ഓടുന്നുണ്ട്. ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സര്‍വ്വീസ് നടത്തുന്നവയാണ് ഇവ. മൂന്നോ നാലോ ബോഗികള്‍ ഉള്ള തീവണ്ടിയില്‍ ചുരുങ്ങിയ യാത്രാ ചാര്‍ജ് ഏര്‍പ്പെടുത്താനും കഴിയണം. ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും ഇവയ്ക്ക് സ്റ്റോപ്പ് നല്‍കിയാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാവും.
മെമുവണ്ടികള്‍ ഇതുവരെ അനുവദിക്കാതിരുന്നത് ലൈനുകള്‍ വൈദ്യുതീകരിക്കുന്നതുകൊണ്ടായിരുന്നുവെന്നാണ് റെയില്‍വെ പറഞ്ഞിരുന്നത്. എന്നാല്‍ ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള ലൈനില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിട്ട് നാളുകള്‍ ഏറെ കഴിഞ്ഞു. ഇനിയിപ്പോള്‍ ആ സാങ്കേതിക പ്രശ്‌നം നിലനില്‍ക്കുന്നില്ല. പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറുന്ന മുറയ്ക്ക് മെമു വണ്ടികള്‍ അനുവദിക്കാനുള്ള നീക്കം ഉണ്ടാവണം. അതിന് ജനപ്രതിനിധികളില്‍ നിന്നാണ് ശക്തമായ സമ്മര്‍ദ്ദമുണ്ടാവേണ്ടിയിരിക്കുന്നത്.

Related Articles
Next Story
Share it