മാനദണ്ഡങ്ങള്‍ പാലിച്ചുവേണം പ്രചാരണം

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നുതുടങ്ങി. തിരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഡിസംബര്‍ 11ന് മുമ്പ് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. അത് കൊണ്ട് അതിന് ഏതാനും ദിവസം മുമ്പെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും. അന്ന് മുതല്‍ ഒരു മാസത്തേക്ക് ഉദ്യോഗസ്ഥ ഭരണം വേണ്ടി വരും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തൊട്ട് ഫല പ്രഖ്യാപനം വരെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും കോവിഡ് […]

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നുതുടങ്ങി. തിരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ കഴിഞ്ഞ ദിവസം ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഡിസംബര്‍ 11ന് മുമ്പ് പുതിയ ഭരണ സമിതികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. അത് കൊണ്ട് അതിന് ഏതാനും ദിവസം മുമ്പെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവിലെ ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11ന് അവസാനിക്കും. അന്ന് മുതല്‍ ഒരു മാസത്തേക്ക് ഉദ്യോഗസ്ഥ ഭരണം വേണ്ടി വരും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തൊട്ട് ഫല പ്രഖ്യാപനം വരെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആക്കണമെന്നും ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം എന്നിവ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിയോ നിര്‍ദ്ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടരുത്. വോട്ടെടുപ്പിന് ബൂത്തില്‍ സാമൂഹിക അകലം പാലിച്ച് ഒരു സമയം മൂന്ന് പേര്‍ക്ക് മാത്രമേ ബൂത്തില്‍ പ്രവേശനമുണ്ടാവു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പണക്കൊഴുപ്പ് കാട്ടാനുള്ള വഴികളടക്കുന്നത് കൂടിയാണ് മാര്‍ഗരേഖ. വോട്ടര്‍മാര്‍ക്കും മാര്‍ഗരേഖയുണ്ട്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. കോവിഡ് പോസറ്റീവായവര്‍ക്കും തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്കും തപാല്‍വോട്ട് അനുവദിക്കും. സ്ഥാനാര്‍ത്ഥി കോവിഡ് പോസറ്റീവാണെങ്കിലോ ക്വാറന്റൈനിലാണെങ്കിലോ നിര്‍ദ്ദേശകന്‍ മുഖേന പത്രിക നല്‍കാം. സ്ഥാനാര്‍ത്ഥികള്‍ക്ക് മാല, ബൊക്കെ, നോട്ടുമാല, ഷാള്‍ തുടങ്ങിയവ നല്‍കി സ്വീകരിക്കാന്‍ പാടില്ല. വീടുകളില്‍ വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് മാത്രമേ പോകാന്‍ അനുമതിയുള്ളു. റോഡ് ഷോക്കും റാലിക്കും പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രമെ പാടുള്ളു. പൊതു യോഗങ്ങള്‍ക്കും കുടുംബയോഗങ്ങള്‍ക്കും പൊലീസിന്റെ മുന്‍കൂര്‍ അനുമതി വേണം. വോട്ടര്‍മാര്‍ ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. നിബന്ധനകള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. അണികളെയും പറഞ്ഞ് ബോധ്യപ്പെടുത്തണം. തിരഞ്ഞെടുപ്പിനുള്ള പണച്ചെലവും ധൂര്‍ത്തും പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പായിരിക്കണം ഇത്തവണത്തേത്. ജോലിയും വരുമാനവും ഇല്ലാതെ ജനങ്ങള്‍ ഉഴലുകയാണ്. അതിനിടയില്‍ പിരിവിന്റെ പേരില്‍ അവരെ ഞെക്കിപ്പിഴിയുന്നതും അവസാനിപ്പിക്കണം. നിബന്ധനാപൂര്‍വ്വമുള്ള ഒരു പണപ്പിരിവും അനുവദിക്കരുത്. തിരഞ്ഞെടുപ്പിന് ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചെലവഴിക്കാനുള്ള തുക നിശ്ചയിച്ചിട്ടുണ്ട്. പലപ്പോഴും അതൊക്കെ രേഖകളില്‍ മാത്രമാകും. നിര്‍ദ്ദേശിച്ച തുകയുടെ ഇരട്ടിയോ അതിലപ്പുറമോ ആയിരിക്കും ചെലവാക്കുന്നത്. ഇതിനൊക്കെ പുറമെയാണ് കണക്കില്‍ പെടാത്ത പണവും ഒഴുക്കുന്നത്. ഇതിനൊക്കെ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവണം. സാമ്പത്തികമായി എല്ലാവരും തളര്‍ന്നിരിക്കുന്ന സമയമാണ്. അതു കൊണ്ട് തന്നെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള ഒരു പ്രചാരണവും പണം വാരിയെറിയുന്നതും കര്‍ശനമായി നിയന്ത്രിക്കാനാവണം.

Related Articles
Next Story
Share it