കവര്‍ച്ചാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുടെ മറവില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ കവര്‍ച്ചകള്‍ പെരുകുകയാണ്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. വീട് പൂട്ടി കുടുംബാംഗങ്ങള്‍ എവിടെയെങ്കിലും പോകുന്ന സമയം നോക്കി ഇറങ്ങുന്ന മോഷ്ടാക്കള്‍ പലയിടങ്ങളിലുമുണ്ട്. കുടുംബം കുറച്ചുദിവസം വീട് വിട്ടുനില്‍ക്കുമ്പോള്‍ രാത്രിയില്‍ എത്തി പൂട്ട് പൊളിച്ച് മോഷണം നടത്തുകയാണ് ചെയ്യുന്നത്. വീട് പൂട്ടി പോകുമ്പോള്‍ ചില കുടുംബങ്ങള്‍ സ്വര്‍ണ്ണവും പണവും കൊണ്ടുപോകാറുണ്ട്. മറ്റു ചില കുടുംബങ്ങള്‍ വീട് പൂട്ടി പോയാലും സ്വര്‍ണ്ണവും […]

തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയുടെ മറവില്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ കവര്‍ച്ചകള്‍ പെരുകുകയാണ്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണങ്ങളാണ് വര്‍ധിച്ചിരിക്കുന്നത്. വീട് പൂട്ടി കുടുംബാംഗങ്ങള്‍ എവിടെയെങ്കിലും പോകുന്ന സമയം നോക്കി ഇറങ്ങുന്ന മോഷ്ടാക്കള്‍ പലയിടങ്ങളിലുമുണ്ട്. കുടുംബം കുറച്ചുദിവസം വീട് വിട്ടുനില്‍ക്കുമ്പോള്‍ രാത്രിയില്‍ എത്തി പൂട്ട് പൊളിച്ച് മോഷണം നടത്തുകയാണ് ചെയ്യുന്നത്. വീട് പൂട്ടി പോകുമ്പോള്‍ ചില കുടുംബങ്ങള്‍ സ്വര്‍ണ്ണവും പണവും കൊണ്ടുപോകാറുണ്ട്. മറ്റു ചില കുടുംബങ്ങള്‍ വീട് പൂട്ടി പോയാലും സ്വര്‍ണ്ണവും പണവും അലമാരയില്‍ സൂക്ഷിക്കും. ഇത് മനസിലാക്കുന്ന മോഷ്ടാക്കള്‍ അടുത്ത് മറ്റ് വീടുകളിലുണ്ടെങ്കില്‍ രാത്രിയിലും വിജനമായ സ്ഥലത്താണെങ്കില്‍ പകലും മോഷണത്തിനെത്തുന്നു. രാത്രിയില്‍ ശക്തമായ മഴയുള്ള സമയത്താണ് കൂടുതല്‍ മോഷ്ടാക്കളും വീടുകളില്‍ കവര്‍ച്ച നടത്താനിറങ്ങുന്നത്. വീട്ടുകാര്‍ അകത്തുണ്ടെങ്കില്‍ പോലും പ്രൊഫഷണല്‍ കള്ളന്‍മാര്‍ക്ക് അതൊന്നും വിഷയമല്ല. മഴയുള്ള നേരത്ത് വാതില്‍പൂട്ട് തകര്‍ക്കുന്നത് വീട്ടുകാര്‍ കേള്‍ക്കില്ലെന്നത് ഇവര്‍ക്ക് ഒരു സൗകര്യമാണ്. കുടുംബാംഗങ്ങള്‍ ഉറങ്ങുമ്പോള്‍ ശബ്ദമുണ്ടാക്കാതെ മുറിക്കകത്ത് കയറി അലമാരയില്‍ നിന്ന് സ്വര്‍ണ്ണവും പണവുമൊക്കെ മോഷ്ടിച്ച് കടന്നുകളയാന്‍ വിദഗ്ധരായവര്‍ ഏറെയാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ജാഗ്രതക്കുറവ് സ്വര്‍ണ്ണവും പണവും മോഷണം പോകുന്നതിന് കാരണമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കുന്നതിന് പകരം വീടുകളില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. വിവാഹചടങ്ങുകള്‍ക്കും മറ്റും പോകുമ്പോള്‍ തങ്ങള്‍ക്ക് ഒരുപാട് സ്വര്‍ണ്ണമുണ്ടെന്ന് ആളുകളെ കാണിക്കാന്‍ വേണ്ടി ശരീരം നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് പ്രദര്‍ശിപ്പിച്ച് നടക്കാന്‍ ചില സ്ത്രീകള്‍ക്ക് പ്രത്യേക താല്‍പ്പര്യമാണ്. ഇത്തരം സ്ത്രീകളെ മോഷ്ടാക്കള്‍ നിരീക്ഷിക്കുകയും അവര്‍ താമസിക്കുന്ന വീടുകള്‍ കണ്ടുപിടിക്കുകയും ചെയ്യും. സ്വര്‍ണ്ണം ഈ വീടുകളിലെ അലമാരകളില്‍ നിന്ന് തന്ത്രപൂര്‍വം കൈക്കലാക്കുകയും ചെയ്യും. അതുകൊണ്ട് കൂടുതല്‍ ആഭരണങ്ങള്‍ അണിഞ്ഞ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ബുദ്ധിശൂന്യമാണ്. വിലപിടിപ്പുള്ള ആഭരണങ്ങള്‍ അണിഞ്ഞുനടക്കുന്ന സ്ത്രീകളെ വഴിയില്‍ തടഞ്ഞ് അക്രമിച്ച് സ്വര്‍ണ്ണവുമായി മുങ്ങുന്ന സംഘങ്ങളും സജീവമാണ്. അതുകൊണ്ട് സ്വര്‍ണ്ണാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കിയിട്ടായിരിക്കണം. ജില്ലയിലെ നഗരഭാഗങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളില്‍ കവര്‍ച്ച പെരുകുകയാണ്. നിരന്തരമായ മോഷണങ്ങള്‍ വ്യാപാരികള്‍ക്ക് തലവേദനയാകുന്നുണ്ട്. പല നഗരങ്ങളിലും രാത്രികാലങ്ങളില്‍ പൊലീസ് നിരീക്ഷണം ഉണ്ടാകാറില്ല. സി.സി.ടി.വി ക്യാമറകള്‍ ഉണ്ടാകുമെങ്കിലും മിക്കതും കേടായിരിക്കും. അതുകൊണ്ട് തന്നെ മോഷ്ടാക്കളെ തിരിച്ചറിയാനും സാധിക്കാറില്ല.
മോഷ്ടാക്കളുടെ ശല്യം ഏറെയുള്ള പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. മോഷണക്കേസില്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് ഇറങ്ങുന്നവരും റിമാണ്ടിലായ ശേഷം ജാമ്യത്തിലിറങ്ങുന്നവരും വീണ്ടും മോഷണങ്ങളില്‍ സജീവമാകുന്നുണ്ട്. തെളിയിക്കപ്പെടാത്ത മോഷണക്കേസുകളും ഏറെയാണ്. കവര്‍ച്ചക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നത് കൂടാതെ പൊതുജനങ്ങളുടെ സഹകരണം കൂടി ഇക്കാര്യത്തില്‍ ആവശ്യമാണ്.

Related Articles
Next Story
Share it