തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കയാണ്. കോവിഡ് മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങളും വിശദമായ മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. സംവരണ വാര്‍ഡുകളെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് എല്ലാ ജില്ലകളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. അന്തിമ വോട്ടര്‍ പട്ടികയും തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ […]

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറില്‍ തന്നെ നടക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കയാണ്. കോവിഡ് മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് നീട്ടി വെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ച് തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങളും വിശദമായ മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. സംവരണ വാര്‍ഡുകളെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് എല്ലാ ജില്ലകളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. അന്തിമ വോട്ടര്‍ പട്ടികയും തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കും. കൂടുതല്‍ വോട്ടര്‍മാരുള്ള വാര്‍ഡുകളില്‍ പുതിയ ബൂത്തുകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് ജാഗ്രത പാലിച്ചുകൊണ്ട് മാത്രമായിരിക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങളും മറ്റ് പ്രവര്‍ത്തനവും. നവംബര്‍ 11നാണ് മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള ഭരണസമിതികളുടെ കാലാവധി അവസാനിക്കുക. എന്നാല്‍ ഇതിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാവില്ല. കുറച്ച് ദിവസത്തേക്കെങ്കിലും ഉദ്യോഗസ്ഥ നേതൃത്വത്തിലുള്ള ഭരണമാണ് ഉണ്ടാവുക. ഇതൊഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മാര്‍ഗരേഖയില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് മാര്‍ഗരേഖക്ക് അന്തിമരൂപം നല്‍കിയിരിക്കുന്നത്. കേരള ചരിത്രത്തില്‍ തന്നെ ഏറെ പുതുമകളും പരിമിതികളും പ്രകടമാകുന്ന ഒരു തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വിളിച്ച യോഗത്തില്‍ ബി.ജെ.പി. ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടരുതെന്ന തീരുമാനമാണ് സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും കൈക്കൊണ്ടത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നീക്കം ആരംഭിക്കും. അനൗദ്യോഗിക ചര്‍ച്ചകള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമ്പോള്‍ യോഗ്യതയുള്ളവരെ വേണം നിശ്ചയിക്കാന്‍. നാടിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുന്നവരെ വേണം മത്സരിപ്പിക്കാന്‍. പലരും ഇപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നി രംഗത്തിറങ്ങിക്കഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും നടത്തി പേരുദോഷമുണ്ടാക്കിയവരെ ഒരു തരത്തിലും സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ പോലും വരരുത്. അത് പോലെ തന്നെ ക്രിമനല്‍ പശ്ചാത്തലമുള്ളവരും ഉണ്ടാവരുത്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ അമിത രാഷ്ട്രീയത്തിനുപരിയായി നാട്ടില്‍ അംഗീകാരമുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കി അവരെ വിജയിപ്പിക്കുന്നതിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായിരിക്കണം കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടത്. രണ്ടും മൂന്നും തവണ മത്സരിച്ച് ജയിച്ചവരും 70 പിന്നിട്ടവരും മാറി നിന്ന് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. വനിതാ സംവരണം നിലനില്‍ക്കുന്നതിനാല്‍ ജനറല്‍ സീറ്റില്‍ വനിതകള്‍ മത്സരിക്കുന്നതും ഒഴിവാക്കാം. എന്തായാലും നാടിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ക്ക് മാത്രമായിരിക്കണം പ്രഥമ പരിഗണന.

Related Articles
Next Story
Share it