വിമാനക്കമ്പനികളുടെ കൊള്ള

വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്തുകാലമാണ്. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതാനും കമ്പനികള്‍ തുടങ്ങിയപ്പോള്‍ തീവെട്ടിക്കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ സീസണ്‍ സമയങ്ങളിലാണ് യാത്രക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്. ഇപ്പോള്‍ കൊറോണയെന്ന മഹാമാരിയില്‍ അകപ്പെട്ടു പോയവരെയാണ് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് നാട്ടിലേക്കെത്തിയ പ്രവാസികള്‍ക്ക് മടക്കയാത്രയാണ് പേടിപ്പെടുത്തുന്നതായിക്കൊണ്ടിരിക്കുന്നത്. സീസണ്‍ കാലത്തു പോലും ഇത്രയും വലിയ ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നില്ല. ബഹ്‌റൈന്‍, ഖത്തര്‍ യാത്രക്കാണ് വലിയ പിടിച്ചുപറി നടത്തുന്നത്. 42,000 മുതല്‍ 60,000 രൂപ വരെയാണ് ഇപ്പോള്‍ ചില സെക്ടറുകളിലെ […]

വിമാനക്കമ്പനികള്‍ക്ക് ഇത് കൊയ്തുകാലമാണ്. കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ ഏതാനും കമ്പനികള്‍ തുടങ്ങിയപ്പോള്‍ തീവെട്ടിക്കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ സീസണ്‍ സമയങ്ങളിലാണ് യാത്രക്കാരെ ചൂഷണം ചെയ്ത് ലാഭം കൊയ്തിരുന്നത്. ഇപ്പോള്‍ കൊറോണയെന്ന മഹാമാരിയില്‍ അകപ്പെട്ടു പോയവരെയാണ് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് നാട്ടിലേക്കെത്തിയ പ്രവാസികള്‍ക്ക് മടക്കയാത്രയാണ് പേടിപ്പെടുത്തുന്നതായിക്കൊണ്ടിരിക്കുന്നത്. സീസണ്‍ കാലത്തു പോലും ഇത്രയും വലിയ ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ ഈടാക്കിയിരുന്നില്ല. ബഹ്‌റൈന്‍, ഖത്തര്‍ യാത്രക്കാണ് വലിയ പിടിച്ചുപറി നടത്തുന്നത്. 42,000 മുതല്‍ 60,000 രൂപ വരെയാണ് ഇപ്പോള്‍ ചില സെക്ടറുകളിലെ യാത്രാനിരക്ക്. വന്ദേഭാരത് മിഷന്‍ വഴി എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ പരിമിതമായ തോതില്‍ ചില രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതില്‍ കൃത്യതയില്ലാത്തതിനാല്‍ മറ്റു വിമാനക്കമ്പനികളെയാണ് പലരും ആശ്രയിക്കുന്നത്. നാട്ടിലെത്തിയ പലര്‍ക്കും നിശ്ചിത തിയതിക്കുള്ളില്‍ തിരിച്ച് ഗള്‍ഫില്‍ എത്തിയില്ലെങ്കില്‍ ജോലിയോ വിസയോ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇത് കാരണം എത്ര വിലകൊടുത്തും ടിക്കറ്റ് വാങ്ങാന്‍ എല്ലാവരും നിര്‍ബന്ധിതരാവുകയാണ്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ ഓരോ മാസത്തേയും ഷെഡ്യുള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ചില സെക്ടറുകളിലെ സര്‍വ്വീസുകള്‍ കൃത്യമായി നടത്തുന്നില്ല. ഇവ കാരണമാണ് പലരും മറ്റ് വിമാനക്കമ്പനികളെ ആശ്രയിക്കുന്നത്. ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് കിട്ടാന്‍ വേറെയും കടമ്പകളുണ്ട്. ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഇവിടെ നിര്‍ബന്ധമാണ്. ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിക്കുന്ന സ്ഥലത്തിന്റെ വാടക ഉള്‍പ്പെടെയുള്ള പാക്കേജായാണ് ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. നേരത്തെ 14 ദിവസത്തെ ക്വാറന്റൈന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ഒരാഴ്ചയായി കുറച്ചു എന്നത് മാത്രമാണ് ആശ്വാസം. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനസര്‍വ്വീസ് ആരംഭിച്ചിട്ടില്ല. അതിനാല്‍ യു.എ.ഇ വഴിയോ ബഹ്‌റൈന്‍ വഴിയോ ആണ് സൗദിയിലേക്കും മറ്റും പോകുന്നത്. യു.എ.ഇ.യിലെ ക്വാറന്റൈന്‍ കാലത്തെ ചാര്‍ജ് കൂടിയാവുമ്പോള്‍ ചെലവ് പിന്നെയും കൂടും. യു.എ.ഇ.യില്‍ നിന്ന് കുവൈത്തിലേക്ക് ഒന്നര മണിക്കൂര്‍ മതിയെങ്കിലും 58,000 രൂപ വരെയാണ് വിമാനടിക്കറ്റ് നിരക്ക്. എല്ലാ വിമാനത്താവളങ്ങളിലും പി.സി.ആര്‍ ടെസ്റ്റ് പരിശോധന നിര്‍ബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് നാട്ടില്‍ നിന്ന് വേണം പി.സി.ആര്‍ പരിശോധന. ഇതിന്റെയെല്ലാം ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. കോവിഡിന് മുമ്പ് കരിപ്പൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യാ ഈടാക്കിയിരുന്നത് 8000 മുതല്‍ 18,000 രൂപ വരെയായിരുന്നു. അതിനിപ്പോള്‍ 38,000 രൂപ നല്‍കണം. ഇതേ റൂട്ടില്‍ ഗള്‍ഫ് എയര്‍ 53,000 മുതല്‍ 75000 രൂപ വരെ ഈടാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊണ്ടു വന്ന എയര്‍ ബബിള്‍ എഗ്രിമെന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണകരമാംവിധം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്രമാണ് അതിനുള്ള നടപടി സ്വീകരിക്കേണ്ടത്. വിമാനക്കമ്പനികളുടെ കൊള്ള തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം.

Related Articles
Next Story
Share it