റേഷന്‍ ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക്; കര്‍ശന നടപടി വേണം

കൊറോണ തുടങ്ങിയ ശേഷം റേഷന്‍ കടകള്‍ വഴി സൗജന്യമായും അല്ലാതെയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഭാഗം ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നുവെന്നതിന് തെളിവാണ് കണ്ണൂര്‍ കേളകത്തെ സംഭവം ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേടിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത റേഷന്‍ കടയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടായിരുന്നു. അരിക്ക് പകരം ചിപ്ലിപ്പൊടി നിറച്ച 17 ചാക്കുകളാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ചുങ്കക്കുന്നിലെ 87-ാം നമ്പര്‍ റേഷന്‍ കടയില്‍ കണ്ടെത്തിയത്. ആകെ […]

കൊറോണ തുടങ്ങിയ ശേഷം റേഷന്‍ കടകള്‍ വഴി സൗജന്യമായും അല്ലാതെയും അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എത്തിച്ചു നല്‍കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഭാഗം ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നുവെന്നതിന് തെളിവാണ് കണ്ണൂര്‍ കേളകത്തെ സംഭവം ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേടിനെ തുടര്‍ന്ന് ലൈസന്‍സ് സസ്‌പെന്റ് ചെയ്ത റേഷന്‍ കടയില്‍ നടത്തിയ തുടര്‍ പരിശോധനയില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടായിരുന്നു. അരിക്ക് പകരം ചിപ്ലിപ്പൊടി നിറച്ച 17 ചാക്കുകളാണ് കൊട്ടിയൂര്‍ പഞ്ചായത്ത് ചുങ്കക്കുന്നിലെ 87-ാം നമ്പര്‍ റേഷന്‍ കടയില്‍ കണ്ടെത്തിയത്.
ആകെ 38 ക്വിന്റല്‍ സാധനങ്ങളുടെ കുറവ് കണ്ടെത്തി. 28 ക്വിന്റല്‍ അരി, ഏഴ് ക്വിന്റല്‍ ഗോതമ്പ്, മൂന്ന് ക്വിന്റല്‍ ആട്ട എന്നിങ്ങനെയാണ് ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ കുറവ് കണ്ടെത്തിയത്. ഒക്‌ടോബര്‍ 15ന് താലൂക്ക് സിവില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഈ റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കട സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് മറ്റൊരാളെ റേഷന്‍ കടയുടെ ചുമതലയേല്‍പ്പിച്ചു. ഇയാള്‍ കണക്കെടുപ്പ് നടത്തുന്നതിനിടെ സംശയം തോന്നി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസറെ വിവരമറിയിച്ചു. തുടര്‍ന്ന് ചുമട്ടു തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ചിപ്ലിപ്പൊടി നിറച്ച ചാക്കുകള്‍ കണ്ടെത്തിയത്. രണ്ട് മുറികളിലായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. അരിച്ചാക്കുകള്‍ക്കിടയില്‍ ഈ ചാക്കുകളും വെച്ച് അടുക്കിയ നിലയിലായിരുന്നു. ഇയാളുടെ പേരില്‍ അവശ്യ സാധന നിയപ്രകാരം നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. തൊഴിലും കൂലിയുമൊന്നുമില്ലാതെ നരകിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ മൂന്നുനേരം പട്ടിണി കൂടാതെ കഴിയുന്നത് റേഷന്‍ ലഭിക്കുന്നത് കൊണ്ടാണ്. അതില്‍ പാറ്റ വീഴ്ത്താനുള്ള ചിലരുടെ ശ്രമം കണ്ടെത്താനും അത്തരക്കാരെ പിടികൂടാനും ശക്തമായ നടപടി വേണം.
മുമ്പ് മാന്വല്‍ സംവിധാനം വഴിയുമാണ് റേഷന്‍ വിതരണം ചെയ്തിരുന്നത്. ഇത് ക്രമക്കേടുകള്‍ക്ക് കാരണമാകുന്നുവെന്നതിനാലാണ് ഇ-പോസ് സംവിധാനത്തിലേക്ക് മാറിയത്. ഇതിലും വിള്ളലുണ്ടാവുമെന്നതിന് തെളിവാണ് കണ്ണൂര്‍ കേളകത്തെ റേഷന്‍ ക്രമക്കേട് തെളിയിക്കുന്നത്. റേഷന്‍ കാര്‍ഡിലുള്ളവരില്‍ ഒരാളുടെ ഫിംഗര്‍ പ്രിന്റ് ഇ-പോസ് മെഷീനില്‍ പതിച്ചാല്‍ മാത്രമേ റേഷന്‍ വാങ്ങാനാവു. ഇ-പോസ് സംവിധാനത്തിലെ പാളിച്ചകള്‍ മുതലെടുത്താണ് പലരും തട്ടിപ്പ് തുടരുന്നത്. ഇ-പോസ് സംവിധാനം ചിലപ്പോള്‍ തകരുകയും പഴയ മാന്വലിലേക്ക് തന്നെ മാറാനും നിര്‍ദ്ദേശം നല്‍കാറുണ്ട്. ഈ സമയത്താണ് കൂടുതല്‍ ക്രമക്കേടുകള്‍ ഉണ്ടാവുന്നത്. ഇവിടെ നിന്ന് റേഷന്‍ വാങ്ങാത്ത എല്ലാവരുടെയും വിഹിതമാണ് വാങ്ങിയതായി കാണിച്ച് മറിച്ച് വില്‍ക്കുന്നത്.
റേഷന്‍ ഏത് റേഷന്‍ കടയില്‍ നിന്നും വാങ്ങാനാവുമെന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകരിക്കുന്നതാണ്. ഇത്തരം സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടും റേഷന്‍ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ സാധിക്കുന്നില്ല എന്നത് വലിയ പ്രശ്‌നം തന്നെയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട റേഷന്‍ മറിച്ചു വില്‍ക്കുന്നത് തടയുക തന്നെ വേണം.

Related Articles
Next Story
Share it